ചില സിനിമകളെ പ്രേക്ഷകരെ രസിപ്പിക്കാറുണ്ട്, ചിലത് കരയിപ്പിക്കാറുണ്ട്, ചിലത് കൊതിപ്പിക്കാറുണ്ട്. ഇവയെല്ലാം ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പ്രേക്ഷകന് എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒരു സിനിമാ അനുഭവം തന്നെയായിരിക്കും അത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ അത്തരത്തില്‍ ഒരു സിനിമയാണ്. ഓരോ നിമിഷവും സിനിമയിലേക്ക് പ്രേക്ഷകനെ വലിക്കുന്ന ഒരു മാജിക്ക് ഉള്ള സിനിമ.
മട്ടാഞ്ചേരിയിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറവ പറയുന്നത്. പറവ പറത്തല്‍ മത്സരത്തിനായി തങ്ങളുടെ പ്രാവുകളെ ഒരുക്കി കൊണ്ടിരിക്കുന്ന രണ്ട് കുട്ടികളിലൂടെ തുടങ്ങുന്ന സിനിമ അവരുടെ ചുറ്റുപാടിന്‍റെ സൌഹൃദവും പ്രണയവും നൊമ്പരവുമെല്ലാം പങ്കുവെക്കുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തെ വെച്ചാണ് ചിത്രം മാര്‍ക്കറ്റ് ചെയ്തിരിക്കുന്നതെങ്കിലും ഒരു താരത്തിന്‍റെയും സിനിമയായി പറവയെ പറയാന്‍ കഴിയില്ല. പ്രധാന വേഷത്തില്‍ എത്തുന്നത് രണ്ട് കുട്ടികളാണ്. എന്നാല്‍ ദുല്‍ഖറിന്‍റെ താരമൂല്യം തന്നെയാണ് പറവയെ ആകര്‍ഷിപ്പിക്കുന്നതും. മുഴുനീള വേഷത്തില്‍ എത്തുന്ന സിനിമകളിലേക്കാള്‍ ഒരുപക്ഷേ ഈ ചിത്രത്തിലെ ദുല്‍ഖറിനെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടും.
സൗബിന്‍ ഷാഹിറിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സൗബിനും പുതുമുഖമായ മുനീര്‍ അലിയും ചേര്‍ന്നാണ്. ഒരു പ്രദേശത്തിന്‍റെ മൊത്തം ഭംഗിയും തിരക്കഥയില്‍ ഒരുക്കിയിട്ടുണ്ട്. സ്കൂളും ക്ലാസ് മുറിയും വീടും പ്രാവുകളും ക്ലബ്ബും എല്ലാം നമുക്ക് ചുറ്റുമുള്ളത് പോലെ തോന്നിപ്പിക്കുന്നുണ്ട്. നമ്മളും അവരില്‍ ഒരാളായത് പോലെ.
മുറുക്കമുള്ള തിരക്കഥയെ കൂടുതല്‍ കെട്ടുറപ്പുള്ളത് ആക്കുന്നതാണ് സൗബിന്‍ ഷാഹിറിന്‍റെ സംവിധാനം. താരങ്ങള്‍ക്ക് പ്രധാന്യം നല്‍കാതെ കഥയ്ക്ക് വേണ്ടി അവരെ ഒരുക്കിയിരിക്കുകയാണ് സൗബിന്‍ ഷാഹിര്‍ ആദ്യ ചിത്രത്തില്‍ തന്നെ.
പറവയിലെ നായകന്മാരായ രണ്ട് കുട്ടികള്‍, ദുല്‍ഖര്‍, സിദ്ധിക്ക്, ഷെയിന്‍ നിഗം, അര്‍ജുന്‍ അശോകന്‍, ഹരിശ്രീ അശോകന്‍, ആഷിക്ക് അബു, ശ്രിന്ദ, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ലിറ്റില്‍ സ്വയംപിന്‍റെ ക്യാമറയും റെക്സ് വിജയന്‍റെ സംഗീതവും പ്രവീണ്‍ പ്രഭാകറിന്‍റെ എഡിറ്റിങ്ങുമെല്ലാം സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.
വ്യത്യസ്ഥമായ സിനിമകള്‍ ഈയടുത്തായി മലയാള സിനിമ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. നല്ല ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വലിയ വിജയവുമായി മാറുന്നുമുണ്ട്. ആ കൂട്ടത്തിലേക്ക് തന്നെയാണ് പറവയുടെ പറക്കലും.