
ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത ഒറ്റക്കൊരു കാമുകൻ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്. അജിൻ ലാൽ , ജയൻ വന്നേരി എന്നീ നവാഗതർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്. എസ് കെ സുധീഷ്, ശ്രീഷ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ഡാസ്ലിങ് മൂവി ലാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രിൻസ് ഗ്ലെറിയൻസ്, സാജൻ യശോധരൻ, അനൂപ് ചന്ദ്രൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇറോസ് ഇന്റർനാഷണൽ കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രത്തിൽ ജോജു ജോർജ്, ഷൈൻ ടോം ചാക്കോ, ശാലു റഹിം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.
മൂന്ന് വ്യത്യസ്ത പ്രണയങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണ് ഒറ്റക്കൊരു കാമുകൻ. ആ പ്രണയങ്ങൾ വളരെ രസകരമായും മനോഹരമായും സംവിധായകർ നമ്മുടെ മുന്നിൽ അവതരിപ്പിച്ചിട്ടും ഉണ്ട്. പ്രണയം ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില സംഭവ വികാസങ്ങൾ ആണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. വളരെ എന്റർടൈനിംഗ് ആയും അതോടൊപ്പം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന രീതിയിലും ഈ ചിത്രമൊരുക്കാൻ നവാഗത സംവിധായകരായ അജിൻ ലാൽ, ജയൻ വന്നേരി എന്നിവർക്ക് സാധിച്ചു. പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ വിനോദ ഘടകങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയതിന് ഒപ്പം തന്നെ ഒരു ക്ലാസ് ടച്ചോടു കൂടിയും അവർക്കീ ചിത്രം അവതരിപ്പിക്കാൻ കഴിഞ്ഞു. എസ് കെ സുധീഷ്, ശ്രീഷ് കുമാർ എന്നെ രചയിതാക്കളെ ഈ കാര്യത്തിൽ അഭിനന്ദിച്ചേ മതിയാവു. വളരെ വിശ്വസനീയമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും കഥാപാത്ര രൂപീകരണം നടത്തുന്നതിലും അവർ വിജയിച്ചിട്ടുണ്ട്. ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച കഥാ സന്ദർഭങ്ങളോടൊപ്പം വൈകാരിക തീവ്രതയുള്ള രംഗങ്ങളും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടി.

ജോസഫിലെ ഞെട്ടിക്കുന്ന പ്രകടനത്തിന് ശേഷം ജോജു ജോർജ് വളരെ വ്യത്യസ്തമായ മറ്റൊരു പ്രകടനം കൊണ്ട് ഈ ചിത്രത്തിലൂടെ നമ്മുടെ മനസ്സ് കീഴടക്കി. ഒരു നടൻ എന്ന നിലയിലുള്ള തന്റെ അപാരമായ റേഞ്ച് ജോജു രണ്ടു വെള്ളിയാഴ്ച കൊണ്ട് നമുക്ക് കാണിച്ചു തന്നു എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. അത്ര മികവുറ്റ രീതിയിൽ തന്നെ അദ്ദേഹം തന്റെ കഥാപാത്രത്തിന് ജീവൻ നൽകി. മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോ, ശാലു റഹിം, ഭഗത് മാനുവൽ, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ഡൈൻ, ഷഹീൻ സിദ്ദിഖ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, മനു എം ലാൽ, റ്റോഷ്, ശ്രീജിത്ത്, സഞ്ജയ് പാൽ, അരുന്ധതി നായർ, നിമി മാനുവൽ, മീര നായർ എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. നായികാ വേഷങ്ങൾ ചെയ്ത അഭിരാമി , ലിജോമോള് ജോസ് എന്നിവരും ഏറെ കയ്യടി നേടി.

സാങ്കേതിക മികവിലും ഈ ചിത്രം മുന്നിട്ടു തന്നെ നിന്നു. സഞ്ജയ് ഹാരിസ് ഒരുക്കിയ ദൃശ്യങ്ങൾ നിലവാരം പുലർത്തിയപ്പോൾ വിഷ്ണു മോഹൻ സിതാരയുടെ ഗാനങ്ങളും മനോഹരമായിരുന്നു. അതുപോലെ തന്നെ സനൽ രാജ് നിർവഹിച്ച എഡിറ്റിംഗ് ഈ ചിത്രത്തിന് സുഗമമായ ഒഴുക്കും പ്രദാനം ചെയ്തിട്ടുണ്ട്.
ഒറ്റക്കൊരു കാമുകൻ ഇന്ന് പ്രേക്ഷകരുടെ കയ്യടി നേടിയെടുക്കുന്നുണ്ടെങ്കിൽ അതിനു കാരണം ഈ ചിത്രത്തിലെ എല്ലാ വിഭാഗവും ഒന്നിനൊന്നു മെച്ചപ്പെട്ടു നിന്നു എന്നതാണ്. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സാങ്കേതിക മികവും , മികച്ച അവതരണ ശൈലിയുമെല്ലാം ഈ ചിത്രത്തെ മനോഹരമായ ഒരു സിനിമാനുഭവമാക്കി മാറ്റിയിട്ടുണ്ട്.