ഹിറ്റ് മേക്കർ ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി തീയേറ്ററുകളിൽ എത്തി. ബേസിൽ ജോസഫ്, നിഖില വിമൽ, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എത്തിയ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് കെ ആർ കൃഷ്ണകുമാറാണ്. സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. സാഹിൽ എസ് ശർമ്മയാണ് സഹനിർമ്മാതാവ്.
വ്യത്യസ്തമായ കഥകളിലൂടെയും വേറിട്ട അവതരണത്തിലൂടെയും പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരിത്തുന്ന ജീത്തു ജോസഫ് ഇത്തവണ എത്തിയിരിക്കുന്നത് ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറായ ‘നുണക്കുഴി’യുമായിട്ടാണ്.
ബേസിൽ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത എബി അച്ഛൻ്റെ വിയോഗത്തെ തുടർന്ന് അച്ഛന്റെ ബിസിനസ് നോക്കിനടത്താൻ നിർബന്ധിതനാവുന്നു. ചെറുപ്പത്തിലേ വിവാഹിതനായതിനാൽ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഭാര്യയോടൊപ്പം പങ്കിടാൻ ഇഷ്ടപ്പെടുന്ന എബിക്ക് അതിത്തിരി ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നിനക്കാത്ത നേരത്ത് കടന്നുവന്നതിന് പിന്നാലെ എബി അനുഭവിക്കുന്ന മാനസിക സങ്കർഷങ്ങളും അപ്രതീക്ഷിതമായ് എബിയിലേക്ക് വന്നെത്തുന്ന മനുഷ്യരുമാണ് സിനിമയുടെ കഥാഗതി മാറ്റിമറിക്കുന്നത്. നുണകൾക്ക് മുകളിൽ നുണകളുടെ ചീട്ടുകൊട്ടാരം പടുത്തുയർത്തി നിലനിൽപ്പിനായ് നെട്ടോട്ടമോടുന്ന ഒരുപിടി മനുഷ്യരെ ചിത്രത്തിൽ കാണാം. ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെ പുരോഗമിക്കുന്ന കഥ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ട്വിസ്റ്റ്, സസ്പെൻസ്, സർപ്രൈസ് തുടങ്ങി ത്രില്ലിങ്ങായ മൂഹൂർത്തങ്ങളിലൂടെയാണ് ക്ലൈമാക്സിലേക്ക് എത്തുന്നത്.
പതിവുപോലെ ഇത്തവണയും കെട്ടുറപ്പുള്ള തിരക്കഥയിലാണ് ജീത്തു ജോസഫ് ‘നുണക്കുഴി’ക്ക് ജീവൻ നൽകിയിരിക്കുന്നത്. ഏച്ചുകെട്ടലോ മുഴച്ചുനിർത്തമോ ഇല്ല എന്നർത്ഥം. ട്വല്‍ത്ത് മാനും കൂമനും ത്രില്ലര്‍ തിരക്കഥകളായി എഴുതിയ കൃഷ്‍ണകുമാര്‍ നുണക്കുഴിയില്‍ എത്തുമ്പോള്‍ തന്റെ ആ രീതികള്‍ പാടേ ഉപേക്ഷിക്കുന്നില്ല. എന്തായിരിക്കും അടുത്തത് എന്ന ഒരു ചോദ്യത്തിന്റെ ആകാംക്ഷ ചിരിക്കൊപ്പം ചേര്‍ക്കുന്നുണ്ട് അദ്ദേഹം. മലയാളം ആര്‍ത്ത് ചിരിച്ച പഴയ സിനിമാ കോമഡി കാഴ്‍ചകളുടെ പുതിയ പതിപ്പായി തിരക്കഥാകൃത്ത് നുണക്കുഴിയെ സമീപിച്ചിട്ടുണ്ട്.
തനതായ ശൈലിയിലെ ബേസിലിന്റെ ചിരിയും ഡയലോഗുകളുടെ പറച്ചിലുകളെല്ലാം എബിയെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കുന്നത്. ബേസിലിന്റെ മാനറിസങ്ങളാണ് നുണക്കുഴിയില്‍ ചിരിക്കാഴ്‍ചകളാകുന്നത്. ബേസിലിനൊപ്പം ഗ്രേസ് ആന്റണിയും സിദ്ധിഖും ബൈജുവും മനോജ് കെ ജയനും അല്‍ത്താഫും സൈജു കുറുപ്പും ഒക്കെ ചിരിക്ക് കൂട്ടായെത്തുമ്പോള്‍ ഇക്കുറി അജു വര്‍ഗീസ് അല്‍പം സീരിയസാണ്.
തങ്ങളുടെ കഥാപാത്രങ്ങളെ എല്ലാ അഭിനേതാക്കളും പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങൾ ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് അവതരിപ്പിച്ചത്.
വിഷ്‍ണു ശ്യാം ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ മികച്ച ദൃശ്യങ്ങൾ ഒരുക്കിയ സതീഷ് കുറുപ്പ് ചിത്രത്തിന് മാറ്റു കൂട്ടി. വിനായക് വി എസ്ന്റെ എഡിറ്റിംഗ് ആണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു പോയതിൽ അദ്ദേഹത്തിന്റെ പങ്കു വളരെ വലുതാണ് എന്ന് തന്നെ പറയാം.
കൊടുത്ത കാശ് പൂർണ്ണമായും മുതലാവുന്ന ഒരു ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടെയ്നറാണ് ‘നുണക്കുഴി’ . പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്നതിനൊപ്പം ഫീൽ നൽകാനും ഈ ചിത്രത്തിന് കഴിയും.