
മലയാള സിനിമയിലെ പരീക്ഷണ ചിത്രങ്ങളുടെ വക്താവായാണ് പൃഥ്വിരാജ് സുകുമാരൻ എന്ന യുവ സൂപ്പർ താരം അറിയപ്പെടുന്നത്. വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ആണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം എന്ന് പൃഥ്വിരാജ് തന്നെ പല തവണ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന തന്റെ പുതിയ നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രവും അത്തരം ഒരു പരീക്ഷണം ആയാണ് പൃഥ്വിരാജ് ചെയ്തിരിക്കുന്നത്. ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച നയൻ എന്ന ചിത്രമാണത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിലെ നായകനും പൃഥ്വിരാജ് തന്നെയാണ്.
ഒൻപതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ഒരു വമ്പൻ ആഗോള പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതൽ പഠിക്കാനായി തന്റെ മകനൊപ്പം ഹിമാലയത്തിൽ എത്തുന്ന ആൽബർട്ട് എന്ന ആസ്ട്രോ-ഫിസിസിസ്റ് ആയാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. അവിടെ വെച്ച് ആൽബെർട്ടിന്റെയും മകൻ ആദത്തിന്റെയും ജീവിതത്തിൽ നടക്കുന്ന ചില വിചിത്രമായ സംഭവങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
വളരെ മികച്ച രീതിയിലാണ് ജെനൂസ് മുഹമ്മദ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സയന്റിഫിക് ആയ വിവരങ്ങളിൽ നിന്ന് തുടങ്ങി ഹ്യൂമൻ സൈക്കോളജി വരെ ജെനൂസ് ഇതിലെ കഥ സന്ദർഭങ്ങളിലൂടെ അനാവരണം ചെയ്തിട്ടുണ്ട്. ആദ്യ പകുതി ഒരു സയൻസ് ഫിക്ഷൻ ചിത്രം പോലെയാണ് നീങ്ങുന്നത് എങ്കിലും രണ്ടാം പക്തുതിയിലേക്കു എത്തുമ്പോൾ ഒരു ഹൊറർ/ സൈക്കോളജിക്കൽ ത്രില്ലെർ എന്ന നിലയിലേക്ക് നയൻ ചുവടു മാറ്റുന്നു. മിസ്റ്ററി നിറഞ്ഞ ഒരന്തരീക്ഷം സൃഷ്‌ടിച്ച സംവിധായകൻ പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് കഥ പറഞ്ഞിരിക്കുന്നത്. ഒരച്ഛൻ- മകൻ ബന്ധത്തിന്റെ കഥ വളരെ വൈകാരികമായി പറയുന്ന ഒരു ചിത്രം കൂടിയാണ് നയൻ എന്ന് പറയാം. രണ്ടാം പകുതിയിലെ ഡയലോഗുകളിൽ വന്ന നാടകീയത ചിത്രത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട് എന്നത് ആണ് ഈ ചിത്രത്തിന്റെ പ്രധാന നെഗറ്റീവ്.
ഞെട്ടിക്കുന്ന സാങ്കേതിക തികവാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അഭിനന്ദം രാമാനുജൻ ഒരുക്കിയ ലോ ലൈറ്റ് വിഷ്വൽസും ഡി ജെ ശേഖർ ഒരുക്കിയ ഗംഭീര പശ്ചാത്തല സംഗീതവും ചിത്രത്തിലെ അന്തരീക്ഷം പ്രേക്ഷകരുടെ മനസ്സുമായി കണക്ട് ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഷമീർ മുഹമ്മദ് എന്ന എഡിറ്ററുടെ ബ്രില്യൻസ് ആണ് ഈ ചിത്രത്തിന് മികച്ച വേഗത പകർന്നു നൽകിയത്.
അഭിനേതാക്കളുടെ പ്രകടനങ്ങൾ പരിശോധിക്കുമ്പോൾ പ്രധാന കഥാപാത്രങ്ങൾ ആയ ആൽബർട്ട്, ആദം, ഇവ എന്നിവർക്ക് ജീവൻ നൽകിയ പൃഥ്വിരാജ് സുകുമാരൻ, മാസ്റ്റർ അലോക്, വാമിക ഗബ്ബി എന്നിവർ ഗംഭീര പ്രകടനമാണ് നൽകിയത്. മൂന്നു പേരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും മനോഹരമായും വിശ്വസനീയമായ രീതിയിലും അവതരിപ്പിച്ചു. പ്രകാശ് രാജ്, മമത മോഹൻദാസ്, രാഹുൽ മാധവ്, ടോണി ലൂക്, ആദിൽ ഇബ്രാഹിം എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
വ്യത്യസ്തമായ ചിത്രങ്ങൾ കാണാൻ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ ഏറെ തൃപ്തിപ്പെടുത്തുന്ന ഒരു ദൃശ്യാനുഭവം തന്നെയാണ് നയൻ എന്ന് പറയാം. മലയാള സിനിമയിൽ ഇത് വരെ കാണാത്ത ഒരു പ്രമേയവും അതിന്റെ സാങ്കേതിക പൂർണതയുള്ള ആവിഷ്കാരവുമാണ് ഈ ചിത്രം. ഇത്തരം ചിത്രങ്ങൾ തീയേറ്ററുകളിൽ നിന്ന് തന്നെ കാണേണ്ടതും അത്യാവശ്യമാണ്. എങ്കിലേ ഇതിന്റെ പൂർണ്ണമായ അനുഭവം നമ്മുക്ക് ലഭിക്കു എന്നത് കൊണ്ട് മാത്രമല്ല, ഇത്തരം പരീക്ഷണങ്ങൾ പ്രോത്സാഹിക്കപ്പെടണം എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണ്.