
ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേർന്ന മലയാള ചിത്രമാണ് ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തിയ മൈ സാന്റാ. പ്രശസ്ത സംവിധായകനായ സുഗീത് ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ ജെമിൻ സിറിയക് ആണ്. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ൻമെന്റ്സ് എന്ന ബാനറിൽ സംവിധായകൻ സുഗീത്, പ്രശസ്ത രചയിതാവ് നിഷാദ് കോയ, അജീഷ് ഒ.കെ സാന്ദ്ര മരിയ ജോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ബേബി മാനസ്വിയും നിർണ്ണായക വേഷം ചെയ്തിരിക്കുന്നു. ഒരു ഫാമിലി / ഫാന്റസി എന്റെർറ്റൈനെറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.
ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു സാന്റാ ക്ലോസാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സാന്താ ക്ലോസും ഏഴു വയസുള്ള ഒരു പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സാന്താ ക്ലോസായി ദിലീപും ഐസ എന്ന 7 വയസുള്ള കുട്ടിയായി ബേബി മനസ്വിയും എത്തുന്നു.
മികച്ച എന്റെർറ്റൈനെറുകൾ സമ്മാനിച്ചിട്ടുള്ള സുഗീത് ഒരിക്കൽ കൂടി തന്റെ ആ മികവ് ആവർത്തിച്ചുവെന്നു പറയാം. പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞു ചിത്രമൊരുക്കാനുള്ള ഈ സംവിധായകന്റെ കഴിവ് നമ്മുക്ക് മുന്നിൽ വെളിവാക്കി തന്ന മറ്റൊരു ചിത്രം കൂടിയാണ് മൈ സാന്റാ. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അകമ്പടിയായി നൽകുന്നതിലും രചയിതാവ് എന്ന നിലയിൽ ജെമിൻ സിറിയക് വിജയിച്ചപ്പോൾ അതിനു മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനെന്ന നിലയിൽ സുഗീതിനും സാധിച്ചിട്ടുണ്ട്.
ചിരിക്കു ഒപ്പം തന്നെ വൈകാരിക മുഹൂർത്തങ്ങൾക്കും ആകാംക്ഷയുണർത്തുന്ന രംഗങ്ങൾക്കും കൃത്യമായ സ്ഥാനം നൽകി ഒരുക്കിയ ഈ ചിത്രം കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒരു ചിത്രമാണ്. ഇതിലെ ഫാന്റസി എലമെന്റുകൾ ആണ് പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന മറ്റൊരു ഘടകം. ചിരിക്കും ഫാന്റസിക്കും ഒപ്പം പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.
ദിലീപ് എന്ന നടന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം നൽകിയത്. ദിലീപിനൊപ്പം അഭിനയിച്ച ബാല താരം മാനസ്വി ഗംഭീര പ്രകടനം നൽകിയപ്പോൾ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സണ്ണി വെയ്ൻ, സിദ്ദിഖ്, സായി കുമാർ, കലാഭവൻ ഷാജോൺ, അനുശ്രീ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു.
ഫൈസൽ അലി നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ വി സാജന്റെ എഡിറ്റിംഗ് മികവ് ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. വിദ്യാസാഗർ കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ചു നിന്നു. സാങ്കേതികമായി ഏറെ മുന്നിട്ടു നിൽക്കാൻ ഈ ഘടകങ്ങൾ മൈ സാന്റാ എന്ന ഈ ചിത്രത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് മൈ സാന്റാ.