
ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നീരാളി എന്ന സർവൈവൽ ത്രില്ലർ ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. നവാഗതനായ സാജു തോമസ് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺ ഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ്. . സണ്ണി എന്ന ഒരു ജെമ്മോളജിസ്റ്റിന്റെ വേഷമാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് . വളരെ ആവേശവും ആകാംഷ നിറക്കുന്നതുമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ ത്രില്ലർ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് തീയേറ്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.

ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രത്തിന് നിരൂപക പ്രശംസയും നേടിയെടുക്കാൻ കഴിയുന്നുണ്ട് എന്ന് പുറത്തു വരുന്ന നിരൂപണങ്ങളും സൂചിപ്പിക്കുന്നു. സണ്ണി എന്ന കേന്ദ്ര കഥാപാത്രം നടത്തുന്ന ഒരു യാത്രക്കിടെ ഉണ്ടാകുന്ന ഒരു വലിയ അപകടത്തിൽ നിന്ന് തുടങ്ങുന്ന ചിത്രം പിന്നീട് പറയുന്നത് അതിൽ നിന്ന് അയാൾ എങ്ങനെ രക്ഷപ്പെടുന്നു എന്നാണ്. എങ്ങനെ അയാൾ ആ അപകടത്തിൽ എത്തിച്ചേർന്നു എന്നും ഫ്ലാഷ് ബാക്കുകളിലൂടെ പറയുന്നുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് നീരാളിയുടെ ഇതിവൃത്തം എന്ന് പറയാം.

മോഹൻലാലിന്റെ ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. വളരെ വ്യത്യസ്തമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ വൺ മാൻ ഷോ ആണെന്ന് തന്നെ നമ്മുക്ക് പറയാൻ സാധിക്കും. തന്റെ സ്വതസിദ്ധമായ ശൈലിയിൽ മോഹൻലാൽ സണ്ണി എന്ന കഥാപാത്രമായി മിന്നുന്ന പെർഫോമൻസ് ആണ് കാഴ്ച വെച്ചത് . പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയെത്തിയ പാർവതി നായർ, നദിയ മൊയ്തു എന്നിവർ പ്രേക്ഷകരുടെ കയ്യടി നേടിയപ്പോൾ, പ്രേക്ഷകർ ഏറെ ഇഷ്ടപെട്ട മറ്റൊരു പ്രകടനം സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച വീരപ്പ എന്ന കഥാപാത്രത്തിന്റേതായിരുന്നു. . മോഹൻലാലും സുരാജുമൊത്തുള്ള രംഗങ്ങൾ അഭിനയ മികവ് കൊണ്ട് ഏറെ മികച്ചു നിന്നു എന്ന് പറയാൻ സാധിക്കും. . ഇവരോടൊപ്പം ദിലീഷ് പോത്തൻ, മേഘ മാത്യു, ബിനീഷ് കോടിയേരി, നാസ്സർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സാജു തോമസ് ഒരുക്കിയ തിരക്കഥയിൽ കൊമേർഷ്യൽ എലമെന്റുകളെക്കാൾ വൈകാരിക തീവ്രതക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഭയം എന്ന വികാരത്തെ അടിസ്ഥാനമാക്കി കഥാപാത്ര രൂപീകരണം നടത്തിയിട്ടുള്ള നീരാളി അഭിനേതാക്കളുടെ പ്രകടനത്തിന്റെ ബലത്തിലാണ് മുന്നോട്ടു നീങ്ങുന്നത്.

പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി ഈണം നൽകിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ ബോളിവുഡ് ക്യാമറാമാൻ ആയ സന്തോഷ് തുണ്ടിയിൽ ഒരുക്കിയ ദൃശ്യങ്ങളും ഈ ചിത്രത്തിന് മുതൽക്കൂട്ടായി മാറി..സ്റ്റീഫൻ ദേവസ്സി നൽകിയ പശ്‌ചാത്തല സംഗീതവും ഗംഭീരമായിരുന്നു എന്ന് പറയാം.

ഏതായാലും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു വ്യത്യസ്തമായ ത്രില്ലിംഗ് എന്റെർറ്റൈനെർ ആണ് മോഹൻലാൽ- അജോയ് വർമ്മ ടീം നമ്മുക്ക് മുന്നിൽ ഒരുക്കിയിരിക്കുന്നതു എന്ന് ഉറപ്പിച്ചു തന്നെ പറയാൻ സാധിക്കും. മലയാളത്തിലെ ആദ്യ സർവൈവൽ ത്രില്ലർ എന്ന നിലയിൽ ഒരു പരീക്ഷണ ചിത്രമാണ് നീരാളി എങ്കിലും ആ പരീക്ഷണം ഏവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ഒരുക്കിയെടുക്കാൻ അജോയ് വർമ്മയ്ക്കു സാധിച്ചു എന്ന് പറയാം.