ചിരിയുടെ പൂരം സമ്മാനിച്ച് മൂന്നു ഷാജിമാർ…

Advertisement

ഇന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിൽ വെക്കേഷൻ റിലീസ് ആയി  പ്രദർശനത്തിനെത്തിയ മലയാള ചിത്രമാണ് സൂപ്പർ ഹിറ്റുകളുടെ ഡയറക്ടർ നാദിർഷായുടെ മൂന്നാമത്തെ  സംവിധാന സംരംഭമായ മേരാ നാം ഷാജി. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നാദിർഷ ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദിലീപ് പൊന്നൻ ആണ്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, ബിജു മേനോൻ, ബൈജു സന്തോഷ് എന്നിവർ ആണ് നായക വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഉർവശി തീയേറ്റേഴ്സ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഉള്ള മൂന്ന് ഷാജി മാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. തിരുവനന്തപുരത്തുള്ള ടാക്സി ഡ്രൈവർ ഷാജി സുകുമാരൻ ആയി ബൈജു, കോഴിക്കോടുള്ള ഗുണ്ടാ ഷാജി ഉസ്മാൻ ആയി ബിജു മേനോൻ, കൊച്ചിയിൽ ഉള്ള ഉടായിപ്പു ഷാജി അഥവാ ഷാജി ജോർജ് ആയി ആസിഫ് അലി എന്നിവർ പ്രത്യക്ഷപ്പെടുന്നു. ഇവരെ മൂന്നു പേരെയും വളരെ യാദൃശ്ചികമായി ബന്ധിപ്പിക്കുന്ന  ചില സംഭവ വികാസങ്ങളിലൂടെ ആണ് ഈ ചിത്രം സഞ്ചരിക്കുന്നത്. 

Advertisement

ആദ്യ രണ്ടു ചിത്രങ്ങൾ നേടിയ വൻ വിജയത്തിന് ശേഷം നാദിർഷ ഒരിക്കൽ കൂടി പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് പറയാം. വീണ്ടും പക്കാ വിനോദ ചിത്രം തന്നെയാണ്  നാദിർഷ നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. മൂന്നു ജനപ്രിയ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി രസകരമായ ഒരു ചിത്രം ഒരുക്കിയതിലൂടെ തന്റെ സംവിധാന മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നാദിർഷ എന്ന ഹിറ്റ് മേക്കർ. ദിലീപ് പൊന്നൻ രചിച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതീവ രസകരമായി എല്ലാ കൊമേർഷ്യൽ ചേരുവകളും  ചേർത്ത് അദ്ദേഹം ഒരുക്കിയ ഈ തിരക്കഥ നാദിർഷ വളരെ ആവേശകരമായും രസകരമായും പ്രേക്ഷക സമക്ഷം അവതരിപ്പിച്ചു. കഥ അവതരിപ്പിച്ച രീതിയിലും അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും എല്ലാം  സംവിധായകനും രചയിതാവും മികവ്  പുലർത്തി എന്നതും ഈ  ചിത്രത്തെ മികച്ചതാക്കി തീർത്തു എന്ന് നിസംശയം പറയാം. ചിരിയും ആവേശവും ആകാംഷയും എല്ലാം കോർത്തിണക്കി ഒരു കംപ്ലീറ്റ് ഫാമിലി ഫൺ ഫിലിം ആയാണ് മേരാ നാം ഷാജി നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. 

ആസിഫ് അലി, ബൈജു, ബിജു മേനോൻ എന്നിവർ ഷാജിമാരായി കിടിലൻ പ്രകടനമാണ് നൽകിയത്. വളരെ അനായാസം ആയും സ്വാഭാവികം ആയും തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ മൂവർ സംഘത്തിന് കഴിഞ്ഞു. പ്രേക്ഷകരെ തനിക്കൊപ്പം കൊണ്ട് പോകാൻ കഴിഞ്ഞത് ആണ് ഇവരുടെ പെർഫോർമസിന്റെ ഏറ്റവും വലിയ വിജയമായി മാറിയത് എന്ന് പറയാം. ധർമജൻ ബോൾഗാട്ടി ഏറെ കയ്യടി  നേടിയ ഈ ചിത്രത്തിൽ ഗണേഷ് കുമാർ, സാദിഖ്, ടിനി ടോം, രഞ്ജിനി ഹരിദാസ്, ശ്രീനിവാസൻ  എന്നിവരും മികച്ച പ്രകടനം നൽകി. നായിക ആയി എത്തിയ നിഖില വിമൽ ഒരിക്കൽ കൂടി തന്നെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ സന്തോഷിപ്പിച്ചിട്ടുണ്ട്.

വിനോദ് ഇല്ലമ്പിളി നൽകിയ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായപ്പോൾ എമിൽ മുഹമ്മദ്  ഈണമിട്ട ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. അത് പോലെ തന്നെ ചിത്രത്തിന് മികച്ച വേഗത നൽകുന്നതിൽ എഡിറ്റർ ജോൺ കുട്ടിയുടെ പങ്കും എടുത്തു പറയേണ്ടതാണ്.

ചുരുക്കി പറഞ്ഞാൽ, മേരാ നാം ഷാജി  ഒരു തികഞ്ഞ വിനോദ ചിത്രം ആണ്.  ഒരുപാട് ചിരിക്കാൻ ഇഷ്ട്ടപെടുന്ന പ്രേക്ഷകരുടെ എല്ലാ ടെൻഷനുകളും മാറ്റി, അവരെ എല്ലാം മറന്നു റിലാക്സ് ആവാൻ  സഹായിക്കുന്ന രസകരമായ ഒരു സിനിമാനുഭവം എന്ന് ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം.  

Advertisement

Copyright © 2017 onlookersmedia.

Press ESC to close