
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് “കേക്ക് സ്റ്റോറി”. നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക് സമ്മാനിച്ച സുനിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് വേദ സുനിൽ ആണ്. ബാബു ആന്റണി, അശോകൻ, ജോണി ആന്റണി, മല്ലിക സുകുമാരൻ, അരുൺ, മേജർ രവി, നീന കുറുപ്പ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബിന്ദു സുനിൽ, ജയന്തകുമാർ അമൃതേശ്വരി എന്നിവരാണ്. ചിത്രവേദ റീൽസ് എന്ന ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരു കേക്ക് ഷോപ്പും, ആ ഷോപ്പിനു പിന്നിലെ കഥയുമാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒരു കഫേ നടത്തുന്ന നൈന എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. നൈന നടത്തുന്ന കഫേ ഒരു വര്ഷത്തോളമായിട്ടും പച്ചപിടിക്കുന്നില്ല എന്ന അവസ്ഥയില്‍, ഒരു ദിവസം നൈനയുടെ മരിച്ചുപോയ മുത്തച്ഛന്‍ നൈനയുടെ സ്വപ്നത്തിൽ വരികയും, സ്വപ്നത്തില്‍ കേക്ക് ബേക്കിംങ് തുടങ്ങാന്‍ ആവശ്യപ്പെടുന്നയിടത്താണ് കഥാഗതി മാറുന്നത്. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ സംഭവത്തിനു ശേഷം, നൈനയുടെ മുത്തച്ഛന്‍റെ കേക്ക് നിര്‍മ്മാണം അറിയാവുന്ന കുഞ്ചു വര്‍ക്കി എന്ന ആളെ കണ്ടെത്താൻ നൈനയും കൂട്ടരും ഇറങ്ങിത്തിരിക്കുന്നു. പിന്നീട് ഈ കുഞ്ചു വർക്കി കഥാപാത്രത്തിൽ നിന്നും ഒരു കേക്ക് സ്റ്റോറി ഉണ്ടാവുന്നതാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്.
പേര് പോലെ തന്നെ വളരെ മധുരമുള്ള രീതിയിലാണ് സംവിധായകനും രചയിതാവും ചേർന്ന് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതും. തമാശയും ഫീൽ ഗുഡ് നിമിഷങ്ങളും ഉള്ളപ്പോൾ തന്നെ ഉദ്വേഗം നിറക്കുന്ന കഥാസന്ദർഭങ്ങളും ഈ ചിത്രത്തിന്റെ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. ഒരേ സമയം രസകരവും ആവേശം പകരുന്ന രീതിയിലുമാണ് സംവിധായകൻ സുനിൽ ചിത്രത്തിന്റെ ദൃശ്യ ഭാഷ ഒരുക്കിയിരിക്കുന്നത്. സുനിലിന്‍റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രമായ നൈനക്ക് ജീവൻ പകർന്നിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഈ പ്രതിഭ തന്നെയാണ്. പ്രണയത്തിന്‍റെയും സ്നേഹത്തിന്‍റെയും കഥ പറയുന്ന കേക്ക് സ്റ്റോറി പ്രേക്ഷകർക്ക് ആഘോഷമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുഞ്ചുവര്‍ക്കി ആയി അശോകൻ രസകരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇവരെ കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ഇതിലൂടെ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നതും എടുത്തു പറയണം. നൈനയുടെ മുത്തച്ഛന്‍ രാഘവനായി ആണ് തമിഴ്താരം എത്തുന്നത്. വില്ലനായി എത്തിയ ബാബു ആന്റണിയും ശ്രദ്ധ നേടുന്ന പ്രകടനമാണ് നൽകിയത്. ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഭിനേതാക്കളും ഈ ചിത്രത്തിന്റെ താരനിരയിൽ മികച്ച പ്രകടനം കൊണ്ട് തിളങ്ങുന്നുണ്ട്.
ചിത്രത്തോട് ഇഴുകി ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇതിലെ സംഗീതവും മനോഹരമായ ദൃശ്യങ്ങളും. ജെറി അമൽദേവ്, എസ് പി വെങ്കിടേഷ് എന്നിവർ സംഗീതം ഒരുക്കിയപ്പോൾ, റോണി റാഫേൽ ആണ് ചിത്രത്തിന് വേണ്ടി പശ്‌ചാത്തലസംഗീതം നൽകിയത്. ആർ എച് അശോക്, പ്രദീപ് നായർ എന്നിവർ ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നപ്പോൾ എഡിറ്റർ എംഎസ് അയ്യപ്പൻ നായർ ചിത്രത്തിന് മികച്ച ഒഴുക്ക് പകർന്നു നൽകിയിട്ടുണ്ട്.
രസകരമായ തിരക്കഥ, മനോഹരമായ ദൃശ്യഭാഷ എന്നിവ കൊണ്ടും, കോമഡി, ആക്ഷൻ, ത്രിൽ, വൈകാരിക രംഗങ്ങൾ എന്നിവയുടെ കൃത്യമായ കോർത്തിണക്കൽ കൊണ്ടും വളരെ മനോഹരമായ ഒരു ചലച്ചിത്രാനുഭവം ഈ ചിത്രം സമ്മാനിക്കുന്നുണ്ട്. ഓരോ പ്രേക്ഷകനും തങ്ങളുടെ കുടുംബവുമൊത്ത് ആസ്വദിക്കാൻ കഴിയുന്ന ഒരു മധുരം നിറഞ്ഞ കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണ് “കേക്ക് സ്റ്റോറി” സമ്മാനിക്കുന്നത്. വൈകാരിക നിമിഷങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ഈ മധുരം നിറഞ്ഞ കേക്ക് സ്റ്റോറി എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സ് നിറക്കുന്ന സിനിമാനുഭവമാണ് നൽകുന്നത്.