ഫാന്റസിയുടെ മായാ കാഴ്ച്ചകൾക്കൊപ്പം സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ ചോദ്യം ചെയ്യുന്ന മഹാവീര്യർ; റിവ്യൂ വായിക്കാം

Advertisement

നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ ഇന്നാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ്. ഷംനാസ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ചിത്രം കൂടിയാണ്. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയെല്ലാം സമ്മാനിച്ച വലിയ പ്രതീക്ഷയും ആകാംഷയും മനസ്സിൽ വെച്ച് കൊണ്ടാണ് ഇന്ന് ഓരോ പ്രേക്ഷകനും ഈ ചിത്രം കാണാൻ തീയേറ്ററുകളിലെത്തിയത്. ആ പ്രതീക്ഷകളെ പൂർണ്ണമായും സാധൂകരിച്ച, അതിനു മുകളിൽ പോയ ചിത്രമാണ് മഹാവീര്യർ എന്ന് തന്നെ നമ്മുക്ക് പറയാം.

മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ചിത്രമാണ് മഹാവീര്യർ. അവിശ്വസനീയമാം വിധം വ്യത്യസ്തമായ ഒരു ചിത്രമെന്ന് ഇതിനെ നമ്മുക്ക് വിശേഷിപ്പിക്കാൻ സാധിക്കും. വ്യത്യസ്തമായ രീതിയിൽ നർമ്മവും ഫാന്റസിയും ടൈം ട്രാവലും എല്ലാമുൾപ്പെടുത്തി രണ്ടു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണിത്. ഒരു കോർട്ട് റൂം ഡ്രാമയുടെ സ്വഭാവവുമുള്ള ഈ ചിത്രത്തിലെ ബ്ലാക്ക് ഹ്യൂമർ ആണ് ഇതിന്റെ ഹൈലൈറ്റ് എന്ന് പറയാം. സ്വാമി അപൂർണാനന്തൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തുമ്പോൾ, വീരഭദ്രൻ എന്ന കഥാപാത്രമായാണ് ആസിഫ് അലി അഭിനയിച്ചിരിക്കുന്നത്. വിഗ്രഹമോഷണത്തിന്റെ പേരിൽ കുറ്റാരോപണം നേരിട്ട അപൂർണാനന്ത സ്വാമി കോടതിയിലെത്തുകയും തന്റെ കേസ് സ്വയം വാദിക്കുകയും ചെയ്യുന്നതോടെയാണ് ചിത്രം ട്രാക്കിൽ ആവുന്നത്. അതിനു മുമ്പ് തന്നെ നൂറ്റാണ്ടുകൾ മുമ്പ് നാട് ഭരിച്ച ഉഗ്രസേന മഹാരാജാവിനെയും, അദ്ദേഹത്തിന് വേണ്ടി രാജ്യത്തെ ഏറ്റവും ലക്ഷണയുക്തയായ പെണ്കുട്ടിയെ തേടി പോകുന്ന മന്ത്രി വീരഭദ്രനെയും പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്.

Advertisement

എബ്രിഡ് ഷൈൻ എന്ന സംവിധായകൻ ഇന്നേവരെ നമ്മുക്ക് സമ്മാനിച്ചിട്ടുള്ളതിൽ വെച്ചേറ്റവും മികച്ച ചിത്രമാണ് മഹാവീര്യർ എന്ന് സംശമില്ലാതെ പറയാൻ കഴിയും. അത്ര മനോഹരമായാണ് അദ്ദേഹം ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഒരേ സമയം സാങ്കേതിക തികവിലും അവതരണ മികവിലും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന മഹാവീര്യർ, ഒരുപക്ഷെ മലയാള സിനിമയുടെ മുന്നോട്ടുള്ള വളർച്ചയിൽ നിർണ്ണായകമായി മാറിയേക്കാവുന്ന ഒരു ചിത്രം കൂടിയാണെന്ന് അടിവരയിട്ടു പറയാൻ സാധിക്കും. മികച്ച തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈൻ തന്നെയൊരുക്കിയ തിരക്കഥ വൈകാരിക തീവ്രത കൊണ്ടും, കഥയുടെ ആഴം കൊണ്ടും, കഥാപാത്രങ്ങളുടെ വ്യത്യസ്‍തമായ രൂപപ്പെടുത്തൽ കൊണ്ടും ഏറ്റവും മികച്ച രീതിയിൽ വന്നപ്പോൾ, അതിന്റെ ഗംഭീരമായ ദൃശ്യാവിഷ്കാരമാണ് സംവിധായകനെന്ന നിലയിലും അദ്ദേഹം നൽകിയത്. എല്ലാ കഥാപാത്രങ്ങൾക്കും വ്യക്‌തമായ പ്രാധാന്യം നൽകിയത് ചിത്രത്തെ കൂടുതൽ മികച്ചതാക്കി. എല്ലാത്തരം വിനോദ ഘടകങ്ങളും സമർഥമായി കോർത്തിണക്കാനും സങ്കീർണ്ണമായ കഥാ സന്ദർഭങ്ങൾ മടുപ്പുളവാക്കാതെ പറഞ്ഞു പോകാനും എബ്രിഡ് ഷൈൻ കാണിച്ച മികവും എടുത്തു പറയേണ്ടതാണ്. ഇതിലെ ഫാന്റസി എലമെന്റുകൾ അതിമനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആകാംഷയോടെ ചിത്രത്തിൽ മുഴുകിയിരുത്താൻ പ്രേരിപ്പിക്കുന്ന തരത്തിലൊരുക്കിയ ഈ തിരക്കഥയുടെ ഹൈലൈറ്റ് ഇതിൽ ആദ്യവസാനം നിറഞ്ഞു നിൽക്കുന്ന ബ്ലാക്ക് ഹ്യൂമറാണ്. പ്രേക്ഷകരെ ചിരിപ്പിക്കാനും അവരെ ചിത്രത്തോട് ചേർത്ത് നിർത്താനും അത്കൊണ്ട് തന്നെ സാധിക്കുന്നുണ്ട്.

ഫാന്റസി-ടൈം ട്രാവല്‍ എന്ന തലത്തിലൂടെ കഥ പറയുമ്പോൾ തന്നെ മറ്റൊരു തലവും മഹാവീര്യർ മുന്നോട്ട് വെക്കുന്നുണ്ട്. സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെയാണ് ഫാന്റസിയിൽ പൊതിഞ്ഞു കൊണ്ട് സംവിധായകൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അധികാരത്തിന്റെ ചാട്ടവാറുകൾ ജനങ്ങളെ എങ്ങനെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നു സൂചിപ്പിക്കുന്ന ഈ ചിത്രം, മനുഷ്യ സ്നേഹംകൊണ്ട് അതിനെ കീഴടക്കുന്നതും അപൂർണാനന്ദൻ എന്ന കഥാപാത്രത്തിലൂടെ കാണിച്ചു തരുന്നുണ്ട്.

അപൂർണാനന്ത സ്വാമിയായി നിവിൻ പോളി കാഴ്ച വെച്ചത് തന്റെ കരിയറിലെ ഏറ്റവ്വും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. രൂപം കൊണ്ട് മാത്രമല്ല, സംഭാഷണ ശൈലി കൊണ്ടും, ശരീര ഭാഷ കൊണ്ടുമെല്ലാം ഈ നടൻ കഥാപാത്രമായി സ്‌ക്രീനിൽ ജീവിച്ചിട്ടുണ്ട്. അതുപോലെ തന്നെ കയ്യടി നേടുന്നത് ആസിഫ് അലിയാണ്. ആസിഫിന്റെ അഭിനയ ജീവിതത്തിലേയും ഒരു വഴിത്തിരിവായി മാറാൻ സാധ്യതയുള്ള കഥാപാത്രവും പ്രകടനവുമാണ് ഈ നടൻ വീരഭദ്രനായി കാഴ്ച വെച്ചത്. അത്രമാത്രം വിശ്വസനീയമാണ് ഇരുവരുടെയും പ്രകടനമെന്നതാണ് ഈ ചിത്രത്തിന്റെയും മികവ് വർധിപ്പിച്ചത്. നായികാ വേഷം ചെയ്ത ഷാൻവി ശ്രീവാസ്തവ മികച്ച രീതിയിൽ തന്നെ തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നപ്പോൾ, ശ്രദ്ധ നേടിയ മറ്റൊരാൾ രുദ്രമഹാവീര ഉഗ്രസേന മഹാരാജാവായി എത്തിയ ലാൽ ആയിരുന്നു. വീരേന്ദ്രകുമാറെന്ന മജിസ്‌ട്രേറ്റ് ആയെത്തിയ സിദ്ദിഖും കയ്യടി നേടുന്നുണ്ട്. ലാലു അലക്സ്, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, കൃഷ്ണ പ്രസാദ്, സൂരജ് എസ്. കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

സാങ്കേതിക പൂർണ്ണതയാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ചന്ദ്രു സെൽവരാജ് ഒരുക്കിയ ദൃശ്യങ്ങൾ, രണ്ടു കാലഘട്ടങ്ങളിലെ അന്തരീക്ഷം അതിമനോഹരമായി പ്രേക്ഷകരുടെ മനസ്സിലെത്തിച്ചപ്പോൾ, ആ ദൃശ്യങ്ങൾക്ക് കരുത്തു പകരാൻ ഇഷാൻ ചാബ്രയുടെ സംഗീതത്തിനും സാധിച്ചിട്ടുണ്ട്. അദ്ദേഹമൊരുക്കിയ ഗാനങ്ങളും ശ്രവ്യ മനോഹരമായിരുന്നു. മനോജിന്റെ എഡിറ്റിംഗ് മികവ് ഈ ചിത്രത്തിന് മികച്ച താളവും ഒഴുക്കും പ്രദാനം ചെയ്യുന്നുണ്ട്. ഒരു കാലഘട്ടത്തിൽ നിന്ന് മറ്റൊരു കാലഘത്തിലേക്കുള്ള ദൃശ്യങ്ങളുടെ യാത്ര വളരെ സുഗമമായ രീതിയിൽ പ്രേക്ഷകന് ഫീൽ ചെയ്തതിൽ മനോജിന്റെ എഡിറ്റിംഗ് മികവിന് നന്ദി പറയണം. അതുപോലെ ചിത്രത്തിന്റെ വി എഫ് എക്സ്, സൗണ്ട് ഡിസൈൻ, സൗണ്ട് മിക്സിങ് എന്നിവയും മികച്ചു നിന്നു. ചുരുക്കി പറഞ്ഞാൽ, ഒരിക്കലും നഷ്ട്ടപെടുത്തരുതാത്ത ഒരു മികച്ച സിനിമാനുഭവമാണ് മഹാവീര്യർ സമ്മാനിക്കുന്നത്. എല്ലാ അർഥത്തിലും നമ്മുക്ക് ക്ലാസിക് എന്ന് വിശേഷിപ്പിക്കാനാകുന്ന ഒരു ചിത്രം. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം മലയാള സിനിമയിലെ ഒരു പുതിയ നാഴികക്കല്ലായി മാറുമെന്ന് തന്നെ നമ്മുക്ക് പറയാൻ സാധിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close