ചിയാൻ വിക്രവും മകൻ ധ്രുവും ഒന്നിക്കുന്ന ‘മഹാൻ’ റിവ്യൂ വായിക്കാം..!

Advertisement

തമിഴകത്തിന്റെ സൂപ്പർ താരമായ ചിയാൻ വിക്രമും അദ്ദേഹത്തിന്റെ മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നത് തന്നെയാണ് മഹാൻ എന്ന ചിത്രത്തിനു വലിയ വാർത്താ പ്രാധാന്യം നേടിക്കൊടുത്തത്. അതിനൊപ്പം കാർത്തിക് സുബ്ബരാജ് ഈ ചിത്രം സംവിധാനം ചെയ്യുന്നു എന്ന് കൂടി ചേർന്നതോടെ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മഹാൻ മാറി. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ഇന്നലെ രാത്രിയാണ് ഈ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തത്. ഒരു ഗ്യാങ്സ്റ്റർ ഡ്രാമ ആയാണ് ഈ ചിത്രം കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

മദ്യ വിലക്കിനായി ജീവൻ നൽകിയ ഗാന്ധിയന്മാരുടെ കുടുംബമാണ് വിക്രം അവതരിപ്പിക്കുന്ന ഗാന്ധി മഹാൻ എന്ന കഥാപാത്രത്തിന്റേത്‌. വിശ്വസിച്ചിരുന്ന തത്വങ്ങളിൽ നിന്നുള്ള ചെറിയ മാറ്റങ്ങൾ പോലും ആ കുടുംബത്തിൽ അനുവദനീയമായിരുന്നില്ല. അത്തരം ഒരു കുടുംബത്തിൽ നിന്ന് തന്നെ വിവാഹവും കഴിച്ച ഗാന്ധി മഹാൻ ഒരു സ്കൂൾ ടീച്ചറുമായി മാറി. തന്റെ 40 വയസ് വരെ ഒരു തരത്തിലുള്ള ലഹരിയും ഉപയോഗിച്ചിട്ടില്ലാത്ത ഗാന്ധി മഹാന്, ജീവിതം തനിക്ക് വേണ്ട വിധം അസ്വദിക്കാൻ പറ്റിയില്ല എന്ന വിഷമം നല്ല രീതിയിൽ തന്നെ ഉണ്ടായിരുന്നു. ഒരിക്കൽ തന്റെ ഭാര്യയും മകനുമില്ലാത്ത ഒരു ദിവസം പരമാവധി ആഘോഷമാക്കാൻ തീരുമാനിച്ച അയാൾ, അന്നേവരെ സന്തോഷിക്കാൻ പറ്റാത്തത്ര ആ ദിവസം ആഘോഷിച്ചു. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ ബാറുടമയായ, തന്റെ കുട്ടികാലത്തെ സുഹൃത്ത് സത്യവാനെയും കുടുംബത്തെയും അയാൾ കാണുകയും തുടർന്ന് അവിടെ നിന്ന് അയാളുടെ ജീവിതം മാറി മറിയുകയുമാണ്. ഭാര്യ അയാളെ ഉപേക്ഷിച്ചു പോവുകയും അവരുമായി ഒന്നിക്കാനുള്ള അയാളുടെ ശ്രമങ്ങൾ വിഫലമാവുകയും ചെയ്യുന്നു. വൈകാതെ മദ്യത്തിന് അടിമയായ അയാൾ സുഹൃത്ത് സത്യവാനുമായി ചേർന്ന് വലിയൊരു മദ്യ സാമ്രാജ്യം തന്നെ ഉണ്ടാക്കുകയാണ്. ഒരുപാട് ധനവും അതോടൊപ്പം ശത്രുക്കളേയും ഉണ്ടാക്കിയ അയാളുടെ ഏറ്റവും വലിയ വിഷമം വിട്ടു പോയ ഭാര്യയേയും മകനെയും കുറിച്ചോർത്തു മാത്രമാണ്. മകനെ കാണണമെന്നുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പ് തീർത്തും അപ്രതീക്ഷിതമായ ഒരു സന്ദർഭത്തിൽ തീരുന്നതോടെ കഥാഗതിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു.

Advertisement

ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച വിക്രമും മകൻ ധ്രുവ് വിക്രമും ഗംഭീര പ്രകടനം നടത്തിയപ്പോൾ, കയ്യടി നേടുന്ന മറ്റൊരു പ്രകടനം കാഴ്ച വെച്ചത് സത്യവാൻ ആയി അഭിനയിച്ച ബോബി സിൻഹയാണ്. വൈകാരിക രംഗങ്ങളിലൊക്കെ വിക്രമും ബോബിയും വളരെ മികച്ച പ്രകടനമാണ് നൽകിയത്. കാലഘട്ടങ്ങളിലൂടെയുള്ള കഥാപാത്രങ്ങളുടെ വളർച്ച മനോഹരമായി തന്നെ കാർത്തിക് സുബ്ബരാജ് രൂപപ്പെടുത്തുകയും അത് ഗംഭീരമായി ഈ നടൻമാർ അവതരിപ്പിക്കുകയും ചെയ്തു. തിരക്കഥ ഇടക്കൊക്കെ പാളിയ സമയത്തു പോലും ഇവരുടെ പ്രകടനമാണ് ചിത്രത്തെ താങ്ങി നിർത്തുന്നത്. ഇവർക്കൊപ്പം സനന്ത്, വേട്ടൈ മുത്തുകുമാർ തുടങ്ങിയ മറ്റ് അഭിനേതാക്കളും നല്ല പ്രകടനം നടത്തി. മഹാന്റെ ഭാര്യാ വേഷം ചെയ്ത സിമ്രാന് കാര്യമായി ഒന്നും തന്നെ ഇതിൽ ചെയ്യാൻ ഉണ്ടായില്ല. ആക്ഷൻ, സ്റ്റൈലിഷ് മാസ്സ് രംഗങ്ങളിൽ ഒക്കെ വിക്രമും ധ്രുവ് വിക്രമും കട്ടക്ക് നിൽക്കുന്ന പെർഫോമൻസ് നൽകിയതും നല്ലൊരു കാഴ്ചാനുഭവം സമ്മാനിച്ചു.

ശ്രേയാസ് കൃഷ്ണയുടെ ക്യാമറ വർക്ക് മികച്ചു നിൽക്കുന്നു. അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഒരു പോസിറ്റീവ് സന്തോഷ് നാരായണൻ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. രണ്ടാം പകുതിയിൽ ആണ് അദ്ദേഹത്തിന്റെ ആ മികവ് കൂടുതൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഗാനങ്ങൾ ശരാശരി നിലവാരം മാത്രമേ പുലർത്തിയിട്ടുള്ളു. ചിത്രത്തിന്റെ ദൈർഘ്യം കൂടുതൽ ഉണ്ടെങ്കിലും പ്രേക്ഷകനെ മടുപ്പിക്കാതെ ചിത്രം മുന്നോട്ടു കൊണ്ട് പോകുന്നതിൽ കാർത്തിക സുബ്ബരാജ് വിജയിച്ചു. വിവേക് ഹര്ഷന്റെ എഡിറ്റിംഗും ഈ കാര്യത്തിൽ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. തിരക്കഥ അത്ര ശ്കതമല്ലെങ്കിലും തന്റെ മേക്കിങ് സ്റ്റൈൽ കൊണ്ടാണ് കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതി മികച്ചു നിൽക്കുന്ന ഈ ചിത്രം, വിക്രം എന്ന നടന്റെ ഈ അടുത്തകാലത്തു വന്ന ഏറ്റവും നല്ല ചിത്രമായി മാറിയിട്ടുണ്ട്. ആക്ഷനും വൈകാരിക നിമിഷങ്ങളും ഗ്യാങ്സ്റ്റർ ചിത്രങ്ങളിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഘടകങ്ങളും എല്ലാം ലഭിക്കുന്ന ഈ ചിത്രം മികച്ച ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close