അമ്പരപ്പിക്കുന്ന ആക്ഷൻ ഇതിഹാസം; മാർക്കോ റിവ്യൂ വായിക്കാം

Advertisement

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ മാർക്കോ. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഹനീഫ് അദനിയാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി- ഷാജി പാടൂർ ചിത്രം രചിച്ചതും ഹനീഫ് ആണ്. അതുപോലെ നിവിൻ പോളി നായകനായ മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങളും ഹനീഫ് അദനി സംവിധാനം ചെയ്തിരുന്നു. ത്രില്ലെർ ചിത്രങ്ങൾ ചെയ്യുന്നതിൽ മാസ്റ്റർ ആയ ഹനീഫ് ഇത്തവണ ആക്ഷൻ ത്രില്ലറുമായാണ് എത്തിയിരിക്കുന്നത്. ക്യൂബ്സ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഹനീഫ് ഒരുക്കിയ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത് മാർക്കോ എന്ന വില്ലൻ കഥാപാത്രത്തെയായിരുന്നു. ആ കഥാപാത്രത്തെ നായകനാക്കിയാണ് ഹനീഫ് മാർക്കോ ഒരുക്കിയിരിക്കുന്നത്. ജോർജ് അടാട്ട് ഫാമിലിയിൽ നടക്കുന്ന ഒരു കൊലപാതകവും അതിന് പ്രതികാരം ചെയ്യാൻ ഈ കുടുംബത്തിലെ ദത്ത് പുത്രനായ മാർക്കോ എത്തുന്നതും ചെയ്യുന്നിടത്ത് നിന്നാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്.

Advertisement

പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന രീതിയിലാണ് ഈ ആക്ഷൻ ത്രില്ലർ ഹനീഫ് അദനിയെന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്. രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഹനീഫ് പുലർത്തിയ കയ്യടക്കമാണ് ഈ സിനിമയുടെ മികവിന്റെ ഏറ്റവും വലിയ കാരണമെന്ന് നമ്മുക്ക് അടിവരയിട്ടു പറയാൻ സാധിക്കും. അത്ര ഗംഭീരമായ രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷക സമക്ഷം അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

മലയാള സിനിമ എന്നല്ല, ഒരുപക്ഷെ ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള അത്രയും വയലന്റ് ആയ ആക്ഷൻ രംഗങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. യുവപ്രേക്ഷകരുടെ ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം ആക്ഷൻ ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞേ പറ്റു. കഥാപാത്രങ്ങൾക്ക് വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും സംവിധായകന്റെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിനന്ദിക്കപ്പെടേണ്ട കാര്യം തന്നെയാണ്. തുടങ്ങുന്ന നിമിഷം മുതൽ അവസാന നിമിഷം വരെ ആകാംഷയും ആവേശവും നിലനിർത്തി മുന്നോട്ടു പോയ ചിത്രം മാസ്സ് രംഗങ്ങളാലും കിടിലൻ ഡയലോഗുകൾ കൊണ്ടും സമ്പന്നമാണ്. വളരെ സ്റ്റൈലിഷ് ആയാണ് ഹനീഫ് അദനി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വൈകാരിക മുഹൂർത്തങ്ങൾക്കും ഈ ചിത്രത്തിൽ ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. ചിത്രത്തിൻ്റെ അവസാന 30 മിനിറ്റിൽ ഉള്ള ആക്ഷൻ, വയലൻസ് രംഗങ്ങൾ മനശക്തി ഉള്ളവർക്ക് മാത്രമേ കണ്ടിരിക്കാൻ സാധിക്കൂ. ഞെട്ടി തരിപ്പിക്കുന്ന രീതിയിലാണ് അത് ഒരുക്കിയിരിക്കുന്നത്.

ഉണ്ണി മുകുന്ദൻ എന്ന നടന്റെ മാസ്സ് അപ്പീൽ തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത് എന്ന് പറയാം. മാർക്കോ ആയി തകർപ്പൻ പ്രകടനമാണ്ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. വളരെ സ്റ്റൈലിഷായും അതേ സമയം തന്നെ തീവ്രതയോടെയും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദൻ എന്ന നടന് കഴിഞ്ഞിട്ടുണ്ട്. പക്കാ മാസ്സ് ആയും സ്റ്റൈലിഷ് ആയുമാണ് ഉണ്ണി ഈ കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. ഒരുപക്ഷെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മികവോടെ ഒരു നായകൻ ആക്ഷൻ രംഗങ്ങളിൽ പെർഫോം ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിൽ മാർക്കോയെ ചേർത്ത് വെക്കാം. അത്ര ഗംഭീരമായാണ് ഉണ്ണി മുകന്ദൻ ഈ ചിത്രത്തിൽ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഉണ്ണി നടത്തിയ ഞെട്ടിക്കുന്ന ശാരീരിക പരിവർത്തനവും കയ്യടി അർഹിക്കുന്നുണ്ട്.

ഉണ്ണി മുകുന്ദൻ കൂടാതെ ഞെട്ടിച്ച മറ്റൊരാൾ ജഗദീഷ് ആണ്. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും തീവ്രവുമായ ടോണി ഐസക് എന്ന നെഗറ്റീവ് വേഷത്തിലാണ് ജഗദീഷ് ഇതിൽ അഭിനയിച്ചത്. ഡയലോഗ് ഡെലിവറി കൊണ്ടും ഭാവങ്ങൾ കൊണ്ടും ജഗദീഷ് പ്രേക്ഷകരെ അമ്പരപ്പിച്ചു കളഞ്ഞിട്ടുണ്ട്. സിദ്ദീഖ്, ആന്സണ് പോൾ, യുക്തി തരേജ, കബീർ ദുഹാൻ സ്റ്റിങ്, ഷാജി ചെൻ, ശ്രീജിത്ത് രവി, സുരേഷ് ചന്ദ്ര മേനോൻ, ദിനേശ് പ്രഭാകർ, രവി ബാബു, അർജുൻ നന്ദകുമാർ, എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു.

ചന്ദ്രു സെൽവരാജ് എന്ന ഛായാഗ്രാഹകൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം ഒരുക്കിയ ദൃശ്യങ്ങളുടെ പങ്കു വളരെ വലുതാണ്. അത് പോലെ തന്നെ കെ ജി എഫിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച രവി ബസ്‌റൂരിന്റെ കിടിലൻ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ എനർജി ലെവൽ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിൽ വളരെ വലിയ പങ്കാണ് വഹിച്ചത്. എഡിറ്റിംഗ് നിർവഹിച്ച ഷമീർ മുഹമ്മദ് തന്റെ മികവ് ഒരിക്കൽ കൂടി പുറത്തെടുത്തപ്പോൾ ഈ ചിത്രം ഒരിക്കലും വേഗത കുറഞ്ഞതിന്റെ പേരിൽ മുഷിപ്പ് ഉണ്ടാക്കിയില്ല എന്നതും എടുത്തു പറയണം.

ചുരുക്കി പറയുകയാണെങ്കിൽ സാങ്കേതികമായും അതുപോലെ ഒരു മാസ്സ് ആക്ഷൻ ത്രില്ലർ സിനിമയെന്ന നിലയിലും മികച്ച നിലവാരം പുലർത്തുന്ന ഒരു ചിത്രമാണ് ഹനീഫ് അദനി- ഉണ്ണി മുകുന്ദൻ ടീമിന്റെ മാർക്കോ.യുവ പ്രേക്ഷകരെയും മാസ്സ് ആക്ഷൻ ത്രില്ലറുകളുടെ ആരാധകരെയും ഒരിക്കലും നിരാശരാക്കാത്ത, മലയാള സിനിമ പ്രേക്ഷകർ ഇന്നേ വരെ കാണാത്ത തരത്തിലുള്ള ഒരു ബ്ലഡി വയലന്റ് ആക്ഷൻ ത്രില്ലറാണ് മാർക്കോ. മാസ്സ് ചിത്രങ്ങളുടെ ആരാധകരെ ഈ ചിത്രം കോരിത്തരിപ്പിക്കും എന്നുറപ്പ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close