മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. ഇവർ മൂവരും ചേർന്ന് വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ശ്യാം പുഷ്കരനും സംവിധാനം ചെയ്തത് നവാഗതനായ മധു സി നാരായണനും ആണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം, പുതുമുഖം മാത്യു എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വില്ലൻ വേഷത്തിലാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം, പുതുമുഖം മാത്യു എന്നിവർ അവതരിപ്പിക്കുന്ന നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. അത്ര സുഖകരമല്ലാത്ത ബന്ധമാണ് ഇവർ പങ്കിടുന്നത് എങ്കിലും പണി തീരാത്ത ഒരു വീട്ടിൽ ഒരുമിച്ചാണ് ഇവരുടെ താമസം. ഇവരുടെ ജീവിതത്തിലേക്ക് ഓരോ വ്യത്യസ്ത സാഹചര്യങ്ങളിൽ ചില സ്ത്രീ കഥാപാത്രങ്ങൾ കടന്നു വരുകയും അതൊനൊപ്പം തന്നെ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഷമ്മി എന്ന കഥാപാത്രവും ഇവരുടെ ജീവിതവുമായി ബന്ധപ്പെടുകയും ചെയ്യുന്നു.
ശ്യാം പുഷ്ക്കരൻ എന്ന എഴുത്തുകാരന്റെ മികവ് നമ്മുക്ക് അറിയാം. വളരെ മനോഹരമായി ജീവിതം നമ്മുടെ മുന്നിൽ വരച്ചിടുന്ന രചയിതാവാണ് അദ്ദേഹം. ഒരിക്കൽ കൂടി പ്രേക്ഷകനെ ഞെട്ടിക്കുന്ന പൂർണ്ണതയോടെയാണ്, വളരെ ലളിതമായ രീതിയിൽ ഒരു കഥ പ്രേക്ഷകന്റെ മനസ്സിൽ അദ്ദേഹം വരച്ചിട്ടത്. നൂറു ശതമാനം റിയലിസ്റ്റിക് ആയും അതോടൊപ്പം വൈകാരികമായ ആഴവും പരപ്പും ലഭിക്കുന്ന തരത്തിലുമാണ് അദ്ദേഹം തിരക്കഥ രചിച്ചിരിക്കുന്നതും നവാഗതനായ മധു സി നാരായണൻ ഒരു സംവിധായകനെന്ന നിലയിൽ ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നതും. സഹോദരങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചതിനൊപ്പം വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന പ്രണയവും ഇവർ കാണിച്ചു തരുന്നു. ചിരിയും മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകനെ ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് മുന്നോട്ടു നീങ്ങുന്നത്. കൃത്യമായ സ്ഥാനം ഓരോ കഥാപാത്രങ്ങൾക്കും നൽകിയിട്ടുണ്ട് എന്ന് മാത്രമല്ല ഏറ്റവും വിശ്വസനീയമായ രീതിയിലാണ് അവരുടെയെല്ലാം ഓരോ ചലനങ്ങളും ഡയലോഗുകളും പോലും അവതരിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര കഥാപാത്രങ്ങളായ സഹോദരന്മായി സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം, പുതുമുഖം മാത്യു എന്നിവർ ഗംഭീര പ്രകടനമാണ് നൽകിയത്. അത്രമാത്രം സ്വാഭാവികമായ പെർഫോമൻസാണ് ഇവർ നാലു പേരും നൽകിയത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി അത്ര രസകരമായിരുന്നു. പക്ഷെ ഞെട്ടിച്ചത് ഒരിക്കൽ കൂടി ഫഹദ് ഫാസിൽ ആണ്. ഷമ്മി എന്ന വില്ലൻ കഥാപാത്രം ആയി ഇതുവരെ നമ്മൾ കാണാത്ത ഒരു ശൈലിയിൽ ആണ് ഫഹദ് അഭിനയിച്ചത്. അന്ന ബെൻ, കൃഷ്ണ എന്നീ നടിമാരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.
ഷൈജു ഖാലിദ് നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരുടെ മനസ്സുമായി യോജിപ്പിച്ചു നിർത്തി. ഷൈജു ഖാലിദ് ഒരുക്കിയ ദൃശ്യങ്ങളും സുഷിന്റെ സംഗീതവും അത്ര ഗംഭീരമായ രീതിയിലാണ് ഇഴ ചേർന്ന് നിന്നതു എന്ന് പറയാം. സൈജു ശ്രീധരന്റെ എഡിറ്റിംഗ് മികവും ചിത്രത്തിന് മികച്ച ഒഴുക്ക് പകർന്നു നൽകി.
ചുരുക്കി പറഞ്ഞാൽ, ഓരോ മലയാളിയുടെയും മനസ്സിൽ തൊടുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഒരു പക്കാ റിയലിസ്റ്റിക് എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരുടെയും മനസ്സ് നിറക്കുന്ന ഒരു സിനിമാനുഭവം ആണ്. ചിരിയും സംഗീതവും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം പച്ച മനുഷ്യർക്ക് നേരെയും പച്ചയായ ജീവിതത്തിനു നേരെയും തിരിച്ചു പിടിച്ച ഒരു കണ്ണാടിയാണ് എന്ന് തന്നെ പറയാം