
പേര് കൊണ്ടും, പോസ്റ്ററുകൾ കൊണ്ടിമൊക്കെ പ്രേക്ഷകരിൽ വലിയ ആകാംഷ സൃഷ്‌ടിച്ച വിചിത്രം എന്ന സിനിമയാണ് ഇന്ന് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രങ്ങളിലൊന്ന്. പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ നായകനായി എത്തിയ ഈ ചിത്രം രചിച്ചിരിക്കുന്നത് നിഖില്‍ രവീന്ദ്രൻ, സംവിധാനം ചെയ്തിരിക്കുന്നത് അച്ചു വിജയൻ എന്നിവരാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. കനി കുസൃതി, ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കേതകി നാരായണ്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ വേഷമിട്ട ഈ ചിത്രം ഇതിന്റെ പേര് പോലെ തന്നെ വിചിത്രമായ കാഴ്ചകളുമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.
വളരെ നിഗൂഢതയുണർത്തുന്ന, ത്രില്ലിങ്ങായ കഥാസന്ദർഭങ്ങളിലൂടെയാണ് ഈ ചിത്രം മുന്നേറുന്നത്. ജാസ്മിൻ എന്ന അമ്മയും അവരുടെ 5 മക്കളും, ആ കുടുംബം നേരിടുന്ന പ്രതിസന്ധികളും ആണ് ഈ ചിത്രം നമ്മുടെ മുന്നിലവതരിപ്പിക്കുന്നത്. ആ കുടുബത്തിലെ മൂത്തമകനായ ജാക്സനെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്. കോടികൾ സമ്പാദിക്കാൻ ആഗ്രഹിച്ചു കൊണ്ട് ബിസിനസ്സ് ചെയ്യുന്ന കഥാപാത്രമാണ് ജാക്സൺ. എന്നാൽ, അങ്ങനെ ഒരു ഉത്തരവാദിത്വവും കാണിക്കാത്ത ന്യൂ ജനെറേഷൻ അനിയനാണ് ബാലു വർഗീസ്. ഇവരേക്കാൾ ഉത്തരവാദിത്വം ഇവരുടെ അനിയന്മാർക്കുണ്ട്. അമ്മയോടുള്ള ഇവരുടെ സ്നേഹവും വളരെ വലുതാണ്. അങ്ങനെ ഒരിക്കൽ അവർ അവരുടെ പൂർവികരുടെ പഴയ വീട്ടിൽ താമസിക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന ചില വിചിത്രമായ, അസാധാരണമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നത്. പഴയ കാലത്ത് നടന്ന ചില സംഭവങ്ങൾ അവരുടെ മുന്നിൽ ആവർത്തിക്കപ്പെടുകയാണ് അവിടെ.
ഒരു ഹൊറർ മൂഡിൽ, എന്നാൽ ഒരു പക്കാ ത്രില്ലറായി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കാൻ സംവിധായകൻ അച്ചു വിജയനും രചയിതാവ് നിഖിൽ രവീന്ദ്രനും സാധിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ ഒരു ഫാമിലി ഡ്രാമയുടെ ഘടകങ്ങളും വളരെ കൃത്യമായി തിരക്കഥയിൽ കോർത്തിണക്കാൻ ഇവർ സാധിച്ചു. ഒരു ഫാമിലി ഡ്രാമയായി സഞ്ചരിക്കുന്ന വിചിത്രത്തിന്റെ ഇന്റെർവെൽ പഞ്ചോടെയാണ് ഈ ചിത്രത്തിന്റെ മൂഡ് തന്നെ മാറുന്നത്. അതിനു ശേഷം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് വിചിത്രം മുന്നോട്ട് സഞ്ചരിക്കുന്നത്. ഹൊറർ ചിത്രമാണോ ത്രില്ലർ ചിത്രമാണോ എന്ന ഉത്തരം പ്രേക്ഷകന് നൽകാതെ അവരെ ആദ്യാവസാനം പിടിച്ചിരുത്തി മുന്നോട്ടു പോകുന്ന വിചിത്രം, ഏറ്റവുമവസാനം മാത്രമാണ് കൃത്യമായ ധാരണ പ്രേക്ഷകന് നല്കുന്നതെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. നായകന്റെ കാഴ്ചപ്പാടിലൂടെയല്ലാതെ മൂന്നാമതൊരാൾ കാണുന്ന രീതിയിലോ പറയുന്ന രീതിയിലോ ആണ് ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതെന്നതും വിചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്.
തന്റെ ആദ്യ സംവിധാന സംരംഭം തന്നെ മികച്ച രീതിയിലാണ് അച്ചു വിജയൻ ഒരുക്കിയിരിക്കുന്നത്. സാങ്കേതികമായി ഗംഭീര നിലവാരം പുലർത്തുന്ന ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ് തന്നെ ഒരു സംവിധായകനെന്ന നിലയിൽ ഈ നവാഗതൻ പുലർത്തിയ കയ്യടക്കമാണ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ കഥ നടക്കുന്ന അന്തരീക്ഷത്തിലേക്കു ചേർത്ത് നിർത്തി കൊണ്ട്, അവർക്കു പുതുമയേറിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കാൻ അച്ചു വിജയന് സാധിച്ചിട്ടുണ്ട്. ത്രില്ലടിപ്പിക്കുന്ന, ആകാംഷയും ഉദ്വേഗവും സമ്മാനിക്കുന്ന കഥാ സന്ദർഭങ്ങളും, പ്രേക്ഷകരുടെ മനസ്സിലേക്കെത്തുന്ന കഥാപാത്രങ്ങളും സൃഷ്‌ടിച്ച രചയിതാവ് നിഖിലും ഇവിടെ വലിയ കയടി അർഹിക്കുന്നുണ്ട്. അച്ചു വിജയൻ തന്നെ എഡിറ്റ് ചെയ്ത ഈ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെയാണ് മുന്നോട്ടു നീങ്ങുന്നത്. ജുബൈർ മുഹമ്മദ് ഒരുക്കിയ പശ്ചാത്തല സംഗീതവും അര്‍ജുന്‍ ബാലകൃഷ്ണന്റെ ദൃശ്യങ്ങളും ഒരു ഹൊറർ- ത്രില്ലർ മൂഡിൽ മുന്നോട്ടു പോകുന്ന ഈ ചിത്രത്തിന് നൽകിയ ശ്കതി വളരെ വലുതാണ്. പശ്ചാത്തലസംഗീതവും ക്യാമറയുടെ ചലനങ്ങളും ചിത്രത്തിലെ ലൈറ്റിങ്ങും ഉപയോഗിച്ച് മാത്രമാണ് ഇതിൽ ഹൊറർ എഫ്ഫക്റ്റ് ഉണ്ടാക്കിയിരിക്കുന്നതെന്നത് എടുത്തു പറഞ്ഞ് തന്നെ അഭിനന്ദിക്കേണ്ട വസ്തുതയാണ്.
ജാക്സൺ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഷൈൻ ടോം ചാക്കോ കാഴ്ച വെച്ചത്. ഓരോ സിനിമകൾ കഴിയുംതോറും കൂടുതൽ കൂടുതൽ തിളങ്ങുന്ന പ്രതിഭയായി ഷൈൻ മാറുന്ന കാഴ്ച ഏറെ സന്തോഷം പകരുന്നതാണ്. ഇവർക്കൊപ്പം ബാലു വർഗീസ്, കനി കുസൃതി, കേതകി, ജോലി വർഗീസ് എന്നിവരും ഏറെ ശ്രദ്ധ നേടുന്നതും അഭിനന്ദനം അർഹിക്കുന്നതുമായ പ്രകടനമാണ് നൽകിയത്. ചെറുതെങ്കിലും കാമ്പുള്ള കഥാപാത്രവുമായി ലാലും തിളങ്ങിയിട്ടുണ്ട്. ഏതായാലും വ്യത്യസ്തമായ കഥ പറച്ചിൽ ശൈലി കൊണ്ടും, അവതരണം കൊണ്ടും, മേക്കിങ് കൊണ്ടും, അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടും, പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത ഒരു സിനിമാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് വിചിത്രം. വ്യത്യസ്തമായ ത്രില്ലർ ചിത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയാണ് വിചിത്രത്തിലൂടെ അണിയറ പ്രവർത്തകർ ഒരുക്കി വെച്ചിരിക്കുന്നത്.