ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ എടക്കാട് ബറ്റാലിയൻ 06. നവാഗത സംവിധായകനായ സ്വപ്‌നേഷ് കെ നായർ സംവിധാനവും പ്രശസ്ത രചയിതാവായ പി ബാലചന്ദ്രൻ തിരക്കഥ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡോക്ടർ ശ്രീകാന്ത് ഭാസി, ജോസെഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ്. തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്ത മേനോൻ വീണ്ടും ടോവിനോ തോമസിന്റെ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ ഗാനവും ഇതിന്റെ ടീസറുമെല്ലാം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ടോവിനോ തോമസ് അവതരിപ്പിക്കുന്ന ഷഫീക് എന്ന് പേരുള്ള ഒരു ആർമി ഓഫീസറുടെ ജീവിതം ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും ജോലിക്കിടയിലും സംഭവിക്കുന്ന ചില സംഭവ വികാസങ്ങൾ ആണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. ലീവിന് നാട്ടിൽ എത്തുമ്പോൾ ഷെഫീക്കിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില കാര്യങ്ങളിൽ നിന്നാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
സ്വപ്‌നേഷ് എന്ന ഈ പുതുമുഖ സംവിധായകൻ മലയാള സിനിമയ്ക്കു പുതിയ പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ടെന്നു തന്നെ നമ്മുക്ക് പറയാൻ സാധിക്കും. കാരണം തന്റെ ആദ്യ ചിത്രം തന്നെ പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന രീതിയിൽ അവതരിപ്പിക്കാൻ സ്വപ്‌നേഷ് കെ നായർ എന്ന പുതുമുഖത്തിനു കഴിഞ്ഞു. ഒരു രചയിതാവ് എന്ന നിലയിൽ പി ബാലചന്ദ്രൻ എന്ന പ്രഗത്ഭനായ എഴുത്തുകാരൻ പുലർത്തിയ മികവ് സ്വപ്‌നേഷിന് തന്റെ പ്രതിഭ തെളിയിക്കാൻ ഉള്ള വലിയ അടിത്തറയാണ് നൽകിയത്. ആ ഗംഭീര തിരക്കഥക്കു മികച്ച ദൃശ്യ ഭാഷ നൽകി കൊണ്ട് സ്വപ്‌നേഷ് പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ എല്ലാ വിനോദ ഘടകങ്ങളും ഒരുപോലെ കൂട്ടിയിണക്കി കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വളരെ പുതുമയേറിയ ഒരു കഥ സാങ്കേതിക തികവോടെ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് സ്വപ്‌നേഷ് കെ നായർ എന്ന സംവിധായകൻ ശ്രദ്ധേയനാകുന്നത്. പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന സംഭാഷണങ്ങളും കഥാ സന്ദർഭങ്ങളും ഒരുക്കാൻ കഴിഞ്ഞു എന്നതും ഈ ചിത്രം പ്രേക്ഷക ഹൃദയങ്ങളിലെത്താൻ കാരണം ആയിട്ടുണ്ട്. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൂടിയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ക്ലിഷേകളെ പൊട്ടിച്ചെറിഞ്ഞു കഥ പറയാൻ പി ബാലചന്ദ്രന് സാധിച്ചിട്ടുണ്ട്. മാത്രമല്ല, കഥാപാത്രങ്ങളെ കഥ വികസിക്കുന്നതിനൊപ്പം കൂടുതൽ വളരാൻ വിടുകയും ചെയ്തു അദ്ദേഹം. അവരുടെ മനസ്സും ചിന്തകളും പോലും പ്രേക്ഷകരിൽ എത്തിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. സംഭാഷണങ്ങളിൽ കൊണ്ട് വന്ന ആഴവും അതിനു കാരണമായിട്ടുണ്ട്. പ്രേക്ഷകന് തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളോട് ചേർത്ത് നിർത്തി ആലോചിക്കാൻ സാധിക്കുന്ന വിധത്തിൽ ആണ് അദ്ദേഹം ഈ ചിത്രം രചിച്ചിരിക്കുന്നതും സ്വപ്‌നേഷ് അതിനു ദൃശ്യ ഭാഷ നൽകിയിരിക്കുന്നതും.
ടോവിനോ തോമസ് എന്ന എന്ന നടന്റെ പെർഫോമൻസാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. വളരെ തീവ്രമായും, സൂഷ്മമായും ഷഫീക് എന്ന കഥാപാത്രത്തെ ടോവിനോ തോമസ് അവതരിപ്പിച്ചു. ടോവിനോ എന്ന നടന് വെല്ലുവിളി ഉയർത്തിയ ഒരു കഥാപാത്രമൊന്നും ആയിരുന്നില്ല എങ്കിലും അദ്ദേഹം ഈ കഥാപാത്രത്തിന് നൽകിയ ശരീര ഭാഷ ശ്രദ്ധ നേടുന്നതായിരുന്നു. അദ്ദേഹം പ്രസരിപ്പിക്കുന്ന എനർജിയും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസും എടുത്തു പറയേണ്ട വസ്തുതയാണ്. നായികാ വേഷം ചെയ്ത സംയുക്ത മേനോൻ മികച്ച പ്രകടനം നൽകിയപ്പോൾ ശാലു റഹിം, രേഖ, ജോയ് മാത്യു, പി ബാലചന്ദ്രൻ, സുധീഷ്, അബു സലിം, അഞ്ജലി നായർ, ദിവ്യ പിള്ള, മാളവിക മേനോൻ, നിർമ്മൽ പാലാഴി, സന്തോഷ് കീഴറ്റർ, സലിം കുമാർ, സൈജു കുറുപ്പ്, ശശി കലിംഗ, ശങ്കർ ഇന്ദുചൂഡൻ, ധീരജ്, സരസ ബാലുശ്ശേരി, പുരുഷൻ വിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എല്ലാവരും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.
ക്യാമറ കൈകാര്യം ചെയ്ത സിനു സിദ്ധാർഥ് മികച്ചതും മനോഹരവുമായ ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയപ്പോൾ കൈലാസ് മേനോൻ ഒരുക്കിയ സംഗീതം മികച്ചു നിന്നു. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ അന്തരീക്ഷം പ്രേക്ഷകരുടെ മനസ്സുമായി ചേർത്ത് നിർത്തുന്നതിനു ഏറെ സഹായിച്ചു. മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട് എന്നതും എടുത്തു പറയണം. സംജിത് മുഹമ്മദ് എന്ന എഡിറ്റർ പുലർത്തിയ മികവ് ആണ് ചിത്രത്തെ സാങ്കേതിക തികവുള്ള സിനിമാനുഭവമാക്കി മാറ്റിയത്.
ചുരുക്കി പറഞ്ഞാൽ വളരെ മികച്ച ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ ഈ ചിത്രത്തിനാവും .എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ട്ടപ്പെടുന്ന ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശരാക്കാത്ത ഒരു എന്റെർറ്റൈനെർ ആണെന്ന് തന്നെ പറയാം. വിനോദത്തിനൊപ്പം ചിന്തിക്കാനുള്ള വകയും പകർന്നു നൽകുന്നുണ്ട് ഈ ചിത്രം.