ഇന്ന് റിലീസ് ചെയ്ത മലയാളം ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിച്ച പ്രതി പൂവൻ കോഴി. മഞ്ജു വാര്യർ നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവായ ഉണ്ണി ആർ ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംവിധായകനായ റോഷൻ ആൻഡ്രൂസ് ഈ ചിത്രത്തിലൂടെ അഭിനേതാവായും അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ സെയിൽസ് ഗേൾ ആയ മാധുരി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ ഈ ചിത്രത്തിൽ എത്തുന്നത്. മാധുരി എന്ന ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത വഴി തിരിവുകൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
സംവിധായകൻ എന്ന നിലയിലുള്ള തന്റെ കഴിവ് ഒട്ടേറെ ചിത്രങ്ങളിലൂടെ നമ്മുക്ക് കാണിച്ചു തന്നിട്ടുള്ള റോഷൻ ആൻഡ്രൂസ് ഒരിക്കൽ കൂടി ആ മികവ് പുറത്തെടുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി എന്ന് പറയാം. വളരെ മികച്ച രീതിയിൽ തന്നെ ഈ ചിത്രം നമ്മുക്ക് മുന്നിൽ എത്തിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഉണ്ണി ആർ ഒരുക്കിയ ഗംഭീരമായ ഒരു തിരക്കഥക്കു തന്റേതായ ശൈലിയിൽ റോഷൻ ആൻഡ്രൂസ് നൽകിയ ദൃശ്യ ഭാഷ വളരെ മനോഹരമായിരുന്നു. വളരെ മികച്ച ഒരു തിരക്കഥയെ അതിന്റെ വൈകാരിക തീവ്രത ഒട്ടും ചോർന്നു പോകാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു എന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം എന്നതും എടുത്തു പറയണം. മികച്ച കഥാ സന്ദർഭങ്ങളും സ്വാഭാവികമായ സംഭാഷണങ്ങളും ഒരുക്കിയ ഉണ്ണി ആർ പ്രേത്യേക പ്രശംസ അർഹിക്കുന്നുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം പ്രേക്ഷകന്റെ മനസ്സിൽ തൊടാനും കഴിഞ്ഞത് ചിത്രത്തിന്റെ മികവ് വർധിപ്പിച്ചു എന്ന് പറയാം. വളരെ രസകരമായി മുന്നോട്ടു പോകുന്ന ഈ ചിത്രം പ്രേക്ഷകരിൽ ആകാംഷ നിറക്കുന്ന രീതിയിൽ തന്നെയാണ് റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്.
മഞ്ജു വാര്യരുടെ പ്രകടനം ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു എന്ന് തന്നെ പറയാം നമുക്കു. അത്ര ഗംഭീരമായ രീതിയിൽ തന്നെ മാധുരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. വളരെ മികച്ച ശരീര ഭാഷയും ഡയലോഗ് ഡെലിവറി സ്റ്റൈലും ആണ് മഞ്ജു ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. മറ്റൊരു പ്രധാന വേഷം ചെയ്ത അനുശ്രീ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ആന്റപ്പൻ എന്ന വേഷം ചെയ്ത സംവിധായകൻ റോഷൻ ആൻഡ്രൂസും ഗംഭീരമായ പെർഫോമൻസ് ആണ് നൽകിയത്. റോഷൻ ആൻഡ്രൂസ് എന്ന നടനിൽ നിന്ന് നമ്മുക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം എന്ന് കാണിച്ചു തന്ന പ്രകടനം കൂടി ആയിരുന്നു ആന്റപ്പൻ ആയി അദ്ദേഹം നൽകിയത്. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അലെൻസിയർ എസ് പി ശ്രീകുമാർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ ഏറ്റവും ഭംഗിയായി തന്നെ അവതരിപ്പിച്ചു ഫലിപ്പിച്ചു.
ക്യാമറ കൈകാര്യം ചെയ്ത പ്രശസ്ത ക്യാമറാമാൻ ജി ബാലമുരുകൻ മികച്ച ദൃശ്യങ്ങൾ നൽകിയപ്പോൾ ഗോപി സുന്ദർ ഒരുക്കിയ സംഗീതവും ഏറ്റവും നല്ല രീതിയിൽ തന്നെ ചിത്രത്തിനെ സഹായിച്ചിട്ടുണ്ട്. നല്ല ഗാനങ്ങളും ചിത്രത്തിന്റെ മൂഡിനെ നിർണ്ണയിച്ച പശ്ചാത്തല സംഗീതവും നല്കാൻ ഗോപി സുന്ദറിന് കഴിഞ്ഞിട്ടുണ്ട്. മികച്ച എഡിറ്റിംഗ് ഈ ചിത്രത്തെ വളരെ സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ട് പോയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, പ്രതി പൂവൻ കോഴി ഒരു മികച്ച സിനിമാനുഭവം ആണ്. പുതുമയും വ്യത്യസ്തതയും പേരിൽ മാത്രമൊതുങ്ങാതെ അവതരണ ശൈലിയിലും പ്രമേയത്തിലും കൂടി കാണിച്ചു തരുന്ന ചിത്രമാണ് ഇത്. പ്രേക്ഷകരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഈ ചിത്രം അവരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കും.