തമാശ സിംപിളാണ്, പവർഫുള്ളും; റീവ്യൂ വായിക്കാം..

Advertisement

ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ‘തമാശ’. വിനയ് ഫോർട്ടിനെ നായകനാക്കി അഷ്റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതുവരെ കാണാത്ത ഒരു കഷണ്ടി രൂപത്തിലുള്ള വിനയ് ഫോർട്ടിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. കഷണ്ടി കാരണം ഒരു വ്യക്തിയുടെ ജീവിതത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി, സമീർ താഹിർ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ കൂടുതലായി കാണുന്ന പൗരുഷമുള്ള നായകനെയല്ല തമാശയെന്ന ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ കൊമേഴ്സ്യൽ ചിത്രങ്ങളിൽ എന്തെങ്കിലും പരിമിതികളുളള നായകന്മാരും അവരുടെ ജീവിതവുമാണ് കാണാൻ സാധിക്കുന്നത്. തമാശയിലെ ശ്രീനിവാസൻ എന്ന കഥാപാത്രവും അത്തരത്തിലുള്ള ജീവിത സാഹചര്യത്തിൽ നിന്ന് വരുന്ന വ്യക്തിയാണ്.

Advertisement

വിനയ് ഫോർട്ടിന്റെ ശ്രീനിവാസൻ എന്ന കഥാപാത്രം ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത ഒരു കോളേജ് പ്രൊഫസറിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. വീട്ടുകാർ കൊണ്ടുവരുന്ന ആലോചനകൾ ഒന്നും തന്നെ നടക്കാതെ വരുന്ന 30 ക്കാരന്റെ മാനസിക സംഘർഷങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്. റഹിം എന്ന സുഹൃത്താണ് ശ്രീനിവാസന് എല്ലാത്തരം ഉപദേശങ്ങളും നൽകുന്നത്. തന്റെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കി എന്നും കൂടെയുണ്ടാവും എന്ന ഉറപ്പുള്ള ഒരു പെണ്ണിന് തേടിയുള്ള ശ്രീനിവാസന്റെ യാത്രയാണ് തമാശ.

തമാശ എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി അഭിനേതാകളുടെ പ്രകടനവും തിരക്കഥയുമാണ്. ശരീര ഘടനയെ കളിയാക്കുന്നതും സൈബർ ആക്രമണവും എല്ലാം തന്നെ ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ശ്രീനിവാസൻ എന്ന വിനയ് ഫോർട്ട് കഥാപാത്രത്തിന് പ്രേമത്തിലെ വിമൽ സാറിന്റെ ചെറിയ സാമ്യവുമുണ്ട്, എന്നാൽ ബോഡി ലാംഗ്വേജ് വളരെ വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അഷറഫ് ഹംസയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏകദേശം ഒരു വർഷത്തോളം വിനയ് ഫോർട്ട് ഈ ചിത്രത്തിന് വേണ്ടി മാറ്റി വെക്കുകയായിരുന്നു. തന്റെ കഷ്ടപ്പാടുകൾ ഒന്നും തന്നെ വെറുതെയായില്ല എന്ന തരത്തിലുളള പ്രകടനവും അഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

നായികമാരിൽ ചിന്നു ചാന്ദിനി ‘ചിന്നു’ എന്ന കഥാപാത്രത്തെ വളരെ സ്വാഭാവികമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലൈമാസിലെ താരത്തിന്റെ പ്രകടനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ദിവ്യ പ്രഭയും ഗ്രേസ് ആന്റണിയും തങ്ങളുടെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. നവാസ് വള്ളിക്കുന്ന് അവതരിപ്പിച്ച റഹീം എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിന് ഭാവിയിൽ ഒരുപാട് അവസരങ്ങൾ തേടിയെത്തും എന്ന കാര്യത്തിൽ തീർച്ച.

സമീർ താഹിറിന്റെ ഛായാഗ്രഹണം ഉടനീളം മികച്ചു നിന്നു. ‘കാണുമ്പോൾ നിന്നെ’ എന്ന് തുടങ്ങുന്ന ഗാനം ബിനാലെയുടെ മനോഹാരിത എടുത്തു കാണിക്കുന്ന ഫ്രേമുകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. റെക്സ് വിജയനും ഷഹബാസ് അമന്റെ സംഗീതവും ചിത്രത്തിന്റെ അന്തരീക്ഷത്തിന് വളരെ അനുയോജ്യമായിരുന്നു. തമാശ വളരെ സാമൂഹിക പ്രസക്തി നിറഞ്ഞ ഒരു ഫീൽ ഗുഡ് മൂവിയാണ്. വളരെ സ്വാഭാവികമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഏതൊരു പ്രേക്ഷനേയും തൃപ്തിപ്പെടുത്തും എന്ന കാര്യത്തിൽ തീർച്ച.

Advertisement

Copyright © 2017 onlookersmedia.

Press ESC to close