സിനിമയെന്ന സ്വപ്നത്തിലൂടെ ഒരു യാത്ര; പ്രേക്ഷകരുടെ ഹൃദയം കവർന്നു ആൻഡ് ദി ഓസ്കാർ ഗോസ്‌ ടു

Advertisement

ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ പ്രധാന റിലീസുകളിലൊന്നാണ് പ്രശസ്ത സംവിധായകനായ സലിം അഹമ്മദിന്റെ നാലാമത്തെ സംവിധാന സംരംഭമായ ആൻഡ് ദി ഓസ്കാർ ഗോസ് ടു. ആദാമിന്റെ മകൻ അബു, കുഞ്ഞനന്തൻറെ കട, പത്തേമാരി എന്നീ ചിത്രങ്ങളാണ് അദ്ദേഹം മുൻപേ സംവിധാനം ചെയ്തിട്ടുള്ളത്.. സംവിധായകൻ സലിം അഹമ്മദ് തന്നെയാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത യുവതാരമായ ടോവിനോ തോമസ് നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത് പ്രശസ്ത നടി അനു സിത്താരയാണ്. അല്ലൻസ് മീഡിയയും കനേഡിയൻ മൂവി കോർപും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാവ് സുധീഷ് ടി പി ആണ്.

തന്റെ ആദ്യ ചിത്രം ഒരുക്കാൻ കഷ്ട്ടപ്പെടുന്ന ഇസാക് ഇബ്രാഹിം എന്ന ഒരു മലയാളി യുവ സംവിധായകന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. ആ ചിത്രവും കൊണ്ട് ആ യുവാവ് ഓസ്കാർ വേദിയിൽ വരെ എത്തിച്ചേരുന്ന സംഭവ ബഹുലമായ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്.

Advertisement

ഇത്തവണ സലിം അഹമ്മദ് ഒരു ക്ലാസ് എന്റെർറ്റൈനെർ തന്നെയാണ് നമുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ മൂന്നു ചിത്രങ്ങൾ ഓഫ്‌ബീറ്റ്‌ ചിത്രങ്ങളുടെ മൂഡിൽ ആണ് കഥ പറഞ്ഞത് എങ്കിലും ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം മികച്ച ഒരു കഥ പറയുന്നതിനൊപ്പം പ്രേക്ഷകനെ രസിപ്പിക്കുന്ന ഒരു ചിത്രമാക്കി മാറ്റുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. മികച്ച കഥാ സന്ദർഭങ്ങളിലൂടെ പ്രേക്ഷകനെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിച്ച സലിം അഹമ്മദ് തന്റെ സംവിധാന മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെ ഒരുക്കിയ തിരക്കഥയാണ്‌ ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയാം. ഏറ്റവും മികച്ച രീതിയിൽ വൈകാരിക മുഹൂർത്തങ്ങളും പ്രചോദനം നൽകുന്ന കഥാ സന്ദർഭങ്ങളും ആകാംഷ നിറക്കുന്ന രംഗങ്ങളും ചേർത്ത് ഒരുക്കിയ ഈ തിരക്കഥ ഏറ്റവും മികച്ച അടിത്തറയായിരുന്നു ഈ സിനിമയ്ക്കു നൽകിയത്. അതുപോലെ തന്നെ കഥ അവതരിപ്പിച്ച രീതിയിലും അഭിനേതാക്കളെ തിരഞ്ഞെടുത്തതിലും എല്ലാം ഈ മികവ് സംവിധായകൻ പുലർത്തി എന്നതും ചിത്രത്തെ ഗംഭീരമാക്കി മാറ്റിയിട്ടുണ്ട്.

ടോവിനോ തോമസ് ഒരിക്കൽ കൂടി തന്റെ കഥാപാത്രത്തെ വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ മികവുറ്റതാക്കി. വളരെ അനായാസമായും സ്വാഭാവികമായും തന്റെ കഥാപാത്രം അവതരിപ്പിക്കാൻ ടോവിനോക്കു കഴിഞ്ഞു എന്നതാണ് ഈ നടന്റെ വിജയം. പ്രേക്ഷകരെ തനിക്കൊപ്പം കൊണ്ട് പോകാൻ കഴിയുന്നതാണ് ടോവിനോ എന്ന നടന്റെ ഏറ്റവും വലിയ കഴിവ്. നായികയായി എത്തിയ അനു സിതാര ഒരിക്കൽ കൂടി തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ കയ്യിൽ എടുത്തു എന്ന് നിസംശയം പറയാം. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സിദ്ദിഖ്, ലാൽ, ശ്രീനിവാസൻ, സലിം കുമാർ, ശരത് കുമാർ, വിജയ രാഘവൻ മറ്റു വിദേശ താരങ്ങൾ എന്നിവരും തങ്ങളുടെ വേഷങ്ങൾ പ്രേക്ഷകരുടെ കയ്യടി കിട്ടുന്ന വിധം മനോഹരമാക്കി മാറ്റിയിട്ടുണ്ട്.

മധു അമ്പാട്ട് നൽകിയ വളരെ മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായപ്പോൾ ബിജിപാൽ നൽകിയ പശ്ചാത്തല സംഗീതവും അദ്ദേഹം ഈണമിട്ട ഗാനങ്ങളും മികച്ച നിലവാരം പുലർത്തി. അത് പോലെ തന്നെ ചിത്രത്തിന് മികച്ച വേഗത നൽകുന്നതിൽ എഡിറ്റർ വിജയ് ശങ്കർ വഹിച്ച പങ്കും നമ്മുക്ക് മറക്കാൻ പറ്റില്ല. ചിത്രത്തിന് മികച്ച സാങ്കേതിക നിലവാരം ഉറപ്പാക്കാനും സലിം അഹമ്മദിന് സാധിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി ആണ്.

ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ഈ ചിത്രം ഒരു തികഞ്ഞ ക്ലാസ് എന്റെർറ്റൈനെർ ആണ്. വളരെ വ്യത്യസ്തമായതും നിങ്ങളുടെ മനസ്സുകളെ തൊടുന്നതുമായ ഒരു കഥ പറയുന്ന ഒരു ചിത്രം. നല്ല സിനിമകളെ സ്നേഹിക്കുന്ന എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം ഒരു അനുഭവം ആയിരിക്കുമെന്നുറപ്പാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close