ഇരുപത്തിയൊന്നാം നൂറ്റാണ്ട് മകന്റെ തന്നെ; വീണ്ടും വിജയം കണ്ട് പ്രണവും അരുൺ ഗോപിയും..!

Advertisement

ഏറെ കാത്തിരിപ്പിനൊടുവിൽ ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ഫാമിലി എന്റെർറ്റൈനെർ . രാമലീല എന്ന വമ്പൻ വിജയം നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറിയ അരുൺ ഗോപി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്. സംവിധായകൻ അരുൺ ഗോപി തന്നെ രചനയും നിരവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പുതുമുഖമായ സായ ഡേവിഡ് ആണ്. ഇതിന്റെ പോസ്റ്ററുകളും ട്രെയ്‌ലറും ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. പ്രണവ് അവതരിപ്പിക്കുന്ന അപ്പു എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഒരു സർഫിംഗ് ഇൻസ്ട്രക്ടറുടെ കഥാപാത്രം ആണ് പ്രണവിന്റെ അപ്പു. ഈ അപ്പുവിന്റെ ജീവിതത്തിൽ സായ എന്ന ഒരു പെൺകുട്ടി കടന്നു വരികയും അതിനെ തുടർന്ന് അവനു നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രം നമ്മളോട് പറയുന്നത്.

ചുരുക്കി പറഞ്ഞാൽ ഒരു കിടിലൻ എന്റെർറ്റൈനെർ തന്നെയാണ് അരുൺ ഗോപി ഒരിക്കൽ കൂടി നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. ഒരു സംവിധായകൻ എന്ന നിലയിൽ അരുൺ ഗോപി പുലർത്തിയ കയ്യടക്കമാണ് ഈ സിനിമയുടെഏറ്റവും വലിയ മികവ്. കാരണം, അത്ര മികച്ച രീതിയിൽ സാങ്കേതികപരമായും കഥാപരമായും ഈ ചിത്രത്തെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കാൻ അരുൺ ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം തന്നെ എഴുതിയ തിരക്കഥ ആയിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ല്. ആദ്യമായാണ് അദ്ദേഹം തിരക്കഥ ഒരുക്കിയത് എങ്കിലും രചനയിൽ അതിന്റെ പ്രശനങ്ങൾ ഒന്നും തന്നെ പ്രതിഫലിച്ചില്ല എന്നും പറയാം. ആവേശകരമായ രംഗങ്ങൾ കൊണ്ട് നിറഞ്ഞ തിരക്കഥ ആദ്യാവസാനം പ്രേക്ഷകനെ ഒരുപാട് രസിപ്പിക്കുന്ന രീതിയിലും കൂടിയാണ് ഒരുക്കിയത്. കഥാപാത്രങ്ങൾക്ക് വ്യക്തമായ ഐഡന്റിറ്റി നൽകാനും കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ ഹൃദയങ്ങളിലെത്തിക്കാനും അരുൺ ഗോപിയുടെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യാവസാനം ആവേശകരമായ രീതിയിൽ ആണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്. കോമെടിയും റൊമാന്സും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും എല്ലാം കൃത്യമായ അളവിൽ കൂട്ടിയിണക്കിയാണ് ഈ ചിത്രം അരുൺ ഗോപി നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.

Advertisement

പ്രണവ് മോഹൻലാൽ എന്ന യുവ നടന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്നത്. ആക്ഷൻ രംഗങ്ങളിൽ തകർപ്പൻ പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചത്. അതുപോലെ ഡയലോഗ് ഡെലിവെറിയിലും മറ്റും തന്റെ ആദ്യ ചിത്രത്തേക്കുള്ള മികവ് പുലർത്താനും പ്രണവിന് സാധിച്ചിട്ടുണ്ട്. ബാബ എന്ന കഥാപാത്രമായി അഭിനയിച്ച മനോജ് കെ ജയനും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചപ്പോൾ നായികാ വേഷത്തിൽ എത്തിയ സായ ഡേവിഡും തന്റെ വേഷം ഏറ്റവും ഭംഗിയാക്കി. ഇവർക്ക് പുറമെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിരവ്, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ , ബിജു കുട്ടൻ, ഇന്നസെന്റ്, ഷാജു, സിദ്ദിഖ്, ആന്റണി പെരുമ്പാവൂർ, ടിനി ടോം, ഗോകുൽ സുരേഷ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു.

അഭിനന്ദം രാമാനുജൻ ഒരുക്കിയ ദൃശ്യങ്ങൾ മികച്ച മാസ്സ് അപ്പീൽ ചിത്രത്തിന് നൽകിയപ്പോൾ ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ അദ്ദേഹം ഒരുക്കിയ ഗാനങ്ങളും ഈ സിനിമയുടെ എനർജി ലെവൽ കൂട്ടിയിട്ടുണ്ട് . എഡിറ്റിംഗ് നിർവഹിച്ച വിവേക് ഹർഷൻ എന്ന പ്രതിഭ ഒരിക്കൽ കൂടി തന്റെ മികവ് പുലർത്തിയപ്പോൾ മികച്ച വേഗതയിൽ ആണ് ഈ ചിത്രം മുന്നോട്ടു പോയത് എന്ന് പറയാം. സുപ്രീം സുന്ദർ, പീറ്റർ ഹെയ്‌ൻ എന്നിവർ ഒരുക്കിയ സംഘട്ടനവും ഗംഭീരമായി തന്നെ വന്നിട്ടുണ്ട്. ചുരുക്കി പറയുകയാണെങ്കിൽ സാങ്കേതികമായും കഥാപരമായതും മികച്ച നിലവാരം പുലർത്തുന്ന ഒരു കിടിലൻ ത്രില്ലിംഗ് ഫാമിലി എന്റെർറ്റൈനെർ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പക്കാ എന്റെർറ്റൈനെറുകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കാതെ ഒരു ചിത്രമാണ് ഇതെന്ന് നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. രാമലീലയിൽ നേടിയ വിജയം അരുൺ ഗോപി ഒരിക്കൽ കൂടി ആവർത്തിക്കും എന്ന് നിസംശയം പറയാം നമ്മുക്ക്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close