
മലയാളത്തിൽ ഏറ്റവും നന്നായി കോമഡി ചെയ്യുന്ന നായകൻ ആരെന്ന ചോദ്യത്തിന് അന്നും ഇന്നും ഉള്ള ഉത്തരം മോഹൻലാൽ എന്ന് തന്നെയാണ്. അത്രയധികം ഈ നടൻ നമ്മളെ തന്റെ അസാധ്യമായ കോമഡി ടൈമിംഗ് കൊണ്ട് ചിരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറേ നാളുകൾക്കു ശേഷം മോഹൻലാൽ ഒരു കോമഡി സിനിമ ചെയ്യുന്നു എന്നത് തന്നെ ആയിരുന്നു രഞ്ജിത് ഒരുക്കിയ ഡ്രാമയുടെ സവിശേഷത. ഒരുപാട് മാസ്സ് ഹിറ്റുകൾ നമ്മുക്ക് തന്നിട്ടുള്ള ഈ കൂട്ടുകെട്ടിൽ നിന്നെത്തുന്ന ആദ്യത്തെ കോമഡി എന്റെർറ്റൈനെർ ആണ് ഡ്രാമ. ഏകദേശം മുഴുവനായും ലണ്ടനിൽ ഷൂട്ട് ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്നാണ്. രഞ്ജിത് തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും കാണികളെ ഈ ചിത്രത്തിലേക്ക് ഏറെ ആകർഷിച്ച കാര്യമാണ്.
ലണ്ടൻ നഗരത്തിന്റെ പ്രാന്ത പ്രദേശത്തു നടക്കുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ കഥ നമ്മളോട് പറയുന്നത്. അവിടെ തന്റെ ജീവിതം കെട്ടിപ്പടുക്കാൻ പല പല വഴികൾ നോക്കി പരാജയപ്പെട്ട രാജഗോപാൽ എന്ന കഥാപാത്രം ആയാണ് മോഹൻലാൽ എത്തുന്നത്. അങ്ങനെ ഫ്യൂണറൽ ഡയറക്ടർ എന്നൊരു പുതിയ ജോലി രാജഗോപാൽ ഏറ്റെടുക്കയും ചെയ്യുന്നു. പിന്നീട് നടക്കുന്ന ഒരു മരണവും അതിനെ ചുറ്റിപറ്റി നടക്കുന്ന രസകരവും നാടകീയവുമായ സംഭവ വികാസങ്ങളുമാണ് ഈ ചിത്രം നമ്മളോട് പറയുന്നത്.
രഞ്ജിത് എന്ന സംവിധായകന്റെ പേര് തന്നെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതോടൊപ്പം മോഹൻലാൽ എന്ന് കൂടി ചേരുമ്പോൾ ആ പ്രതീക്ഷ ആകാശം മുട്ടും. ഇതുവരെ നമ്മൾ മോഹൻലാൽ- രഞ്ജിത് കൂട്ടുകെട്ടിൽ നിന്ന് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥ പറഞ്ഞു കൊണ്ട്, വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു കൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ ഒരു ചിത്രവുമായി വന്നിരിക്കുകയാണ് രഞ്ജിത് എന്ന് പറയാം. പ്രേക്ഷകരുടെ മനസ്സുമായി കണക്ട് ചെയ്യാൻ വളരെ വേഗം സാധിക്കുന്ന ലളിതമായ എന്നാൽ രസകരമായ ഒരു ചിത്രമാണ് ഡ്രാമ എന്ന ഈ രഞ്ജിത്- മോഹൻലാൽ ചിത്രം. രഞ്ജിത് തന്നെയൊരുക്കിയ മികച്ച തിരക്കഥയുടെ ലാളിത്യവും അതേ സമയം കഥയുടെ ആഴം നഷ്ടപ്പെടാതെ തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കിയ അദ്ദേഹത്തിന്റെ സംവിധാന മികവുമാണ് ഡ്രാമയെ മനോഹരമാക്കുന്നതു. മോഹൻലാൽ എന്ന എന്ന നടനെ ഉപയോഗിക്കുന്ന രസകരമായ മുഹൂർത്തങ്ങളും ഒരുപാടുണ്ട് ഈ ചിത്രത്തിൽ. നമ്മുടെ ജീവിതത്തിൽ നമ്മൾ കാണുന്ന കുടുംബ ബന്ധങ്ങളിലെ ചില കാഴ്ചകൾ സിനിമയുടെ നിറം ചേർത്ത് എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന വിഭവങ്ങൾ കോർത്തിണക്കി നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജിത് ഈ ചിത്രത്തിലൂടെ. വളരെ രസകരമായ കഥാ സന്ദർഭങ്ങളും, സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട് എന്നത് തന്നെയാണ് ഡ്രാമയുടെ പ്രത്യേകത.
രാജഗോപാൽ എന്ന കഥാപാത്രമായുള്ള മോഹൻലാലിന്റെ മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രേത്യേകത. ഒരു പക്ഷെ മോഹൻലാൽ എന്ന നടനെ ഇത്ര ലാളിത്യത്തോടെ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല എന്ന് പറയാം..അത്രയധികം രസകരവും എനെർജിറ്റിക്കും ആയിരുന്നു രാജഗോപാൽ ആയുള്ള ഈ നടന്റെ പ്രകടനം. കോമഡി ടൈമിങ്ങിൽ താൻ ഇപ്പോഴും തമ്പുരാൻ തന്നെയെന്ന് കാണിച്ചു തരുന്ന പ്രകടനമാണ് മോഹൻലാൽ തന്നത്. ആശ ശരത് രേഖ എന്ന കഥാപാത്രത്തെ മനോഹരമാക്കിയപ്പോൾ ജോമോൻ ആയി നിരഞ്ച് എന്ന യുവ നടനും തന്റെ ഭാഗം മികച്ചതാക്കി. ജോണി ആന്റണി, ബൈജു എന്നിവരും മോഹൻലാലുമായുള്ള കോമ്പിനേഷൻ സീനുകൾ അതീവ രസകരമായിരുന്നു. ഇവർ രണ്ടുപേരുമാണ് മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ ഏറെ കയ്യടി നേടുന്നത്. അതിൽ തന്നെ മോഹൻലാൽ- ബൈജു കൂട്ടുകെട്ട് ഗംഭീരമായിരുന്നു. അത് പോലെ തന്നെ മറ്റു കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിൽ എത്തിച്ച ദിലീഷ് പോത്തൻ, ടിനി ടോം, കനിഹ, സുരേഷ് കൃഷ്ണ , രഞ്ജി പണിക്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. അരുന്ധതി നാഗ് എന്ന നടി ശ്കതമായ പ്രകടനമാണ് ഈ ചിത്രത്തിലൂടെ നടത്തിയത് എന്ന് പറയാം. നമ്മൾ കണ്ടു കയ്യടിച്ചിരുന്ന ആ പഴയ മോഹൻലാൽ സ്പെഷ്യൽ കോമഡി ടൈമിംഗ് ആണ് ഈ ചിത്രത്തിലൂടെ വീണ്ടും കണ്ടത് എന്നത് തന്നെയാണ് ഡ്രാമയുടെ ഹൈലൈറ്റ്.
അഴകപ്പൻ നൽകിയ ദൃശ്യങ്ങൾ മികവ് പുലർത്തിയപ്പോൾ ചിത്രത്തിലെ കഥാന്തരീക്ഷം പ്രേക്ഷകന്റെ മനസിൽ വരെ വേഗം പതിഞ്ഞു. അത് പോലെ തന്നെയായിരുന്നു വിനു തോമസ് ഒരുക്കിയ സംഗീതവും. മികച്ച നിലവാരം പുലർത്തിയ പശ്ചാത്തല സംഗീതവും ചിത്രത്തെ മനോഹരമാക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിച്ചത്. പ്രശാന്ത് നാരായണൻ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം ഒരിക്കലും പ്രേക്ഷകനെ മുഷിപ്പിക്കുന്ന വേഗതയിലേക്കു താഴ്ന്നു പോയില്ല എന്നതും ചിത്രത്തെ കൂടുതൽ എന്റർടൈനിംഗ് ആക്കി മാറ്റി.
ഈ അടുത്ത കാലത്തു മലയാള സിനിമയിൽ വന്ന ഏറ്റവും രസകരമായ കുടുംബ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ- രഞ്ജിത് ടീമിന്റെ ഡ്രാമ എന്ന ഈ ചിത്രമെന്ന് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും . നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഈ ചിത്രം കുടുംബങ്ങളുടെ പ്രേക്ഷകരെ ഒരുപാട് ആകർഷിക്കും എന്നത് ഉറപ്പാണ്. ഒരു നിമിഷം പോലും പ്രേക്ഷകനെ ബോറപ്പിക്കാത്ത ഒരു പക്കാ ഫീൽ ഗുഡ് ഫാമിലി കോമഡി എന്റെർറ്റൈനെർ എന്ന് ഈ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം.