മെഗാസ്റ്റാർ ചിത്രം ദി പ്രീസ്റ്റ് റിവ്യൂ വായിക്കാം….

Advertisement

കോവിഡ് പ്രതിസന്ധി സൃഷ്ട്ടിച്ച വലിയ ഇടവേളയ്ക്കു ശേഷം ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത ബിഗ് ബഡ്ജറ്റ് മലയാളം ചിത്രമാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ദി പ്രീസ്റ്റ്. നവാഗതനായ ജോഫിൻ ടി ചാക്കോ കഥ രചിച്ചു സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ്. ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു മിസ്റ്ററി- ഹൊറർ ത്രില്ലർ മൂഡിലാണ് സംവിധായകൻ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതിക മേന്മയുള്ള ഒരു ഹൊറർ – മിസ്റ്ററി ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിലേക്ക് ദി പ്രീസ്റ്റിനെ നമ്മുക്ക് നിസംശയം ചേർത്തു വെക്കാം.

ബെനഡിക്ട് എന്ന് പേരുള്ള ഒരു വൈദികൻ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കുറ്റാന്വേഷണങ്ങളും പ്രേതാന്വേഷണങ്ങളുമായി ജീവിക്കുന്ന ഈ കഥാപാത്രത്തിന്റെ മുന്നിലേക്ക് കടന്നു വരുന്ന ഒരു കേസിനും അതിന്റെ ഭാഗമായി ഫാദർ കണ്ടു മുട്ടുന്ന അമേയ എന്ന പെണ്കുട്ടിക്കും ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സസ്പെൻസ് എലമെന്റുകൾ നിറഞ്ഞ ഒരു പ്രമേയം ആയാൽ കൂടുതൽ കഥാംശം വെളിപ്പെടുത്തുന്നത് ശെരിയല്ല.

Advertisement

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധാന കലയിൽ തനിക്കുള്ള കയ്യടക്കം തെളിയിക്കാൻ ജോഫിൻ എന്ന യുവാവിന് സാധിച്ചിട്ടുണ്ട് എന്ന് നമ്മുക്ക് പറയാൻ സാധിക്കും. ഹൊററും സസ്പെന്സും ത്രില്ലും ദുരൂഹതയും നിറഞ്ഞ കഥ, ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദീപു, ശ്യാം എന്നിവർ ആവേശകരമായ ഘടകങ്ങൾ കൂട്ടിയിണക്കിയാണ് തിരക്കഥ ഒരുക്കിയത്. അതോടൊപ്പം കഥാപാത്രങ്ങളെയും കഥാ സന്ദര്ഭങ്ങളെയും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാനും ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡ് പ്രേക്ഷകനിലേക്കു പകർന്നു നൽകാനും ജോഫിന് ഒരു സംവിധായകൻ എന്ന നിലയിൽ സാധിച്ചിട്ടുണ്ട് . ഒരു മിസ്റ്ററി- ഹൊറർ ത്രില്ലറിൽ നിന്ന് പ്രേക്ഷകർ എന്ത് പ്രതീക്ഷിക്കുന്നു എന്നറിഞ്ഞു കൊണ്ട്, അവരുടെ പൾസ് അറിഞ്ഞു കൊണ്ട് തന്നെയീ ചിത്രമൊരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. ആവേശകരമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ ചിത്രം പൂർണ്ണമായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ തന്നെയായിരുന്നു. ഹൊറർ, ക്രൈം, മിസ്റ്ററി എലമെന്റുകൾ നിറഞ്ഞ ഈ ചിത്രത്തിൽ വൈകാരിക മുഹൂര്തങ്ങൾക്കും കൃത്യമായ പ്രാധാന്യം ഉണ്ടെന്നതും ഇതിന്റെ പ്ലസ് പോയിന്റാണ്.

ഫാദർ ബെനഡിക്ട് ആയി മമ്മൂട്ടി ഗംഭീര പെർഫോമൻസ് ആണ് കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ വോയിസ് മോഡുലേഷനും അതുപോലെ ശരീര ഭാഷയും ഏറെ കയ്യടി നേടി. അത്രമാത്രം വിശ്വസനീയമായി തന്റെ കഥാപാത്രത്തിന് ഈ നടൻ ജീവൻ നൽകി. ജെസ്സി ആയെത്തിയ നിഖില വിമൽ എപ്പോഴത്തെയും പോലെ ഈസി ആയി തന്നെ തന്റെ വേഷം അഭിനയിച്ചു ഫലിപ്പിച്ചു കയ്യടി നേടിയപ്പോൾ, സൂസൻ എന്ന കഥാപാത്രമായി എത്തിയ മഞ്ജു വാര്യരും തിളങ്ങി. അത് പോലെ തന്നെ എടുത്തു പറയേണ്ട പ്രകടനം ആണ് അമേയ എന്ന കഥാപാത്രമായി എത്തിയ ബാലതാരം ബേബി മോണിക്ക നൽകിയത്. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വെങ്കിടേഷ്, ടി ജി രവി, രമേശ് പിഷാരടി, ജഗദീഷ്, മധുപാൽ എന്നീ അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന്റെ മികവായി മാറിയിട്ടുണ്ട്.

അഖിൽ ജോർജ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിലെ മിസ്റ്ററി, ഹൊറർ എലമെന്റുകൾ നിറഞ്ഞ അന്തരീക്ഷം പ്രേക്ഷക മനസ്സിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചപ്പോൾ രാഹുൽ രാജ് ഒരുക്കിയ സംഗീതവും ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും അഖിൽ ജോർജിന്റെ ഗംഭീര ദൃശ്യങ്ങളുമാണ് കഥ പ്രേക്ഷകനിലേക്കു കൂടുതൽ നന്നായി ഇറങ്ങി ചെല്ലാൻ കാരണമായത്. ഷമീർ മുഹമ്മദ് നിർവഹിച്ച എഡിറ്റിംഗും മികച്ചു നിന്നത് ആദ്യം മുതൽ അവസാനം വരെ മികച്ച വേഗത ചിത്രത്തിന് ലഭിച്ചതിനു കാരണമായി.

ദി പ്രീസ്റ്റ് എന്ന ചിത്രം നൽകുന്നത് മലയാള സിനിമയിൽ നമ്മൾ ഒരുപാട് കാണാത്ത ഒരു ചലച്ചിത്രാനുഭവം ആണ്. മിസ്റ്ററി- ഹൊറർ ത്രില്ലർ ചിത്രങ്ങളുടെ ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു വ്യത്യസ്തമായ ത്രില്ലർ ആണ് ദി പ്രീസ്റ്റ് എന്ന് നമ്മുക്ക് പറയാൻ സാധിക്കും. സാങ്കേതിക തികവിൽ ഏറെ മുന്നിട്ടു നിൽക്കുന്ന ഈ ചിത്രം ഒരിക്കലും പ്രേക്ഷകരെ നിരാശരാക്കില്ല എന്നുറപ്പ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close