തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ആരാധകരുടെയും സിനിമ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തമിഴ് ചിത്രമാണ് എതർക്കും തുനിന്ദവൻ. സൂപ്പർ ഹിറ്റ് ആയ ഒരുപിടി മികച്ച തമിഴ് വിനോദ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള പാണ്ഡിരാജ് രചിച്ചു സംവിധാനം ഈ ആക്ഷൻ സിനിമ നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. പ്രിയങ്ക അരുൾ മോഹൻ ആണ് ഈ മാസ്സ് ആക്ഷൻ ഡ്രാമയിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഇതിന്റെ ഗംഭീര ട്രൈലെർ, ടീസർ എന്നിവ സൃഷ്‌ടിച്ച ഹൈപ്പോടു കൂടി തന്നെയാണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിയത്. സൂര്യ ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താത്ത രീതിയിൽ തന്നെ ആണ് ഈ ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത് എന്ന് പറയാം.
കണ്ണബിരൻ എന്ന വക്കീൽ ആയാണ് സൂര്യ ഈ ചിത്രത്തിൽ എത്തുന്നത്. ഈ കഥാപാത്രം ഏഴോളം കൊല ചയ്യുന്നതു ആണ് സിനിമയുടെ തുടക്കത്തിൽ തന്നെ കാണിക്കുന്നത്. എന്താണ് അതിനു കാരണമെന്നും, എങ്ങനെയാണു അത് സംഭവിച്ചത് എന്നും ഫ്ലാഷ് ബാക്കിലൂടെ പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. അച്ഛനോടും അമ്മയോടുമൊപ്പം താമസിക്കുന്ന കണ്ണബിരന്റെ ജീവിതത്തിലേക്ക് ആധിനി എന്ന യുവതി കടന്നു വരുന്നതും, അതിന്റെ ഇടയിൽ സ്ത്രീകളുടെ മോശം വീഡിയോ പകർത്തി അവരെ ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഗാങ്ങിന്റെ തലവനായി വിനയ് അവതരിപ്പിക്കുന്ന ഇൻബ കൂടി കണ്ണബിരന്റെ ജീവിതത്തിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വക്കീലായ കണ്ണബിരന് അവസാനം ന്യായത്തിനു വേണ്ടി വിധികർത്താവും ആരാച്ചാരുമായി മാറേണ്ടി വരുന്നത് എങ്ങനെയെന്ന് ചിത്രം കാണിച്ചു തരുന്നു.
സൂര്യ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ഡ്രാമയാണ് പാണ്ഡിരാജ് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നതെന്നു പറയാം. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ആരാധകർക്ക് ആഘോഷിക്കാൻ ഉള്ളതിനൊപ്പം തന്നെ സൂര്യ എന്ന മികച്ച നടനെ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള പരിശ്രമവും ഈ സംവിധായകൻ നടത്തിയിട്ടുണ്ട് എന്ന് എടുത്തു പറഞ്ഞേ പറ്റു. അനാവശ്യമായി മാസ്സ് രംഗങ്ങൾ കുത്തിത്തിരുകാതെ കഥാ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും ഏറ്റവും ഗംഭീരമായി അവതരിപ്പിക്കുകയാണ് സംവിധായകൻ എന്ന നിലയിൽ പാണ്ഡിരാജ് ചെയ്തത്. സൂര്യക്കൊപ്പം തന്നെ ഈ ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും വ്യക്തമായ ഐഡന്റിറ്റി നൽകാനും അത് പോലെ തന്നെ കഥാ സന്ദര്ഭങ്ങൾക്കു വിശ്വസനീയത പകരാനും പാണ്ഡിരാജിന് സാധിച്ചു. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, കിടിലൻ ഡയലോഗുകളും കോർത്തിണക്കിയ ഈ ചിത്രം തുടക്കം മുതൽ ഒടുക്കം വരെ ആരാധകർക് ആഘോഷിക്കാവുന്ന മാസ്സ് ചിത്രമാണ്. എന്നാൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഉള്ള ഒരു സന്ദേശം കൂടി നല്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആക്ഷന് പുറമെ പ്രണയവും കൊമേഡിയും മനസ്സിൽ തൊടുന്ന വൈകാരിക മുഹൂർത്തങ്ങളും കഥയിൽ ഉൾപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.
ഗംഭീരമായ പ്രകടനമാണ് സൂര്യ ഒരിക്കൽ കൂടി കാഴ്ച വെച്ചതെന്ന് പറയാം . തന്റെ ഗംഭീരമായ സ്ക്രീൻ പ്രസൻസ് കൊണ്ടും ആക്ഷൻ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും പുലർത്തിയ മികവ് കൊണ്ടും സൂര്യ മുഴുവൻ സിനിമാ പ്രേമികളുടെയും കയ്യടി നേടി എടുത്തു. കണ്ണബിരൻ എന്ന കഥാപാത്രമായി, മിന്നുന്ന പ്രകടനമാണ് അദ്ദേഹം നടത്തിയത്. നായികയായെത്തിയ പ്രിയങ്ക അരുൾ മോഹൻ തന്റെ വേഷം ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ചപ്പോൾ, മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സത്യരാജ്, ശരണ്യ പൊൻവണ്ണൻ, സൂരി, വില്ലൻ വേഷം ചെയ്ത വിനയ്, ഹരീഷ് പേരാടി എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. ഈ ചിത്രത്തിന് വേണ്ടി ആർ രത്‌നവേലു എന്ന ക്യാമറാമാൻ നൽകിയ സംഭാവന എടുത്തു പറയേണ്ടതാണ്. മികച്ച ദൃശ്യങ്ങളാണ് അദ്ദേഹം ഇതിനു വേണ്ടി ഒരുക്കിയത്. ആ ദൃശ്യങ്ങളോട് ഡി ഇമ്മൻ ഒരുക്കിയ മാസ്സ് പശ്‌ചാത്തല സംഗീതം കൂടി ഇഴ ചേർന്നതോടെ ഇതിലെ മാസ്സ് സീനുകളും വൈകാരിക രംഗങ്ങളും ഒന്നിനൊന്നു മികച്ചു നിന്നു. എന്നാൽ ഡി ഇമ്മൻ ഒരുക്കിയ ഗാനങ്ങൾ ശരാശരിയിലും താഴെ നിലവാരം ആണ് പുലർത്തിയത് എന്നത് നെഗറ്റിവ് ആയി മാറി. റൂബൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ക്ലിഷേ സീനുകൾ ഒരുപാടുള്ള ചിത്രം മികച്ച വേഗതയിൽ തന്നെ മുന്നോട്ടു പോയത് റൂബന്റെ എഡിറ്റിംഗ് മികവ് കൊണ്ടാണ്.
എതർക്കും തുനിന്ദവൻ ഒരു മികച്ച മാസ്സ് എന്റർടൈനറാണ് എന്ന് തീർത്തു പറയാൻ സാധിക്കും. പ്രേക്ഷകനെ ആഘോഷത്തിന്റെയും ആവേശത്തിന്റെയും ലോകത്തു എത്തിക്കുന്ന ഒരു പക്കാ പൈസ വസൂൽ എന്റെർറ്റൈനെർ തന്നെയാണ് സൂര്യയും പാണ്ഡിരാജ് എന്ന സംവിധായകനും ചേർന്ന് നമ്മുക്ക് മുന്നിൽ കൊണ്ട് വന്നിരിക്കുന്നത്. പറഞ്ഞു പഴകിയ ഒരു കഥയും പശ്‌ചാത്തലവുമാണ് എന്നൊരു നെഗറ്റീവ് പറയാമെങ്കിലും, അതിനെ വളരെ നന്നായി, പ്രേക്ഷകന് ആസ്വാദ്യകരമായ രീതിയിൽ ഒരുക്കാൻ സാധിച്ചതാണ് ഈ ചിത്രത്തിന്റെ വിജയം.