തലൈവർ ചിത്രം ദർബാർ; റിവ്യൂ വായിക്കാം

Advertisement

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമാണ് ദർബാർ. ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. സംവിധായകൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം സുനിൽ ഷെട്ടി വില്ലൻ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ഗാനങ്ങൾ, പോസ്റ്ററുകൾ എന്നിവ വലിയ പ്രതീക്ഷകൾ ആണ് റിലീസിന് മുൻപേ ഇതിനെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയത്.

ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസർ ആയാണ് സൂപ്പർ സ്റ്റാർ രജനികാന്ത് ഈ ചിത്രത്തിൽ എത്തുന്നത്. മുംബൈ സിറ്റിയിലെ മയക്കു മരുന്ന് മാഫിയയെ തുടച്ചു നീക്കാനുള്ള ദൗത്യവുമായി എത്തുന്ന ആദിത്യ അരുണാചലത്തിന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. രജനികാന്ത് എന്ന സൂപ്പർ സ്റ്റാറിനെ ആരാധകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ ഉള്ള എല്ലാ കഥാസന്ദർഭങ്ങളും കൂട്ടിച്ചേർത്താണ് എ ആർ മുരുഗദോസ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം.

Advertisement
Darbar Review

ഒരിക്കൽ കൂടി നിയമത്തിന്റെ വഴിയേ സഞ്ചരിക്കാതെ, സ്വന്തം രീതികളിലൂടെ നീതിന്യായം നടപ്പിലാക്കുന്ന ഒരു നായകന്റെ കഥയാണ് എ ആർ മുരുഗദോസ് പറഞ്ഞിരിക്കുന്നത്. നായകൻ ഒരു പോലീസ് ഓഫീസർ ആണെങ്കിൽ കൂടി ദർബാറിലും ഈ സംവിധായകൻ കഥ അവതരിപ്പിച്ചിരിക്കുന്നത് ആ രീതിയിൽ തന്നെയാണ്. സൂപ്പർ സ്റ്റാർ ഫാൻസിനു ആഘോഷിക്കാൻ ഉള്ള വകുപ്പ് ആ ശൈലി നൽകുന്നുണ്ട് എടുത്തു പറയേണ്ട കാര്യമാണ്. ആദ്യ രംഗം മുതൽ തന്നെ ആദിത്യ അരുണാചലം ഇങ്ങനെയാണ് പെരുമാറാൻ പോകുന്നത് എന്ന കാര്യം പ്രേക്ഷകരുടെ മനസ്സിൽ എത്തിക്കാൻ സംവിധായകന് സാധിച്ചത് കൊണ്ട് തന്നെ ചിത്രം എന്റർടൈനിംഗ് ആക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ തർക്കമില്ല.

Darbar Review

സുനിൽ ഷെട്ടി അവതരിപ്പിക്കുന്ന ഹരി ചോപ്ര എന്ന വില്ലൻ രംഗ പ്രവേശം ചെയ്യുകയും ആദിത്യ അരുണാചലത്തിന്റെ കുടുംബത്തെ ലക്ഷ്യമാക്കുകയും ചെയ്യുന്നതോടെ ആണ് ഈ ചിത്രത്തിന്റെ കഥ വികസിച്ചു തുടങ്ങുന്നത്. അവിടുന്ന്, കാർത്തിക് സുബ്ബരാജ് പേട്ട എന്ന ചിത്രത്തിൽ ചെയ്തത് പോലെ തന്നെ ദർബാർ ഒരു രജനികാന്ത് ആഘോഷമാക്കി മാറ്റുകയാണ് എ ആർ മുരുഗദോസ്സും ചെയ്തത്. ആരാധകർക്ക് കയ്യടിക്കാനും വിസിലടിക്കാനും ഉള്ളത് നിർലോഭം നൽകിക്കൊണ്ടാണ് അദ്ദേഹം പിന്നീട് നടക്കുന്ന സംഭവ വികാസങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം മകൾ ആയി എത്തിയ നിവേദ താമസും ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചത്.

ചിത്രത്തിലെ വൈകാരിക തലം തന്നെ ഇവർ തമ്മിലുള്ള അച്ഛൻ- മകൾ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. അത് ചിത്രത്തെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. രജനികാന്ത് എന്ന താരത്തെ ആഘോഷിക്കുമ്പോഴും അദ്ദേഹത്തിലെ നടനെ എ ആർ മുരുഗദോസ് ഉപയോഗിക്കാൻ ശ്രമിച്ച വളരെ ചുരുക്കം ചില സന്ദർഭങ്ങൾ നിവേദ തോമസും ആയുള്ള കോമ്പിനേഷൻ സീനുകളിൽ ആണ്. എന്നാൽ ലില്ലി എന്ന നായികാ കഥാപാത്രം ആയി എത്തിയ നയൻ താരക്ക് കാര്യമായി എന്നും ചെയ്യാൻ ഉണ്ടായില്ല എന്നത് നായികയെ വെറും ഷോ പീസ് മാത്രമാകുന്ന സൂപ്പർ താര ചിത്രങ്ങളുടെ മറ്റൊരു തുടർച്ചയായി. നായകനെ ആഘോഷിക്കുന്ന തിരക്കിൽ സുനിൽ ഷെട്ടി അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് വേണ്ടത്ര ശ്കതി പകരാൻ എ ആർ മുരുഗദോസിനു സാധിച്ചില്ല.

Darbar Review

അനിരുദ്ധ് ഒരുക്കിയ സംഗീതം സംതൃപ്തി നൽകിയപ്പോൾ സന്തോഷ് ശിവന്റെ ദൃശ്യങ്ങൾ ഒരു മാസ്സ് ചിത്രം ആവശ്യപ്പെട്ട അന്തരീക്ഷം വളരെ കൃത്യമായി തന്നെ ഒരുക്കി നൽകി. വളരെ മികച്ച രീതിയിൽ തന്നെ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട് എങ്കിലും രണ്ടാം പകുതിയിൽ എവിടൊക്കെയോ ചിത്രത്തിന്റെ വേഗതക്കു ഭംഗം വരുന്നുണ്ടായിരുന്നു.

എന്നിരുന്നാലും, ഒരു രജനികാന്ത് ആഘോഷം എന്ന നിലക്കും ഒരു പക്കാ മാസ്സ് കൊമേർഷ്യൽ ചിത്രം തന്നെയാണ് ദർബാർ. എ ആർ മുരുഗദോസ്- രജനികാന്ത് എന്ന പേരുകൾ നൽകുന്ന അമിത പ്രതീക്ഷകളുടെ ഭാരം ഇറക്കി വെച്ച് പോയാൽ പ്രേക്ഷകരെ പൂർണ്ണമായും എന്റെർറ്റൈൻ ചെയ്യിക്കാൻ കഴിയുന്ന ഒരു മാസ്സ് ചിത്രം എന്ന് ദർബാറിനെ നമ്മുക്ക് വിശേഷിപ്പിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close