പ്രേക്ഷകർ ഏറെ കാത്തിരുന്ന അല്ലു അർജുൻ ചിത്രമായ പുഷ്പ ആണ് ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്ത പുതിയ തെന്നിന്ത്യൻ സിനിമ. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. അല്ലു അര്ജുന് ഒപ്പം മലയാളത്തിന്റെ താരം ഫഹദ് ഫാസിലും അഭിനയിക്കുന്നു എന്നത് ഈ ചിത്രം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഏറ്റവും വലിയ ഘടകമാണ്. തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വമ്പൻ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കിയിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. വലിയ ഹൈപ്പിൽ വന്ന ചിത്രമായത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുത് തന്നെയാണ്.
ചന്ദന കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പുഷ്പ രാജ് എന്ന് പേരുള്ള കള്ളക്കടത്തുകാരനും കൂലിയുമായാണ് അല്ലു അർജുൻ അഭിനയിക്കുന്നത്. കാടിന്റെ പശ്‌ചാത്തലത്തിൽ വികസിക്കുന്ന ഒരു കഥ കൂടിയായതു കൊണ്ട് തന്നെ ആന്ധ്രയിലെ വനഭാഗങ്ങളിലാണ് ഈ ചിത്രം കൂടുതലും ഷൂട്ട് ചെയ്തിരിക്കുന്നത്. സാധാരണക്കാരനായ ഒരു കൂലിയിൽ നിന്നും ചന്ദനക്കള്ളക്കടത്തു നടത്തുന്ന ഒരു സംഘത്തിന്റെ തലവനായി ഉള്ള പുഷ്പയുടെ വളർച്ചയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അയാൾ എങ്ങനെ വളരുന്നു എന്നതും അതിനിടയിൽ അയാൾക്കു എതിരാളികൾ ആയി ആരൊക്കെ കടന്നു വരുന്നു എന്നതും ഈ ചിത്രത്തിന്റെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നു.
ആദ്യമേ തന്നെ സുകുമാർ എന്ന സംവിധായകന് ഒരു കയ്യടി കൊടുക്കാം. കാരണം സാങ്കേതികപരമായി ഏറ്റവും മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കി നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ ആയാലും, ഗാനങ്ങൾ ആയാലും മാസ്സ് സീനുകൾ ആയാലും ഏറ്റവും മികച്ച രീതിയിൽ തന്നെ അതിനു ദൃശ്യ ഭാഷ നൽകിയിട്ടുണ്ട് സുകുമാർ. ഒരു അല്ലു അർജുൻ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കൊടുക്കുന്നതിനൊപ്പം തന്നെ പ്രധാന കഥയ്ക്ക് ഒരു വ്യത്യസ്തത കൊണ്ട് വരാനും മറ്റു കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുക്കാനും സുകുമാർ ശ്രമിക്കുകയും അതിൽ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം തന്നെ വൈകാരികമായി അവരെ കഥയോട് ചേർത്ത് നിർത്തുന്ന രീതിയിൽ അതവതരിപ്പിക്കാനും സംവിധായകനും എഴുത്തുകാരനും ആയ സുകുമാറിന് കഴിഞ്ഞു. ആവേശം കൊള്ളിക്കുന്ന കഥാ സന്ദർഭങ്ങൾ വളരെ വിശ്വസനീയമായി അവതരിപ്പിച്ചതിനൊപ്പം തന്നെ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങളും ആക്ഷൻ രംഗങ്ങളും ഒരുക്കാനും സുകുമാർ മിടുക്കു കാട്ടി. ഗാനരംഗങ്ങളുടെ മനോഹരമായ ആവിഷ്കാരവും എടുത്തു പറയേണ്ടതാണെങ്കിലും, ചിത്രത്തിൽ കുറച്ചെങ്കിലും കല്ലുകടി ആയതു ഗാനങ്ങൾ കടന്നു വന്ന സമയമാണ് എന്ന് പറയേണ്ടി വരും. മൂന്നു മണിക്കൂറോളം നീളമുള്ള ചിത്രം കുറച്ചൊക്കെ പ്രവചിക്കാൻ പറ്റുന്ന രീതിയിലും ഇടക്കൊക്കെ താഴ്ന്ന വേഗതയിലുമാണ് പോയതെങ്കിലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്താൻ സുകുമാറിന് സാധിച്ചിട്ടുണ്ട്.
അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവരുടെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഭൻവർ സിങ് ശെഖാവത് എന്ന കഥാപാത്രം ആയി ഫഹദ് ഫാസിൽ ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചത്. തന്റെ ആദ്യ തെലുങ്കു ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഫഹദിന് സാധിച്ചു. ആ കഥാപാത്രത്തിന് ഫഹദ് നൽകിയ ശരീര ഭാഷയും ആ കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ച ശൈലിയും ഏറെ ശ്രദ്ധേയമാണ്. അല്ലു അർജുനെക്കാൾ കുറഞ്ഞ സമയം ആണ് ഫഹദിന് ഈ സിനിമയിൽ ഉള്ളു എങ്കിലും പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെക്കാൻ ഫഹദിന് സാധിച്ചു.അതേ സമയം, അല്ലു അർജുൻ നൽകിയത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസ് ആണ്. പുഷ്പ രാജ് എന്ന കഥാപാത്രത്തിന്റെ എല്ലാ ഊർജവും ആവേശവും ഉൾക്കൊണ്ടാണ് അല്ലു അർജുൻ അഭിനയിച്ചത്. ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസങ്ങളും അല്ലു അർജുൻ ഗംഭീരമാക്കിയിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും ഡാൻസ് രംഗങ്ങളിലും അല്ലു അർജുൻ പുലർത്തിയ ചടുലത ആവേശകരമായിരുന്നു. ജഗപതി ബാബു ആണ് കയ്യടി നേടിയ മറ്റൊരു താരം. നായികയായി എത്തിയ രശ്മികയും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചപ്പോൾ, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അനസൂയ, ഹാരിഷ് ഉത്തമൻ, ശത്രു, വെണ്ണേല കിഷോർ, റാവു രമേശ്, അജയ് ഘോഷ്, എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
മിറോസ്ലാവ് കുബേ ഒരുക്കിയ ദൃശ്യങ്ങൾ ഗംഭീരമായിരുന്നു. പ്രത്യേകിച്ചും വനത്തിനുള്ളിലെ ആക്ഷൻ സീനുകളിലെ ഓരോ ദൃശ്യ ഖണ്ഡങ്ങളും ചിത്രത്തിന്റെ മികവ് ഉയർത്തി എന്ന് പറയാതെ വയ്യ. അത്ര മനോഹരവും അത് പോലെ ശക്തവുമായിരുന്നു ആ സീനുകൾ. ദേവി ശ്രീ പ്രസാദ് ഒരുക്കിയ സംഗീതവും മികച്ചു നിന്നു. മാസ്സ് അപ്പീൽ നൽകിയ പശ്‌ചാത്തല സംഗീതം ചിത്രത്തിന്റെ ശക്തിയായി നിന്നു. കാർത്തിക ശ്രീനിവാസ്, റുബീന എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത്. ആക്ഷൻ, ഗാന രംഗങ്ങളിലെ എഡിറ്റിംഗ് മികച്ചു നിന്നെങ്കിലും ചിത്രത്തിന്റെ ദൈർഖ്യം മൂലം പല സമയത്തും ചിത്രത്തിന്റെ വേഗത താഴെ പോയി എന്നത് എഡിറ്റിംഗിന്റെ കൂടി പോരായ്മ ആയി കരുതേണ്ടി വരും.
ചുരുക്കി പറഞ്ഞാൽ, പുഷ്പ അല്ലു അർജുൻ ആരാധകരെ മുന്നിൽ കണ്ടു കൊണ്ട് ഒരുക്കിയ ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം ഏതായാലും ഒരു നല്ല തീയേറ്റർ അനുഭവം സമ്മാനിക്കും എന്നുറപ്പാണ്. അമിത പ്രതീക്ഷയുടെ ഭാണ്ഡം തലയിൽ പേറാതെ പോയാൽ രസിപ്പിക്കുന്ന ഒരു ചിത്രം തന്നെയാണ് പുഷ്പ.