![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/Mariyam-Vannu-Vilakkoothi-Review-Rating-1.jpg?fit=1024%2C592&ssl=1)
ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിൽ ഒന്നാണ് മറിയം വന്നു വിളക്കൂതി എന്ന കോമഡി എന്റെർറ്റൈനെർ. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. യുവ താരമായ സിജു വിൽസൺ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് എ ആർ കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ, രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ്. സിജു വിൽസനൊപ്പം കൃഷ്ണ ശങ്കർ, ശബരീഷ് വര്മ, അൽതാഫ് സലിം എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ഇതിന്റെ ടീസറുകൾ, രസകരമായ പോസ്റ്ററുകളെന്നിവ പ്രേക്ഷകർക്ക് ഈ ചിത്രത്തിൽ വലിയ പ്രതീക്ഷ സമ്മാനിച്ചിരുന്നു.
സിജു വിൽസൺ, അൽത്താഫ് സലിം, കൃഷ്ണ ശങ്കർ, ശബരീഷ് വര്മ എന്നിവരവതരിപ്പിച്ചിരിക്കുന്ന യുവാക്കളുടെ ജീവിതത്തിൽ ഒരു രാത്രിയിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ രസകരമായ ഒരു കോമഡി ത്രില്ലെർ ചിത്രമാണ് ജെനിത് കാച്ചപ്പിള്ളി എന്ന സംവിധായകൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയൊരുക്കിയ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആ തിരക്കഥക്കു മികച്ച ഒരു ദൃശ്യ ഭാഷ തന്നെയാണ് സംവിധായകനെന്ന നിലയിലും അദ്ദേഹം നൽകിയത് എന്നു നമ്മുക്ക് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. ചിത്രത്തിലെ അന്തരീക്ഷം വളരെ ഭംഗിയായി ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കഥാപാത്ര സൃഷ്ടിയിലും കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും ആ മികവ് കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകന് ചിരിച്ചുല്ലസിച്ചും അതേപോലെ തന്നെ ത്രില്ലടിച്ചും കാണാൻ കഴിയുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് മറിയം വന്നു വിളക്കൂതി. വളരെയേറെ രസകരമായ കഥാപാത്രങ്ങളും ആകാംക്ഷയുണർത്തുന്ന കഥാ സന്ദർഭങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രേത്യേകതകൾ. ചിത്രത്തിലെ സംഭാഷണങ്ങളും പ്രേക്ഷകനെ പൊട്ടിചിരിപ്പിക്കുന്നതായിരുന്നു. വളരെ കയ്യടക്കത്തോട് കൂടിയാണ് ജെനിത് കാച്ചപ്പിള്ളി ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതും ഒരിക്കലും രസചരട് മുറിഞ്ഞു പോകാതെ കഥ പറയാൻ അദ്ദേഹത്തിനായി എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/Mariyam-Vannu-Vilakkoothi-Review-Rating-2-701x1024.jpg?resize=701%2C1024)
ഒരിക്കൽ കൂടി തകർപ്പൻ പ്രകടനം കാഴ്ച വെച്ച പ്രേമം ടീമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സിജു വിൽസൺ ഒരിക്കൽ കൂടി തന്റെ സ്വാഭാവികാഭിനയം കൊണ്ട് ഏറെ കയ്യടി നേടിയപ്പോൾ കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് സലിം എന്നിവരും കൂടെ കട്ടക്ക് തന്നെ നിന്നു. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി അതി ഗംഭീരമായിരുന്നു. അത്ര രസകരമായിരുന്നു ഇവരുടെ ഭാവപ്രകടനങ്ങളും സംഭാഷണ ശൈലിയും. അത് പോലെ തന്നെ സേതു ലക്ഷ്മി, ബേസിൽ ജോസെഫ് എന്നിവരും ഈ ചിത്രത്തെ ഏറെ രസകരമാക്കി. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന ഷിയാസ്, ഐറിൻ എന്നിവരും തിളങ്ങി.
വസിം- മുരളി ടീം ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ സിനോജ് പി അയ്യപ്പനും തന്റെ മികച്ച പ്രകടനം തന്നെ നൽകി. വളരെ മനോഹരവും അതോടൊപ്പം ചിത്രത്തിന്റെ മാറി മറിഞ്ഞ മൂഡിനൊപ്പം ചേർന്ന് പോകുന്ന തരത്തിലുമുള്ള ദൃശ്യങ്ങൾ നല്കാൻ ഈ ഛായാഗ്രാഹകന് കഴിഞ്ഞു. അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗ് ആണ് മികച്ച വേഗതയിൽ തന്നെ കഥ മുന്നോട്ടു കൊണ്ട് പോകാൻ സംവിധായകനെ സഹായിച്ചത് എന്നും നിസംശയം പറയാൻ കഴിയും.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/Mariyam-Vannu-Vilakkoothi-Review-Rating-3-701x1024.jpg?resize=701%2C1024)
മറിയം വന്നു വിളക്കൂതി നിങ്ങളെ ഒരുപാട് രസിപ്പിക്കുന്ന ഒരു കോമഡി എന്റെർറ്റൈനെർ ആണ്. എല്ലാം മറന്നു കുറെ ചിരിക്കാനും കുറച്ചു ത്രില്ലടിക്കാനും റെഡിയാണെങ്കിൽ ധൈര്യമായി ഈ ചിത്രത്തിന് നിങ്ങൾക്ക് ടിക്കറ്റ് എടുക്കാം.