
അഹമ്മദ് കബീർ എന്ന സംവിധായകൻ ആദ്യമായി ഒരുക്കിയ ചിത്രമായിരുന്നു ജൂൺ. പ്രണയത്തിനു മികച്ച പ്രാധാന്യം കൊടുത്ത ആ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ അഹമ്മദ് കബീർ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തിയിരിക്കുന്നതും പ്രണയവുമായി ബന്ധപ്പെട്ട ഒരു മനോഹരമായ സന്ദേശം പങ്കു വെച്ച് കൊണ്ടാണ്. ഇന്നലെ രാത്രിയാണ് അഹമ്മദ് കബീർ സംവിധാനം ചെയ്തു ജോജു ജോർജ് നായകനായി എത്തിയ മധുരം എന്ന ചിത്രം സോണി ലൈവ് വഴി, ഒറ്റിറ്റിയിൽ നേരിട്ട് റിലീസ് ചെയ്തത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണ് ജോർജ് തന്നെ നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകനും തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ചേർന്നുമാണ്.
ഓരോ പ്രണയവും ഏറെ മധുരം തരുന്നതാണ്, എന്നാൽ മധുരം കൂടുതലായി ലഭിക്കുന്നത് ആ പ്രണയം യാഥാർഥ്യമായി മാറുമ്പോഴാണ് എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ അഹമ്മദ് കബീർ നമ്മുടെ മുന്നിലെത്തിക്കുന്നതു. ഒരു സർക്കാർ മെഡിക്കൽ കോളേജിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്ന തങ്ങളുടെ പ്രീയപെട്ടവർക്കു കൂട്ട് കിടക്കാൻ എത്തുന്ന അപരിചിതർ തമ്മിൽ ഉണ്ടാകുന്ന സൗഹൃദവും അതിലൂടെ അവർ തമ്മിൽ ഉണ്ടാകുന്ന ആത്മബന്ധവുമാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു കൊണ്ട് പോകുന്നത്. ജോജു അവതരിപ്പിക്കുന്ന സാബു, ഇന്ദ്രൻസിന്റെ രവി, അർജുൻ അശോകന്റെ കെവിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എന്ന് പറയാം. ഇവർ ഓരോരുത്തരുടെയും വ്യക്തി ജീവിതം എങ്ങനെയാണു, അതിൽ എന്ത് മാറ്റങ്ങൾ ആണ് ഉണ്ടാകുന്നതു എന്നത് വളരെ മനോഹരമായി അഹമ്മദ് കബീർ ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നു.
തന്റെ രണ്ടാമത്തെ ചിത്രത്തിലും പുതുമയും വ്യത്യസ്തതയും കൊണ്ട് വന്നു കഥ പറയുന്നതിൽ അഹമ്മദ് കബീർ വിജയിച്ചിട്ടുണ്ട്. വളരെ ലളിതമായ ഒരു കഥയാണ് പറയുന്നത് എങ്കിലും, അത് പ്രേക്ഷകന്റെ മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വൈകാരികമായി പ്രേക്ഷകരെ സ്പർശിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. തിരക്കഥാകൃത്തുക്കളായ ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ അതുകൊണ്ട് തന്നെ വലിയ പ്രശംസ അർഹിക്കുന്നുണ്ട്. പ്രേക്ഷകരുടെ കണ്ണ് നിറയുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. അർജുൻ അശോകൻ അവതരിപ്പിക്കുന്ന കെവിൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റത്തിനു, ജോജുവിന്റെ സാബു എന്ന കഥാപാത്രവും അദ്ദേഹത്തിന് തന്റെ ഭാര്യ ചിത്രയോടുള്ള അഗാധമായ പ്രണയവും എങ്ങനെ കാരണമാകുന്നു എന്ന് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നു. ഇവരുടെ രണ്ടു പേരുടെയും ജീവിതത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന രവി എന്ന കഥാപാത്രം എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതും വളരെ മനോഹരമായാണ് പറഞ്ഞിരിക്കുന്നത്.
അതിമനോഹരമായ കഥാപാത്ര രൂപീകരണത്തോടൊപ്പം, അഭിനേതാക്കളുടെ പ്രകടനവും ഗംഭീരമായപ്പോൾ മധുരം പ്രേക്ഷകന് നൽകുന്നത് അതിമധുരമാണ്. മേല്പറഞ്ഞ ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകന് മുന്നിൽ ജീവിച്ചു കാണിച്ചു കൊടുത്തപ്പോൾ ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ജോജു ജോർജിന്റെ പ്രകടന മികവ് എടുത്തു പറഞ്ഞു തന്നെ അഭിനന്ദിക്കണം. അത്ര മനോഹരമായും സ്വാഭാവികമായുമാണ് അദ്ദേഹം സാബുവിന് ജീവൻ പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫീൽ പൂർണമായും പ്രേക്ഷകന്റെ മനസ്സിൽ എത്തുന്നതിനു ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ സംഗീതത്തിന്റെ പങ്കും വളരെ വലുതാണ്. പ്രേക്ഷകരുടെ മനസ്സിന്റെ വികാര ബിന്ദുവിൽ തന്റെ സംഗീതം കൊണ്ട് സ്പർശിക്കാൻ ഈ സംഗീത സംവിധായകന് കഴിഞ്ഞു. ജിതിൻ സ്റ്റാനിസ്ലാസ് ഒരുക്കിയ ദൃശ്യങ്ങളും അതുപോലെ മഹേഷ് ഭുവനേന്ദുവിന്റെ എഡിറ്റിംഗും ഈ ചിത്രത്തിന്റെ സാങ്കേതിക മികവിനെ വളരെ നല്ല രീതിയിൽ തന്നെ പിന്തുണച്ചിട്ടുണ്ട്.
പ്രേക്ഷകരുടെ മനസ്സിൽ പ്രണയത്തിന്റെ, സന്തോഷത്തിന്റെ മധുരം നിറക്കുന്ന ഒരു ചലച്ചിത്രാനുഭവമാണ് മധുരം. ഒരു നിമിഷമെങ്കിലും ഓരോ പ്രേക്ഷകനും തങ്ങളുടെ കണ്ണ് നിറയുന്നതായി അനുഭവപ്പെടുമുള്ളതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. ജീവിതം മുന്നിൽ കാണിച്ചു തരുന്ന അതിമനോഹരമായ ഒരു ഫീൽ ഗുഡ് എന്റെർറ്റൈനെർ എന്ന് മധുരം എന്നയീ ചിത്രത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. നഷ്ടപ്പെടുത്തരുത്, ഉള്ളിൽ തൊടുന്ന ഈ മധുരാനുഭവം.