![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/anveshanam-malayalam-movie-review-1.jpg?fit=1024%2C592&ssl=1)
ലില്ലി എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശോഭ് വിജയൻ. ഒരുപാട് നിരൂപ പ്രശംസകൾ നേടിയ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ലില്ലിയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് അന്വേഷണം. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന തരത്തിലായിരുന്നു, ഒരുപാട് ത്രില്ലിങ് ഘടകങ്ങൾ ട്രെയ്‌ലറിൽ തന്നെ കാണാൻ സാധിക്കും. അന്വേഷണം ഒരു മുഴുനീള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രൂപത്തിലാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഒരു കുടുംബത്തെയും ഹോസ്പിറ്റലിനേയും ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു നിമിഷം പോലും പ്രേക്ഷകന് കണ്ണെടുക്കാൻ സാധിക്കാത്ത വിധത്തിലുള്ള അവതരണവും ശക്തമായ തിരക്കഥയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പ്രേക്ഷകനെ ഉടനീളം മുൾമുനയിൽ ഇരുത്തുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചു എന്ന് തന്നെ പറയണം. അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തി ആകാംക്ഷയുടെ കൊടുമുടിയിൽ ഓരോ പ്രേക്ഷകനെയും എത്തിക്കുമെന്ന കാര്യത്തിൽ തീർച്ച. വളരെ ഗൗരവമേറിയ സന്ദേശവും സമ്മാനിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്. ആദ്യ പകുതിയും രണ്ടാം പകുതിയും കഥയോട് നീതി പുലർത്തുന്ന രീതിയിൽ ദൃശ്യാവിഷ്കരിച്ചിപ്പോൾ ഒരു നിമിഷം പോലും ബോറടിച്ചില്ല എന്നതാണ് സത്യം.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/anveshanam-malayalam-movie-review-2-1024x1010.jpg?resize=1024%2C1010)
ഏഷ്യ വെൽകയർ ഹോസ്പിറ്റൽ എന്ന സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഒരു രോഗി അഡ്മിറ്റായ വിവരം ലോക്കൽ പോലീസ് അറിയുകയും രോഗിയെയും രോഗിയെ ചുറ്റിപ്പറ്റിയുള്ള ആളുകളുടെ നേർക്കുള്ള ഇൻവെസ്റ്റിഗേഷനാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ഒരു മാധ്യമ പ്രവർത്തകന്റെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടങ്ങളിൽ ഒന്നാണ് കാണാൻ സാധിച്ചത്. ഭാര്യയായി വേഷമിട്ടിരിക്കുന്ന ശ്രുതി രാമചന്ദ്രൻ കവിതയായി ഏറെ നാളുകൾക്ക് ശേഷം നല്ലൊരു തിരിച്ചുവരവ് നടത്തി. എ. സി. പി ലതയായി ലിയോണ ലിഷോയ്യും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയിൽ മുൻനിര താരങ്ങൾ മുതൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടവർക്ക് പോലും വളരെ പ്രാധാന്യം നല്കുന്നുണ്ട്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/01/anveshanam-malayalam-movie-review-3-768x1024.jpg?resize=768%2C1024)
ഒരു സംവിധായകൻ എന്ന നിലയിൽ പ്രശോഭ് വിജയന്റെ മികവുറ്റ അവതരണമാണ് കാണാൻ സാധിച്ചത്. ഫ്രാൻസിസ് തോമസിന്റെ കെട്ടുറപ്പുള്ള തിരക്കഥയും ചിത്രത്തിന് ഏറെ സഹായകരമായിരുന്നു. സുജിത് വാസുദേവിന്റെ ക്യാമറ കണ്ണുകൾ മികച്ച ഫ്രേമുകൾ ചിത്രത്തിന് സമ്മാനിച്ചു. ജെക്സ് ബിജോയുടെ പഞ്ചാത്തല സംഗീതം ത്രില്ലർ അന്തരീക്ഷം സൃഷ്ട്ടിക്കുന്നതിൽ വിജയിച്ചു എന്ന് തന്നെ പറയണം. അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗ് വർക്കുകളും ഏറെ പ്രശംസ അർഹിക്കുന്നു. എല്ലാ സംഭവവികാസങ്ങളും അരങ്ങേറുന്നത് ഒരു ദിവസം ആയതിനാൽ ചെറിയ ട്വിസ്റ്റുകൾ പോലും പ്രേക്ഷകനെ ഞെട്ടിക്കുമെന്ന കാര്യത്തിൽ തീർച്ച. ത്രില്ലർ ജോണറിലെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരു പ്രേക്ഷകനും ദൃശ്യ വിരുന്ന് തന്നെയാണ് അന്വേഷണം.