ജീവിതം സുന്ദരമാണ്, ലളിതവും; ലളിതം സുന്ദരം റിവ്യൂ വായിക്കാം..!

Advertisement

പ്രശസ്ത നടനും നടി മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലളിതം സുന്ദരം. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ നേരിട്ടുള്ള റിലീസ് ആയെത്തിയ ഈ ചിത്രത്തിൽ ബിജു മേനോൻ, മഞ്ജു വാര്യർ, അനു മോഹൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. മഞ്ജു വാര്യർ, കൊച്ചുമോൻ എന്നിവർ ചേർന്ന് മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, സെഞ്ച്വറി എന്നീ ബാനറുകളിൽ നിർമ്മിച്ച ഈ ഫീൽ ഗുഡ് ഫാമിലി ചിത്രത്തിന് തിരക്കഥ രചിച്ചത് പ്രമോദ് മോഹൻ ആണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പൊലെ തന്നെ ലളിതവും സുന്ദരവുമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നത്.

സണ്ണി, ആനി, ജെറി എന്നിവർ സഹോദരങ്ങൾ ആണ്. എന്നാൽ ജീവിതത്തിലെ തിരക്കുകൾ അവരെ പല വഴിക്കാക്കി. അത്കൊണ്ട് തന്നെ അവർ തമ്മിൽ ഒരിക്കൽ ഉണ്ടായിരുന്ന സ്നേഹവും വിശ്വാസവും ഇന്നില്ല. അവർ സ്വന്തം ജീവിതവുമായി തിരക്കിലോടുമ്പോൾ ആണ് അവരുടെ അമ്മയുടെ ആണ്ടു വരുന്നത്. അതിനായി അച്ഛന്റെ നിർദേശ പ്രകാരം അവർ എല്ലാവരും തങ്ങളുടെ കുടുംബവുമായി തങ്ങൾ ജനിച്ചു വളർന്ന വീട്ടിൽ എത്തുകയാണ്. അവിടെ വെച്ചും അവർ തമ്മിലുള്ള ഭിന്നതകൾ രൂക്ഷമാകുന്നു. അപ്പോഴാണ് അമ്മയുടെ അവസാന ആഗ്രഹത്തെ കുറിച്ച് അച്ഛൻ അവരോട് പറയുന്നത്. ആ ആഗ്രഹം പൂർത്തീകരിക്കാൻ അവർ തീരുമാനിക്കുന്നതും അതിലൂടെ അവരുടെ ബന്ധത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. സണ്ണി ആയി ബിജു മേനോൻ, ആനി ആയി മഞ്ജു വാര്യർ, ജെറി ആയി അനു മോഹൻ എന്നിവർ എത്തുമ്പോൾ അമ്മ ആയി അഭിനയിക്കുന്നത് സറീന വഹാബും അച്ഛൻ ആയി എത്തുന്നത് രഘുനാഥ് പാലേരിയുമാണ്.

Advertisement

നല്ല നടനായി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ള മധു വാര്യർ, താനിപ്പോൾ ഒരു നല്ല സംവിധായകൻ കൂടിയാണെന്നും ഈ ചിത്രത്തിലൂടെ നമ്മുക്ക് കാണിച്ചു തന്നിരിക്കുകയാണ്. അത്ര മനോഹരമായാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു ലളിതമായ കഥയെ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വിധം അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മികച്ച നിലവാരം പുലർത്തുന്ന ഒരു ഫീൽ ഗുഡ് ഫാമിലി ചിത്രമായി ലളിതം സുന്ദരം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ സംവിധായകന്റെ ഏറ്റവും വലിയ വിജയം. പ്രേക്ഷകന്റെ മനസ്സിൽ തൊടുന്ന ഒരു ചിത്രമാക്കി ഇതിനെ മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് ആദ്യാവസാനം എന്റർടൈൻമെന്റ് നൽകുന്ന രീതിയിൽ കഥ പറയുമ്പോൾ തന്നെ വികാര തീവ്രതയുള്ള ഒരു പ്രമേയത്തിന്റെ മികവും ഭംഗിയും ഒട്ടും നഷ്ടപ്പെടാതെ തന്നെ അതിനു ഒരു ദൃശ്യ ഭാഷയൊരുക്കാനും മധു വാര്യർക്ക് കഴിഞ്ഞു. എഴുത്തുകാരൻ എന്ന നിലയിൽ പ്രമോദ് മോഹൻ കാണിച്ച മികവും എടുത്തു പറയണം. വൈകാരിക രംഗങ്ങളും അതോടൊപ്പം രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രത്തിൽ ഓരോ പ്രേക്ഷകനും തിരിച്ചറിയാനും കാണാനും സാധിക്കുന്ന ഒരു ജീവിതമുണ്ട് എന്നതാണ് ഇതിന്റെ മികവ്. വിശ്വസനീയമായ കഥാസന്ദർഭങ്ങൾ ചിത്രത്തിന്റെ ഘടന മനോഹരമാക്കിയപ്പോൾ, രസകരമായ സംഭാഷണങ്ങളും ചിത്രത്തെ കൂടുതൽ ആകർഷകമാക്കി മാറ്റി. ചിത്രത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ഥാനവും ഐഡന്റിറ്റിയും നല്കാൻ കഴിഞ്ഞതും ഇതിന്റെ മികവ് കൂട്ടി. സുധീഷ് അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം അത്തരത്തിൽ പ്രേക്ഷകരുടെ പ്രീയപെട്ടവനാവുന്ന ഒന്നാണ്.

സണ്ണി എന്ന നായക കഥാപാത്രമായുള്ള ബിജു മേനോന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തന്റെ കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ടു അഭിനയിക്കാൻ ബിജു മേനോന് കഴിഞ്ഞിട്ടുണ്ട് . വളരെ രസകരമായും അതുപോലെ സണ്ണിയുടെ വികാര വിക്ഷോഭങ്ങളെ ഏറ്റവും മനോഹരമായതും അഭിനയിച്ചു ഫലിപ്പിക്കാൻ ഈ പ്രതിഭക്കു സാധിച്ചു. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു വാര്യരും അനു മോഹനും തങ്ങളുടെ ഭാഗം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തപ്പോൾ, സെെജു കുറുപ്പ്, സുധീഷ്, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, രമ്യ നമ്പീശൻ, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നീ നടീനടന്മാരും തങ്ങളുടെ വേഷങ്ങൾ മനോഹരമായി തന്നെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആനി ആയി മഞ്ജു വാര്യർ തിളങ്ങിയപ്പോൾ എടുത്തു പറയേണ്ടത് സുധീഷും, അനു മോഹനും കാഴ്ച വെച്ച പ്രകടനമാണ്.

പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നൽകിയ മികവാർന്ന ദൃശ്യങ്ങൾ ചിത്രത്തിന്റെ വൈകാരികമായ അന്തരീക്ഷത്തെ പ്രേക്ഷകന്റെ മനസ്സിലെത്തിക്കാൻ സഹായിച്ചപ്പോൾ ചിത്രത്തിന്റെ മൂഡിനെ പ്രേക്ഷകരിലേക്കെത്തിച്ചത് ബിജിബാലിന്റെ മികവുറ്റ സംഗീതമായിരുന്നു. നിലവാരം പുലർത്തിയ ഗാനങ്ങളും പശ്ചാത്തല സംഗീതവുമായിരുന്നു അദ്ദേഹം ഈ ചിത്രത്തിന് വേണ്ടിയൊരുക്കിയത്. ലിജോ പോൾ എന്ന എഡിറ്ററും തന്റെ ജോലി ഭംഗിയായി തന്നെ ചെയ്തത് കൊണ്ട് ഈ ചിത്രം മികച്ച ഒഴുക്കിൽ തന്നെയാണ് മുന്നോട്ടു നീങ്ങിയത്. രണ്ടു മണിക്കൂർ ദൈർഖ്യമുള്ള ഈ ചിത്രം പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു മികച്ച ഫാമിലി എന്റെർറ്റൈനെർ ആണ് ലളിതം സുന്ദരം. വളരെ രസകരമായതും അതേ സമയം കാമ്പുള്ള കഥ പറയുന്നതുമായ ഒരു ചലച്ചിത്രാനുഭവം ആണ് മധു വാര്യർ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്. മികച്ച ഒരു കുടുംബ ചിത്രം പ്രതീക്ഷിക്കുന്നവരെ ഒരിക്കലും നിരാശരാക്കില്ല ലളിതം സുന്ദരം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close