ഇളയരാജ: മനസ്സ് നിറച്ചു ഒരു കൊച്ചു ചിത്രം..!!

Advertisement

മലയാളികളുടെ പ്രിയ താരമായ ഗിന്നസ് പക്രു എന്ന അജയ് കുമാറിനെ നായകനാക്കി മാധവ് രാമദാസൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ഇളയരാജ’. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. ഈ വെള്ളിയാഴ്ച റിലീസിമായി ഒരുങ്ങുന്ന ‘ഇളയരാജ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ അണിയറ പ്രവർത്തകർക്കൊപ്പം കാണുവാൻ ഇടയായി. പ്രതീക്ഷിച്ചതിലും മികച്ച ഒരു ദൃശ്യ വിരുന്ന് തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്ന് നിസംശയം പറയാൻ സാധിക്കും. അജയ് കുമാർ എന്ന നടനെ ഇത്രത്തോളം ഉപയോഗിച്ച ഒരു സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്നും ഗിന്നസ് പക്രുവിന്റെ കരിയർ ബെസ്റ്റ് ചിത്രം തന്നെയാണ് ‘ഇളയരാജ’.

വനജൻ എന്ന  കുടുംബസ്ഥനായ ഒരു കച്ചവടക്കാരന്റെ വേഷത്തിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ ദുരിതം നിറഞ്ഞ ജീവിതം നയിക്കുന്ന വനജന് ദൈവം ഏറെ കഴിവുകൾ നിറഞ്ഞ രണ്ട് കുട്ടികളെയാണ് കൊടുത്തിരിക്കുന്നത്. ഒരു ചതുരംഗ കളിപോലെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗ കളി പോലെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എത്താൻ ശ്രമിക്കുന്ന വ്യക്തിയുടെ ജീവിതം സംവിധായകൻ വരച്ചു കാട്ടിയിട്ടുണ്ട്. ആദ്യാവസാനം വരെ ബോറടിപ്പിക്കാതെയുള്ള അവതരണം ഏതൊരു പ്രേക്ഷകനെയും പിടിച്ചിരുത്തും എന്ന കാര്യത്തിൽ തീർച്ച. ഏറെ ഹൃദയസ്പെർശിയായ ക്ലൈമാക്സ് സമ്മാനിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്.

Advertisement

ഗിന്നസ് പക്രുവിന്റെ മക്കളായി വേഷമിട്ടിരിക്കുന്ന കുട്ടികൾക്ക് തന്നെയാണ് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്, ഇരുവരും തങ്ങളുടെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഗിന്നസ് പക്രുവിനെ അച്ഛനായി ഹരിശ്രീ അശോകൻ പകരം വെക്കാൻ സാധിക്കാത്ത പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഒരുപാട് പുതുമുഖങ്ങളും അവരവരുടെ ഭാഗങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന സുദീപ് ടി ജോർജും സാധാരണ മലയാള ചിത്രങ്ങളിൽ നിന്ന് ഒരു വ്യതസ്തത കൊണ്ടുവരുന്ന കാര്യത്തിൽ വിജയിച്ചു എന്ന് തന്നെ പറയണം.

ഛായാഗ്രാഹകൻ പപ്പിനു മികച്ച ഫ്രേമുകൾ തന്നെയാണ് ചിത്രത്തിന് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. രതീഷ് വേഗയുടെ സംഗീതവും സന്ദർഭത്തിന് അനുസരിച്ചായിരുന്നു. എഡിറ്റിംഗ് വർക്കുകൾ ശ്രീനിവാസ് കൃഷ്ണ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. തീയറ്ററുകളിൽ പോയി കണ്ടു വിലയിരുത്തേണ്ട ഒരു മികച്ച സൃഷ്‌ട്ടി തന്നെയാണ് ‘ഇളയരാജ’.

Advertisement

Copyright © 2017 onlookersmedia.

Press ESC to close