കുട്ടികളുടെ തിരോധാനം, നാടിനെ നടുക്കിയ കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു; ഫോറൻസിക് റിവ്യൂ വായിക്കാം

Advertisement

യുവ താരം ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ എന്നിവർ രചിച്ചു സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത ഫോറൻസിക്. മമത മോഹൻദാസ് നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജു മല്യത്, സിജു മാത്യു, നാവിസ് സേവ്യർ എന്നിവർ ചേർന്നാണ്. ഒരു ത്രില്ലർ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയയുടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് നായകനായ സെവൻത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചു കൊണ്ട് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചയാളാണ് ഇതിന്റെ സംവിധായകരിലൊരാളായ അഖിൽ പോൾ.

Forensic Malayalam Movie Review

ടോവിനോ തോമസ് അവതരിപ്പിക്കുന്ന സാമുവൽ ജോണെന്ന ഒരു ഫോറൻസിക് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെ മുന്നോട്ടു പോകുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഈ ചിത്രം. ഒരുപാട് വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കൊലപാതക പരമ്പരയും ഇപ്പോൾ നടക്കുന്ന ഒരു കൊലപാതക പരമ്പരയും തമ്മിലുള്ള ബന്ധം ഈ ഉദ്യോഗസ്ഥൻ കണ്ടെത്തുന്നതോടെയാണ് ഇതിന്റെ കഥ വികസിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടിയെ കാണാതാവുകയും തുടർന്ന് ആ കുട്ടി കൊല്ലപെടുന്നിടത്തു നിന്നും റിതിക സേവ്യറെന്ന പോലീസ് ഉദ്യോഗസ്ഥ തുടങ്ങി വെക്കുന്ന അന്വേഷണത്തിലേക്കാണ് സാമുവൽ ജോൺ എന്ന ഫോറൻസിക് വിദഗ്ദ്ധൻ കടന്നു വരുന്നത്. തുടർന്ന് അവർ ഒരുമിച്ചു നടത്തുന്ന അന്വേഷണത്തിലൂടെ പല രഹസ്യങ്ങളുടെയും ചുരുളഴിയുകയാണ്. ഒപ്പം ഇവരുടെ വ്യക്തി ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും ഈ അന്വേഷണവുമായി ബന്ധപ്പെടുകയും ചെയ്യുന്നു.

Advertisement
Forensic Malayalam Movie Review

ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കിടിലൻ ത്രില്ലറാണ് അഖിൽ പോൾ- അനസ് ഖാൻ ടീം ഫോറൻസിക് എന്ന ചിത്രത്തിന്റെ രൂപത്തിൽ നമ്മുക്ക് സമ്മാനിച്ചത്. സംവിധായകർ എന്ന നിലയിലും ഇതിന്റെ രചയിതാക്കൾ എന്ന നിലയിലും ഇവർ രണ്ടു പേരും പുലർത്തിയ കയ്യടക്കമാണ് ഫോറൻസിക് എന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ മികവിന്റെ ഏറ്റവും വലിയ കാരണം. ഫോറൻസിക് സയൻസ് ഏതു രീതിയിൽ ആണ് കുറ്റാന്വേഷണത്തിൽ സഹായിക്കുന്നതെന്നും ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ എങ്ങനെ പോലീസുമായി ചേർന്ന് ജോലി ചെയ്യുന്നു എന്നും ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നു. അതിനൊപ്പം ഫോറൻസിക് സയൻസിന്റെ അനന്തമായ സാധ്യതകളിലേക്കും ഈ ചിത്രം വെളിച്ചം വീശുന്നുണ്ട്. ഒരു പക്കാ ത്രില്ലർ എന്ന രീതിയിൽ ഒരുക്കിയപ്പോൾ തന്നെ മാസ്സ് എലമെന്റുകളും മറ്റു വിനോദ ഘടകങ്ങളും വളരെ വിദഗ്ദ്ധമായി ചിത്രത്തിലുൾപ്പെടുത്താൻ സംവിധായകർക്ക് സാധിച്ചിട്ടുണ്ട്. ഫോറൻസിക് സയന്സുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വിശദമായി തന്നെ പ്രതിപാദിക്കാൻ ശ്രമിച്ച ഈ ചിത്രം സാങ്കേതികപരമായും കഥാപരമായും മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ ഈ നവാഗത സംവിധായകർക്ക് കഴിഞ്ഞു. നായകനും നായികയും വില്ലനും മാത്രമല്ല, ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡന്റിറ്റി നൽകാനും അതുപോലെ തന്നെ ഉദ്വേഗം നിറഞ്ഞ കഥാസന്ദർഭങ്ങളെ വിശ്വസനീയമായി പ്രേക്ഷകരുടെ മനസ്സിലെത്തിക്കാനും ഇവരുടെ കയ്യടക്കത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതും എടുത്തു പറയണം. ഇൻവെസ്റ്റിഗേഷൻ, സൈക്കോ കില്ലർ രീതികൾ, ഫോറൻസിക് സയൻസ് എന്നിവയെല്ലാം നമ്മുക്ക് മുന്നിൽ എത്തിച്ചതിനൊപ്പം വൈകാരിക രംഗങ്ങളും ആക്ഷനും ട്വിസ്റ്റുമെല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് ഫോറൻസിക്. പല രീതിയിൽ ഉള്ള ട്വിസ്റ്റുകളിലൂടെ പ്രേക്ഷകർക്ക് ആകാംഷയും ആവേശവും സമ്മാനിക്കാനും ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഇന്റർവെൽ ട്വിസ്റ്റ് തന്നെ അതിനു ഉദാഹരണമാണ്.

ടോവിനോ തോമസ് എന്ന യുവ താരത്തിന്റെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപ്പെട്ടതാക്കി മാറ്റുന്ന ഒരു ഘടകം. വളരെ സ്വാഭാവികമായി സാമുവൽ ജോൺ എന്ന കഥാപാത്രമായി മാറാൻ ടോവിനോക്കു സാധിച്ചു. അത്രമാത്രം മികച്ച രീതിയിൽ തീവ്രതയോടെ ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിക്കാൻ ടോവിനോ തോമസിന്റെ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. റിതിക സേവ്യർ എന്ന പോലീസ് ഉദ്യോഗസ്ഥയായി എത്തിയ മമത മോഹൻദാസ് ഗംഭീര പ്രകടനമാണ് നൽകിയത്. വളരെ ശക്തമായ രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. ഇവരോടൊപ്പം ജിജു ജോൺ, സൈജു കുറുപ്പ്, റീബ മോണിക്ക ജോൺ, ധനേഷ് ആനന്ദ്, പ്രതാപ് പോത്തൻ, റോണി ഡേവിഡ്, രഞ്ജി പണിക്കർ, രാമു, അൻവർ ശരീഫ്, ശ്രീകാന്ത് മുരളി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും നല്ല രീതിയിൽ തന്നെ വെള്ളിത്തിരയിലെത്തിച്ചു. ഉബൈദ് എന്ന കഥാപാത്രമായി ധനേഷ് ആനന്ദ് ഒരിക്കൽ കൂടി ശ്രദ്ധ നേടുന്ന പ്രകടനമാണ് നടത്തിയത്. ഈ നടനിൽ നിന്നു ഇനിയും നമ്മുക്കു ഒട്ടേറെ മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കാമെന്നു ഇതിലെ പ്രകടനവും അടിവരയിട്ടു പറയുന്നുണ്ട്.

Forensic Malayalam Movie Review

അഖിൽ ജോർജ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ നട്ടെല്ലായി മാറി എന്ന് പറയാം. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ അദ്ദേഹം നൽകിയ മികച്ച ദൃശ്യങ്ങളുടെ പങ്കു നിർണായകമായിരുന്നു. ദൃശ്യങ്ങളുടെ മിഴിവ് ചിത്രത്തെ സാങ്കേതികമായി മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ സിനിമയുടെ മികവ് ഉയർത്തുന്നതിൽ വളരെ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. എഡിറ്റിംഗ് നിർവഹിച്ച ഷമീർ മുഹമ്മദ് തന്റെ ജോലി ഏറ്റവും മികച്ചതാക്കിയപ്പോൾ നല്ല വേഗതയിൽ, പ്രേക്ഷകനെ ഉദ്വേഗഭരിതനാക്കി തന്നെയാണ് ഈ ചിത്രം മുന്നോട്ടു പോയത്.

ചുരുക്കി പറഞ്ഞാൽ ഫോറൻസിക് എന്ന ഈ ചിത്രം സാങ്കേതികമായും അതുപോലെ ഒരു വിനോദ സിനിമയെന്ന നിലയിലും ഗംഭീര നിലവാരം പുലർത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. പ്രേക്ഷകന് ഒരു ഗംഭീര സിനിമാനുഭവമായിരിക്കും ഈ ത്രില്ലർ നൽകുക എന്നത് ഉറപ്പിച്ചു പറയാൻ സാധിക്കും നമ്മുക്ക്. ഫോറൻസിക് സയന്സിനെ കുറിച്ച് നമ്മൾ അറിയാതിരുന്ന പല അറിവുകളും നമ്മുക്ക് പകർന്നു നൽകുന്ന ഈ ചിത്രം അടുത്തിടെ തമിഴിലും മലയാളത്തിലുമെല്ലാം വന്ന മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close