യുവ താരം അമിത് ചക്കാലക്കലിനെ നായകനാക്കി നവാഗതനായ എസ്.ജെ സിനു എഴുതി, സംവിധാനം ചെയ്ത ജിബൂട്ടി എന്ന ചിത്രമാണ് ഈ വർഷം അവസാനിക്കുന്ന ഈ ദിവസം തീയേറ്ററുകളിൽ എത്തിയ മലയാള സിനിമകളിൽ ഒന്ന്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി ഒരു സർവൈവൽ ത്രില്ലർ ആയാണ് സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി. പി. സാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇതിന്റെ പോസ്റ്ററുകൾ ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയത് കൊണ്ട് തന്നെ ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ മനസ്സിൽ പ്രതീക്ഷകൾ നിലനിന്നിരുന്നു എന്നതാണ് സത്യം. ആ പ്രതീക്ഷകളെ തച്ചുടക്കാത്ത രീതിയിൽ തന്നെ ഈ ചിത്രം അവരുടെ മുന്നിലവതരിപ്പിക്കാൻ സംവിധാകന് സാധിച്ചിട്ടുണ്ട് എന്നതാണ് ആദ്യമേ തന്നെ പറയേണ്ട വസ്തുത.
വിളക്കുമല എന്ന കേരളത്തിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നുമാണ് ഇതിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്. വിദേശത്ത് ജോലിക്ക് പോയി രക്ഷപ്പെടണം എന്ന ആഗ്രഹവുമായി നടക്കുന്ന അവിടുത്തെ ഒരു യുവാവാണ് അമിത് അവതരിപ്പിക്കുന്ന ലൂയി എന്ന കഥാപാത്രം. ഗ്രിഗറി അവതരിപ്പിക്കുന്ന എബി എന്ന കഥാപാത്രവും ഈ കാര്യത്തിൽ ലൂയിക്ക് ഒപ്പമുണ്ട്. ജീപ്പ് ഓടിച്ചു ഉപജീവനമാർഗം കണ്ടെത്തുന്ന ഇവരുടെ ജീവിതത്തിലെ വഴിത്തിരിവായി, കിഴക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിൽ’നിന്ന് അന എന്ന യുവതി വിളക്കുമലയിൽ എത്തുകയാണ്. ഷഗുൺ ജസ്വാൾ ആണ് ഈ വേഷം ചെയ്തിരിക്കുന്നത്. അനയെ ജീപ്പിൽ നാട് കാണിക്കാൻ ലഭിക്കുന്ന അവസരം ലൂയിയും എബിയും ഏറ്റെടുക്കുകയും അതോടൊപ്പം ലൂയിക്ക് അനയോട് ഒരിഷ്ടം തോന്നുകയും ചെയ്യുന്നുണ്ട്. ജിബൂട്ടിയിലെ കമ്പനിയിൽ എച്ച് ആർ ആയ അനയുടെ സഹായത്തിൽ അവിടെ ജോലി സംഘടിപ്പിക്കാം എന്ന ലൂയിയുടെ ആഗ്രഹവും അതിനു കാരണമാകുന്നുണ്ട്. തന്റെ ഒരു പഴയ സുഹൃത്തിനെ തേടിയാണ് അന അവിടെ എത്തുന്നത്. ആ സുഹൃത്തിനെ ലൂയിയുടെ സഹായത്തോടെ കണ്ടെത്തുന്ന അനക്ക് ലൂയിയോടും പ്രണയം തോന്നുകയും അങ്ങനെ അവരെ അന ജിബൂട്ടിയിലേക്കു കൊണ്ട് പോവുകയുമാണ്.
ജിബൂട്ടിയിൽ വെച്ച് അന ഗർഭിണിയാവുകയും അതേ തുടർന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ ലൂയിയും എബിയും എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് ഈ ചിത്രം പറയുന്നത്. ലൂയി ആയി മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാൻ അമിതിനു സാധിച്ചിട്ടുണ്ട്. വൈകാരിക രംഗങ്ങളിൽ അമിത് തിളങ്ങി നിന്നതു ഈ നടന്റെ മികവ് നമ്മുക്ക് കാണിച്ചു തരുന്നു. ഗ്രിഗറിയും തന്റെ വേഷം മോശമാക്കാതെ തന്നെ ചെയ്തു ഫലിപ്പിച്ചു. അനയെ അവതരിപ്പിച്ച ഷിംല സ്വദേശിനിയായ ഷഗുൺ ജസ്വാളിനും തന്റെ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിച്ചു എന്ന് പറയാം. അമിതും ഷഗുനും തമ്മിലുള്ള പ്രണയ രംഗങ്ങൾ നന്നായി വന്നിട്ടുണ്ട്. ഇവർക്കൊപ്പം ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ച വെച്ചത് ദിലീഷ് പോത്തൻ, അഞ്ജലി നായർ, ബിജു സോപാനം, സുനില്‍ സുഖദ, ബേബി ജോർജ്, തമിഴ് നടൻ കിഷോർ, ഗീത, ആതിര, രോഹിത് മഗ്ഗു, അലന്‍സിയര്‍, ലാലി, പൗളി വത്സൻ എന്നിവരാണ്.
ഒരു മലയോര ഗ്രാമത്തിന്റെ ഭംഗിയും വിശുദ്ധിയും കാണിച്ചു തുടങ്ങുന്ന ഈ ചിത്രം ശേഷം ഒരു ത്രില്ലർ ആയും മികവ് പുലർത്തുന്നു. പ്രേക്ഷകർ ഇഷ്ട്ടപെടുന്ന തരത്തിലുള്ള കിടിലൻ ആക്ഷനും പ്രണയവുമെല്ലാം സംവിധായകൻ മികച്ച രീതിയിലാണ് ഈ കഥയിൽ കോർത്തിണക്കിയത്. തിരക്കഥ കുറച്ചു കൂടി നന്നായിരുന്നു എങ്കിൽ രണ്ടാം പകുതിയിലെ രംഗങ്ങൾ കൂടുതൽ ഗംഭീരമായേനെ എന്ന ഫീൽ വരുന്നുണ്ട് എങ്കിലും, വൃത്തിയായി തന്നെ അത് പ്രേക്ഷകരുടെ മുന്നിൽ സംവിധായകനും സഹ രചയിതാവായ അഫ്സൽ അബ്ദുൽ ലത്തീഫും അവതരിപ്പിച്ചിട്ടുണ്ട്. സംഭാഷണങ്ങളിലും പരിചയ സമ്പത്തിന്റെ അഭാവം കാണാമെങ്കിലും അഭിനേതാക്കളുടെ പ്രകടനം അതിനെ മറികടക്കാൻ സഹായിച്ചു. വിളക്കുമലയെയും ജിബൂട്ടിയെയും മനോഹരമായി നമ്മുടെ മുന്നിൽ എത്തിച്ച ഛായാഗ്രഹകൻ ടി.ഡി. ശ്രീനിവാസ് കയ്യടി അർഹിക്കുമ്പോൾ, ദീപക് ദേവ് ഒരുക്കിയിരിക്കുന്ന സംഗീതവും എടുത്തു പറയേണ്ടതാണ്. സംജിത് മുഹമ്മദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ വേഗത പ്രേക്ഷകരെ ബോറടിപ്പിക്കുന്ന വിധത്തിൽ താഴ്ന്നു പോകാതിരിക്കാൻ സംജിത്തിന്റെ എഡിറ്റിംഗ് മികവ് കാരണമായിട്ടുണ്ട്. വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി എന്നിവർ ചെയ്തിരിക്കുന്ന ആക്ഷൻ രംഗങ്ങളുടെ മികവും ഈ ചിത്രത്തിന് മുതൽ കൂട്ടായിട്ടുണ്ട് എന്ന് പറഞ്ഞെ പറ്റൂ. ചുരുക്കി പറഞ്ഞാൽ, പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ കണ്ടാൽ, പ്രേക്ഷകർക്ക് മികച്ച എന്റർടൈൻമെൻറ് സമ്മാനിക്കുന്ന ഒരു ത്രില്ലിംഗ് ചിത്രമാണ് ജിബൂട്ടി. ഈ സിനിമാനുഭവം പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കില്ല എന്നുറപ്പു.