രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച അരുൺ ഗോപി ഒരിക്കൽ കൂടി ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണ് ഇന്ന് പ്രദർശനമാരംഭിച്ച മലയാള ചിത്രമായ ബാന്ദ്ര .സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ഉദയ കൃഷ്ണ രചന നിർവഹിച്ച ഈ ചിത്രത്തിൽ തമന്ന ഭാട്ടിയ, ഡിനോ മോറിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു. ദിലീപിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ഇതിന്റെ ഗംഭീര ടീസറുകളും മികച്ച ഗാനങ്ങളുമെല്ലാം വലിയ ഹൈപ്പ് ആണ് ഈ ചിത്രത്തിന് ചുറ്റും ഉണ്ടാക്കിയത്. ആ പ്രതീക്ഷകളുടെ ഭാരവുമായി എത്തിയ പ്രേക്ഷകർക്ക് ആദ്യാവസാനം വിനോദം പകരുന്ന ഒരു മികച്ച സിനിമാനുഭവം സമ്മാനിക്കാനും ബാന്ദ്രക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം.
ആല എന്ന പേരിൽ അറിയപ്പെടുന്ന അലക്സാണ്ടർ ഡൊമിനിക് എന്ന ദിലീപ് കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തന്റെ പുതിയ സിനിമക്ക് വേണ്ടിയുള്ള മികച്ച ഒരു കഥക്കായുള്ള തിരച്ചിലിലാണ് സാക്ഷി എന്ന അസ്സോസിയേറ്റ് സംവിധായിക. അതിനിടയിലാണ് വർഷങ്ങൾക്ക് മുൻപുണ്ടായ, ഒരു ബോളിവുഡ് താരസുന്ദരിയുടെ ആത്മഹത്യയുടെ പിന്നിലെ കഥകളിലേക്ക് അവരെത്തുന്നത്. അതിനു പിന്നാലെയുള്ള അവരുടെ അന്വേഷണം ദുരൂഹമായ ഒരു ഭൂതകാലമുള്ള ആല എന്നറിയപ്പെടുന്ന അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്കാണ് അവരെ എത്തിക്കുന്നത്. ആലയും മരണപ്പെട്ട ആ ബോളിവുഡ് നായികയും തമ്മിലുള്ള ബന്ധവും, അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുമാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
ബാന്ദ്രക്ക് മുൻപേ രണ്ട് ചിത്രങ്ങളാണ് അരുൺ ഗോപി ഒരുക്കിയത്. ദിലീപ് നായകനായി എത്തിയ രാമലീല, പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നിവയാണവ. എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന മാസ്സ് എന്റെർറ്റൈനെർ ചിത്രങ്ങളൊരുക്കാനുള്ള തന്റെ കഴിവ് ആദ്യ ചിത്രത്തിലൂടെ തന്നെ കാണിച്ചു തന്ന സംവിധായകനാണ് അരുൺ ഗോപി. ഈ തവണയും അതുപോലെ തന്നെ ഒരു പക്കാ മാസ്സ് എന്റർടൈനറാണ് അരുൺ ഗോപി നമ്മുക്കായി ഒരുക്കിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം ദിലീപിനെ മാസ്സ് അവതാരത്തിൽ അവതരിപ്പിച്ച്, ആരാധകർക്ക് ആവേശം സമ്മാനിച്ച് കൊണ്ടാണ് അരുൺ ഗോപി എത്തിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ ലക്‌ഷ്യം വെച്ചാണ് ബാന്ദ്ര എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഉദയ കൃഷ്ണ എന്ന പരിചയ സമ്പന്നനായ രചയിതാവ് ഒരുക്കിയ തിരക്കഥയിൽ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും അദ്ദേഹം കൃത്യമായ അളവിൽ ചേർത്തിട്ടുണ്ട്. പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ കോർത്തിണക്കിയ ഈ തിരക്കഥയുടെ മികവ് ഒട്ടും നഷ്ടപ്പെടാതെ തന്നെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ അരുൺ ഗോപി എന്ന സംവിധായകന് അഭിമാനിക്കാം. ആദ്യാവസാനം തന്റെ നിയന്ത്രണത്തിൽ നിന്ന് പോകാതെ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകാൻ അരുൺ ഗോപിക്ക് സാധിച്ചിട്ടുണ്ട്.
തന്റെ മുൻകാല ചിത്രങ്ങളിൽ ചെയ്തതിനേക്കാൾ മികച്ച കയ്യടക്കത്തോടെ കഥ പറയാൻ ബാന്ദ്രയിലൂടെ അരുൺ ഗോപിക്ക് കഴിഞ്ഞു എന്നും പറയാം. ദിലീപ് ആരാധകരെയും യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആവേശം കൊള്ളിക്കാനും തൃപ്തിപ്പെടുത്താനും സാധിക്കുന്ന രീതിയിൽ ചിത്രം അവതരിപ്പിക്കാൻ സാധിച്ചതാണ് ബാന്ദ്രയുടെ മികവിന്റെ കാരണം. കിടിലൻ സംഘട്ടനവും പഞ്ച് ഡയലോഗുകളും നിറഞ്ഞ ചിത്രമായിരിക്കുമ്പോൾ തന്നെ വൈകാരിക മുഹൂർത്തങ്ങൾക്കും പ്രണയത്തിനും ആകാംഷ നിറക്കുന്ന കഥാസന്ദർഭങ്ങൾക്കും ഈ ചിത്രത്തിൽ സ്ഥാനമുണ്ട് .
ഒരിക്കൽ കൂടി മാസ്സ് കഥാപാത്രമായി ശക്തമായ പ്രകടനമാണ് ദിലീപ് എന്ന നടൻ ഈ ചിത്രത്തിലൂടെ കാഴ്ച വെച്ചത്. മാസ്സ് രംഗങ്ങളിലും വൈകാരിക രംഗങ്ങളിലുമെല്ലാം ദിലീപ് എന്ന നടൻ തന്റെ പ്രതിഭയുടെ പുതിയ തലം കാണിച്ചു തരുന്നുണ്ട്. ഈ അടുത്തിടെ ദിലീപിൽ നിന്ന് ലഭിച്ച ഏറ്റവും ജനപ്രിയ കഥാപാത്രമായി ബാന്ദ്രയിലെ ആല മാറി എന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. അതുപോലെ എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നൽകിയത് വില്ലനായി എത്തിയ ഡിനോ മോറിയ ആണ്. വളരെയധികം ശ്കതമായ രീതിയിലും വിശ്വസനീയമായ രീതിയിലും തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഈ നടന് കഴിഞ്ഞു . മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മംമ്‌ത മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഈശ്വരി റാവു, ലെന എന്നിവരും തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. നായികാ വേഷം ചെയ്ത തമന്ന തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് നല്കിയതെന്നതും എടുത്തു പറയണം. ദിലീപുമായുള്ള തമന്നയുടെ ഓൺസ്‌ക്രീൻ രസതന്ത്രം ഏറെ മനോഹരമായിരുന്നു.
പ്രശസ്ത ക്യാമറാമാൻ ഷാജി കുമാറാണ് ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത്. അദ്ദേഹമൊരുക്കിയ മാസ്സ് ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക മികവിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതുപോലെ തന്നെ സംഗീത വിഭാഗം കൈകാര്യം ചെയ്ത സാം സി എസിന്റെ മികച്ച ഗാനങ്ങളും ആവേശം നൽകുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥ പശ്ചാത്തലത്തോട് ചേർന്ന് നിന്നപ്പോൾ ബാന്ദ്രയിലെ ഓരോ രംഗവും ആരാധകരെ ത്രസിപ്പിച്ചു. ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ വിവേക് ഹർഷൻ എന്ന എഡിറ്ററുടെ മികവും ഒരുപാട് സഹായിച്ചിട്ടുണ്ട്.
എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന ഘടകങ്ങൾ കോർത്തിണക്കിയ ഒരു ചിത്രമാണ് ദിലീപ്- അരുൺ ഗോപി ടീമിന്റെ ബാന്ദ്ര. ഒരു കമ്പ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജാണ് ബാന്ദ്ര എന്നത് നമ്മുക്ക് നിസംശയം നമ്മുക്ക് പറയാൻ കഴിയും. ആരാധകർക്ക് ആവേശം പകരുന്ന, കുടുംബ പ്രേക്ഷകർക്ക് വലിയ വിനോദം സമ്മാനിക്കുന്ന ഒരു പക്കാ മാസ്സ് ഫാമിലി എന്റെർറ്റൈനെർ ചിത്രമാണ് ബാന്ദ്ര.