പ്രശസ്ത നടനും സംവിധായകനുമായ ലാൽ പ്രധാന വേഷത്തിലെത്തിയ ഡിയർ വാപ്പിയാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രങ്ങളിലൊന്ന്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനഘ നാരായണൻ ആണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഈ നടി ശ്രദ്ധ നേടിയത്. ഒരു ഫാമിലി ഡ്രാമയായാണ് ഡിയർ വാപ്പി പ്രേക്ഷകരുടെ മുന്നിലെത്തിയത്. എന്നാൽ എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന ഘടകങ്ങൾ ഇതിലുണ്ട്.
ഒരുപാട് സ്വപ്നങ്ങളുമായി ജീവിക്കുന്ന തയ്യൽക്കാരനായ ബഷീറിന്റെയും മകൾ ആമിറയുടെയും ജീവിത കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്. ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ, വഴിത്തിരിവുകൾ എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയിൽ കൂടിയാണ് ഡിയർ വാപ്പി സഞ്ചരിക്കുന്നതെന്നു പറയാം. തയ്യൽക്കാരനായ ബഷീർ മുംബൈയിൽ നിന്ന് മടങ്ങിയെത്തുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. നാട്ടിൽ വീണ്ടും തയ്യൽ പരിപാടി ആരംഭിക്കുന്ന ബഷീർ പെട്ടെന്നാണ് പച്ച പിടിക്കുന്നത്. ശേഷം തന്റെ ടൈലെറിങ് യൂണിറ്റ് വലിയ രീതിയിൽ വിപുലമാക്കാനുള്ള സ്വപ്നവുമായി മുന്നോട്ട് നീങ്ങുന്ന ബഷീറിന്റെ ശ്രമങ്ങളും അതിന്റെ ഭാഗമാകുന്ന മകൾ ആമിറയും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.
ഈ ചിത്രത്തിലൂടെ പ്രതീക്ഷ പുലർത്താവുന്ന ഒരു നവാഗത സംവിധായകൻ കൂടി നമ്മുടെ മുന്നിലെത്തി കഴിഞ്ഞു എന്ന് നിസംശയം പറയാം. വളരെ മികച്ച രീതിയിൽ തന്നെ ഈ ചിത്രം നമ്മുക്ക് മുന്നിലെത്തിക്കാൻ ഷാൻ തുളസീധരനെന്ന ഈ നവാഗതന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ പ്രമേയത്തോടു പൂർണ്ണമായും നീതി പുലർത്തി കൊണ്ട് തന്നെ തന്റേതായ ഒരു ദൃശ്യ ഭാഷ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഈ സംവിധായകന് കഴിഞ്ഞത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം. വളരെ മികച്ച ഒരു തിരക്കഥയെ അതിന്റെ വൈകാരിക തീവ്രത ഒട്ടും ചോർന്നു പോകാതെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ സാധിച്ചു എന്നിടത്താണ് ഈ ചിത്രത്തിന്റെ വിജയം. മികച്ച കഥാ സന്ദര്ഭങ്ങളും വളരെ സ്വാഭാവികമായ സംഭാഷണങ്ങളും ഒരുക്കിയ ഷാൻ, രചയിതാവെന്ന നിലയിലും പ്രേത്യേക പ്രശംസ അർഹിക്കുന്നു. അത് പോലെ, മികച്ച ദൃശ്യ ഭാഷ ചമച്ചു കൊണ്ട്, സംവിധായകനെന്ന നിലയിലും അദ്ദേഹം തന്റെ തിരക്കഥയോടു 100 % നീതി പുലർത്തുകയും ചെയ്തു. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം പ്രേക്ഷകന്റെ മനസ്സിൽ തൊടാനും കഴിഞ്ഞത് ചിത്രത്തിന്റെ മികവ് വർധിപ്പിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ. വൈകാരിക മുഹൂർത്തങ്ങളോടൊപ്പം പ്രണയവും നുറുങ്ങു ഹാസ്യവും ആകാംഷ നിറക്കുന്ന സന്ദർഭങ്ങളും കോർത്തിണക്കിയാണ് ഈ കഥ പറഞ്ഞിരിക്കുന്നത്.
ബഷീർ എന്ന കഥാപാത്രമായി ലാലെന്ന നടൻ നടത്തിയ പ്രകടനം ഒരിക്കൽ കൂടി വിസ്മയിപ്പിച്ചു എന്ന് പറയാം. അത്ര ഗംഭീരമായ രീതിയിൽ തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലാലിന് സാധിച്ചിട്ടുണ്ട്. ഓരോ ചലനങ്ങളിലും ബഷീറെന്ന അച്ഛന്റെ സന്തോഷവും ദുഃഖവും ആകാംക്ഷയും ഉത്കണ്ഠയും എല്ലാം കൊണ്ട് വരാൻ ലാലിന് കഴിഞ്ഞു. മകളുടെ വേഷത്തിൽ എത്തിയ അനഘ നാരായണൻ ഒരിക്കൽ കൂടി വളരെ സ്വാഭാവീകമായ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. ലാലുമായുള്ള കോമ്പിനേഷൻ സീനുകളിൽ ഈ നടി മികച്ച കയ്യടക്കമാണ് കാഴ്ച വെച്ചത്. നിരഞ്ജ് മണിയന്‍പിള്ള രാജു എന്ന നടനിൽ നിന്ന് നമ്മുക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം എന്ന് കാണിച്ചു തന്ന പ്രകടനം കൂടിയായിരുന്നു ഈ ചിത്രത്തിൽ അദ്ദേഹം നടത്തിയത്. അത്ര മികച്ച രീതിയിൽ ഈ യുവ നടൻ തന്റെ കഥാപാത്രത്തിന് ജീവൻ നൽകി. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ ഏറ്റവും ഭംഗിയായി തന്നെ അവതരിപ്പിച്ചു ഫലിപ്പിച്ചു.
കാമറ കൈകാര്യം ചെയ്ത പാണ്ടി കുമാർ മികച്ച ദൃശ്യങ്ങൾ നൽകിയപ്പോൾ, എടുത്തു പറയേണ്ട മറ്റൊരു മികവ് കൈലാസ് മേനോൻ ഒരുക്കിയ സംഗീതമാണ്. സംഗീതത്തിന് മികച്ച പ്രാധാന്യം നൽകിയ ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങളും, ചിത്രത്തിന്റെ മൂഡിനെ നിർണ്ണയിച്ച പശ്ചാത്തല സംഗീതവും ഇതിന്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്. എഡിറ്റർ എന്ന നിലയിൽ ലിജോ പോൾ എന്ന പരിചയ സമ്പന്നനും തന്റെ പ്രതിഭയോട് നീതി പുലർത്തിയതോടെ ഡിയർ വാപ്പി മികച്ച വേഗത കൈ വരികയും ചെയ്തു. സാങ്കേതികമായും മികച്ച നിലവാരം പുലർത്തിയ ചിത്രമാണ് ഡിയർ വാപ്പി.
ചുരുക്കി പറഞ്ഞാൽ, ഡിയർ വാപ്പി ഒരു മികച്ച ചലച്ചിത്രാനുഭവമാണ് നൽകുന്നത്. നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും , ജീവിതമുള്ള കഥകളെ ഇഷ്ട്ടപെടുന്ന സിനിമാ സ്നേഹികൾക്കും എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഒരു മനോഹര ചിത്രമാണ് ഡിയർ വാപ്പി. മനസ്സിൽ തൊടുന്ന വൈകാരികാംശമുള്ള സിനിമളുടെ കൂടെ സഞ്ചരിക്കാൻ ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഈ ചിത്രവും തീർച്ചയായും ഇഷ്ടപെടും.