സംഗീതത്തിന്റെയും പ്രണയത്തിന്റെയും മണവുമായി ‘ചെമ്പരത്തിപ്പൂ’; റിവ്യൂ വായിക്കാം

Advertisement

അസ്‌കർ അലിയെ നായകനാക്കി അരുൺ വൈഗ സംവിധാനം ചെയ്‌ത കോമഡി- റൊമാന്റിക് ചിത്രം ‘ചെമ്പരത്തിപ്പൂ’ ഇന്ന് തിയറ്ററുകളിൽ റിലീസായി. അദിതി രവി, പാർവതി അരുൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിശാഖ് നായർ, ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ചുവടുവെച്ച അസ്‌കർ അലിയുടെ രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തിപ്പൂ. ആദ്യ ചിത്രം സമ്മിശ്ര പ്രതികരണം നേടി തിയേറ്ററുകളിൽ നിന്നും പോയെങ്കിലും വമ്പൻ റിലീസായാണ് ‘ചെമ്പരത്തിപ്പൂ’ എത്തിയത്. മോഹൻലാലിൻറെ മാക്സ്‌ലാബ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. 120 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ആയത്. വിനീത് ശ്രീനിവാസൻ പാടിയ പാട്ടും, ചിത്രത്തിന്റെ ട്രെയിലറും നേരത്തെ തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വ്യത്യസ്തങ്ങളായ കാലഘട്ടത്തിലൂടെ കഥ പറയുന്ന ഒരു ചിത്രമാണ് ചെമ്പരത്തിപ്പൂ. വിനോദ് എന്ന ചെറുപ്പകാരന്റെ മൂന്ന് കാലഘട്ടമാണ് ചെമ്പരത്തിപ്പൂവിൽ ഒരുക്കിയിരിക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തെ രണ്ട് പെൺകുട്ടികൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വളരെ രസകരമായി സംവിധായകൻ പറയാൻ ശ്രമിക്കുന്നു. പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരുത്തിക്കൊണ്ട് കഥ പറയുന്നതിൽ സംവിധായകൻ നീതി പുലർത്തിയിട്ടുണ്ട്. ഈ ചിത്രത്തെ റൊമാന്റിക് കോമഡി, റൊമാന്റിക് ഡ്രാമ എന്നീ രണ്ട് ഗണങ്ങളിലും പെടുത്താവുന്നതാണ്. പ്രണയരംഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വകയും ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

Advertisement

അസ്‌കർ അലി തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയെന്ന് തന്നെ പറയാം. അതോടൊപ്പം അദിതി രവിയും പാർവതി അരുണും മികച്ച അഭിനയം കാഴ്ചവെച്ചു. അജു വർഗീസ്, വിശാഖ് നായർ എന്നിവർ വീണ്ടും തങ്ങളുടെ ഹാസ്യം നിറഞ്ഞ പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ചു. ധർമജൻ, കോട്ടയം പ്രദീപ്, സുധീർ കരമന , സുനിൽ സുഗത, വിജിലേഷ്, ധർമജൻ തുടങ്ങിയവരും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി.

അരുൺ വൈഗ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. മികച്ച രീതിയിൽ തന്നെ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും ഒരുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയിൽ പലയിടത്തും കൈവിട്ട് പോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയും ക്ലൈമാക്സും സംവിധായകൻ ഭദ്രമാക്കിയിട്ടുണ്ട്. ചിത്രത്തിലെ ഹാസ്യമുഹൂർത്തങ്ങളും രസകരമായ സംഭാഷണങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നു. ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് സന്തോഷ് അനിമ ആണ്. അദ്ദേഹം ഒപ്പിയെടുത്ത മനോഹര ദൃശ്യങ്ങൾ ഈ പ്രണയ ചിത്രത്തിന് കൂടുതൽ ഭംഗി നൽകിയിട്ടുണ്ട്. രാകേഷ് എ. ആറിന്റെ സംഗീതം ചിത്രത്തിന്റെ കഥയെ പ്രേക്ഷകരുടെ മനസ്സിനോട് കോർത്തിണക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരിക്കുന്നു. മൊത്തത്തിൽ കണ്ടിരിക്കാനാകുന്ന ഒരു പ്രണയചിത്രമാണ് ‘ചെമ്പരത്തിപ്പൂ’.

Advertisement

Copyright © 2017 onlookersmedia.

Press ESC to close