ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത പ്രധാന ചിത്രം ആണ് അവനെ ശ്രീമാൻ നാരായണ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം ഡബ്ബ് വേർഷൻ. സച്ചിൻ രവി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രശസ്ത കന്നഡ തരാം രക്ഷിത് ഷെട്ടി ആണ് നായക വേഷം ചെയ്തിരിക്കുന്നത്. രക്ഷിത് ഷെട്ടി, ചന്ദ്രകാന്ത് ബെല്ലിയപ്പ, അഭിജിത് മഹേഷ്, അനിരുദ്ധ്, നാഗാർജുന ശർമ്മ, അഭിലാഷ് എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എച് കെ പ്രകാശ്, പുഷ്കര മല്ലികാര്ജുനയ്യ എന്നിവർ ചേർന്ന് പുഷ്കർ ഫിലിംസിന്റെ ബാനറിൽ ആണ്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് ടോമിച്ചൻ മുളകുപാടത്തിന്റെ മുളകുപാടം ഫിലിംസ് ആണ്. ഇതിന്റെ ട്രൈലെർ, സോങ് വീഡിയോ എന്നിവ സൂപ്പർ ഹിറ്റായിരുന്നു.
കർണാടകയിലെ അമരാവതി എന്ന ഒരു സാങ്കൽപ്പിക നഗരത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. വലിയൊരു നിധിക്കു വേണ്ടി കൊള്ള നടത്തുന്ന ഒരു ഫ്യൂഡൽ ലോർഡ് അത് കണ്ടെത്താൻ ആവാതെ മരണപ്പെടുന്നു. അയാളുടെ രണ്ടു മക്കൾ ആ നിധിക്കും അച്ഛന്റെ സ്വത്തുക്കളുടെ അവകാശത്തിനും വേണ്ടി വലിയ പോരാട്ടത്തിൽ ആണ്. ജയ്‌റാം എന്ന മകൻ നടത്തുന്ന കൊള്ള സംഘത്തിനും തുക്കാറാം എന്ന രാഷ്ട്രീയക്കാരനായ മകനും തമ്മിൽ ഉള്ള മത്സരത്തിനിടെ നാരായണ എന്ന് പേരുള്ള ഒരു പോലീസ് ഓഫിസർ കൂടി എത്തുന്നതോടെ ചിത്രം വികസിക്കുന്നു. ആ നിധി കണ്ടെടുക്കാം എന്ന പ്രതീക്ഷ അവർക്കു നൽകുന്ന അയാൾക്ക് അയാളുടേതായ മറ്റൊരു അജണ്ട ഉണ്ട്. അതെന്താണ് എന്നും ആ നിധി കണ്ടെടുക്കാൻ അവർക്കു സാധിക്കുമോ എന്നും ഈ ചിത്രം നമ്മളോട് പറയുന്നു.
അമരാവതി എന്ന സാങ്കല്പിക നഗരത്തിന്റെ പശ്ചാത്തലത്തിൽ ഫാന്റസിയും തമാശയും ആക്ഷനും പ്രണയവും എല്ലാം കൂട്ടി ചേർത്ത് ഒരു ത്രില്ലിംഗ് സിനിമ ആയാണ് സച്ചിൻ രവി എന്ന സംവിധായകൻ നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. കൗ ബോയ് സ്റ്റൈലിൽ ഉള്ള രംഗങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന കൊമേഡിയും മിസ്റ്ററിയും ആകാംഷയും നിറഞ്ഞ കഥാ സന്ദർഭങ്ങളും ഈ ചിത്രത്തെ രസകരമാക്കുന്നു. ടാരന്റിനോ സിനിമകളുടെ ഓർമ്മകൾ ഉണർത്തുന്ന അവതരണ ശൈലിയാണ് ഈ ചിത്രത്തിൽ കൂടുതലും കാണാൻ സാധിക്കുന്നത്. വെസ്റ്റേൺ സിനിമകളുടെ സ്വാധീനവും ഈ ചിത്രത്തിന്റെ ആകെമൊത്തമുള്ള അവതരണ ശൈലിയിൽ പ്രകടമാണ്. എല്ലാത്തരം പ്രേക്ഷകർക്ക് മൂന്നു മണിക്കൂർ ആസ്വദിക്കാവുന്ന വളരെ രസകരമായ ഒരു സിനിമയാക്കി ഈ ചിത്രത്തെ സംവിധായകനും രചയിതാക്കളും ചേർന്ന് മാറ്റിയിട്ടുണ്ട്. നായകനൊപ്പം ചേർന്ന് ഒരു ജിഗ്‌സോ പാസിൽ പൂർത്തീകരിക്കുന്ന രീതിയിൽ പ്രേക്ഷകരേയും ഈ ചിത്രത്തോട് ചേർത്ത് നിർത്താൻ കഴിഞ്ഞതാണ് ഈ സിനിമയെ ഗംഭീരമാക്കുന്നതു.
രക്ഷിത് ഷെട്ടി ഒരിക്കൽ കൂടി ഗംഭീര പ്രകടനത്തോടെ നായക വേഷത്തിൽ തിളങ്ങിയപ്പോൾ നായികാ വേഷം ചെയ്ത ഷാൻവിക്കും മികച്ച റോൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ കഥാഗതിയിൽ മികച്ച സ്വാധീനം ചെലുത്താൻ നായികാ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ജയ്‌റാം, തുക്കാറാം എന്നീ വേഷങ്ങൾ ചെയ്ത ബാലാജി മനോഹർ, പ്രമോദ് ഷെട്ടി എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അച്യുത് കുമാർ, റിഷാബ് ഷെട്ടി, യോഗ്‌രാജ് ഭട്ട്, മധുസൂദന റാവു തുടങ്ങിയവരും മികച്ച പ്രകടനമാണ് നൽകിയത്.
കരം ചൗള നൽകിയ ദൃശ്യങ്ങൾ ചിത്രത്തിലെ സാങ്കല്പിക ലോകത്തെ വളരെ വേഗം പ്രേക്ഷകരുടെ മനസ്സിൽ എത്തിച്ചപ്പോൾ സംഗീത വിഭാഗം കൈകാര്യം ചെയ്ത ചരൺ രാജ്, അജെനീഷ് ലോക്നാഥ് എന്നിവരും തങ്ങളുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും കൊണ്ട് ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് വളരെ ഒഴുക്കോടെ പ്രേക്ഷകരിലേക്ക് പകർന്നിട്ടുണ്ട്. സംവിധായകൻ സച്ചിൻ രവി തന്നെയാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
ഏതായാലും ഗംഭീര വിഷ്വൽ ട്രീറ്റ് തന്നെയാണ് ഈ ചിത്രത്തിലൂടെ സച്ചിൻ രവി- രക്ഷിത് ഷെട്ടി ടീം നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ, വളരെ പുതുമയുള്ള ഒരു കഥയും അവതരണ ശൈലിയുമുള്ള ഈ ചിത്രം കന്നഡ സിനിമയിൽ നിന്നുള്ള ഏറ്റവും മികച്ച വിനോദ ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിക്കും.