ഇന്ന് കേരളത്തിൽ റിലീസ് ചെയ്ത തെലുങ്കു സിനിമയുടെ മലയാളം വേർഷൻ ആണ് അങ്ങ് വൈകുണ്ഠപുരത്ത്. മലയാളികളുടെ പ്രിയപ്പെട്ട തെലുങ്കു സൂപ്പർ താരം അല്ലു അർജുനും ഒപ്പം പ്രശസ്ത മലയാള താരം ജയറാമും ഒരുമിച്ചു അഭിനയിച്ചിരിക്കുന്നു ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത തെലുങ്കു സംവിധായകൻ ആയ ത്രിവിക്രം ശ്രീനിവാസ് ആണ്. അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവർ ചേർന്ന് ഗീത ആർട്സ്, ഹാരിക ആൻഡ് ഹസീൻ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, നിവേദ എന്നിവർ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഏതായാലും അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ കേരളാ റിലീസ് ആയാണ് ഈ ചിത്രം എത്തിയിരിക്കുന്നത്.
അല്ലു അർജുൻ അവതരിപ്പിക്കുന്ന ബണ്ടു എന്ന കേന്ദ്ര കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. ഒരു കഥാപാത്രം കാണിക്കുന്ന അത്യാഗ്രഹവും അതുപോലെ വക്ര ബുദ്ധിയും മൂലം സാമ്പത്തികമായി വമ്പന്മാരായ തന്റെ യഥാർത്ഥ കുടുംബത്തിൽ നിന്ന് അകന്നു മറ്റൊരു കുടുംബത്തിൽ വളരുന്ന നായക കഥാപാത്രം നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം സ്വന്തം കുടുംബത്തിലേക്ക് മടങ്ങിയെത്തുന്നതും പിന്നീട് ആ കുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളും ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.
മാസ്സ് ചിത്രങ്ങൾ ആണ് ത്രിവിക്രം ശ്രീനിവാസിൽ നിന്ന് നമ്മൾ കൂടുതൽ കണ്ടിട്ടുള്ളത് എങ്കിലും ഇത്തവണ മാസ്സിനൊപ്പം വളരെ രസകരമായ ഒരു ഫാമിലി ഡ്രാമയും കൂടി ഉൾപ്പെട്ട ചിത്രമാണ് ഈ സംവിധായകൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. അല്ലു അർജുൻ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മാസും ഡാൻസും ഫൈറ്റും പഞ്ച് ഡയലോഗുകളും പ്രണയവും ഒക്കെ ഉള്ളപ്പോൾ തന്നെ കോമെഡിക്കും ഫാമിലി ഇമോഷൻസിനും പ്രാധാന്യം കൊടുത്താണ് ഈ ചിത്രം സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ആ അർത്ഥത്തിൽ സാധാരണ അല്ലു അർജുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നുണ്ട് അങ്ങ് വൈകുണ്ഠപുരത്ത് എന്ന ഈ ചിത്രം. ഒരു പക്കാ തെലുങ്കു ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേർത്തപ്പോൾ തന്നെ അല്പം വ്യത്യസ്തമായ ഒരു പ്രമേയവും കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ആദ്യാവസാനം ഒരു നിമിഷം ബോറടിക്കാതെ കാണാവുന്ന ഒരു ചിത്രമായി ഇത് മാറി.
ഒരു കംപ്ലീറ്റ് അല്ലു അർജുൻ ഷോ ആയി മാറിയ ഈ ചിത്രത്തിൽ മാറ്റിക് അഭിനേതാക്കൾ ആയ ജയറാം, ഗോവിന്ദ് പദ്മസൂര്യ, സമുദ്രക്കനി, തബു, സച്ചിൻ കെദേഖർ എന്നിവർക്ക് എടുത്തു പറയത്തക്ക കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പക്ഷെ തങ്ങൾക്കു കിട്ടിയ ഭാഗങ്ങൾ ഇവർ അതിമനോഹരമായി തന്നെ അവതരിപ്പിച്ചത് ചിത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. അല്ലു അർജുൻ കഴിഞ്ഞാൽ പിന്നെ കയ്യടി നേടിയ പ്രകടനം കാഴ്ച വച്ചതു വാൽമീകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുരളി ശർമ്മ എന്ന നടൻ ആണ്. പൂജ ഹെഗ്‌ഡെ, നിവേദ എന്നിവർ വന്നു പോകുന്ന കഥാപാത്രങ്ങൾ മാത്രമായി ഒതുങ്ങി എന്ന് പറയേണ്ടി വരും. ഇവരോടൊപ്പം നവദീപ്, സുശാന്ത്, രോഹിണി, സുനിൽ, ഹർഷവർധൻ, രാജേന്ദ്ര പ്രസാദ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
എസ് തമൻ ഒരുക്കിയ ഗാനങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ ദൃശ്യങ്ങൾ ഒരുക്കിയ പി എസ് വിനോദും എഡിറ്റ് ചെയ്ത നവീൻ നൂലിയും തങ്ങളുടെ ജോലി വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. കോമഡി രംഗങ്ങൾ, ആക്ഷൻ സീനുകൾ എന്നിവ ഗംഭീരമായി തന്നെ ഒരുക്കിയിട്ടുണ്ട്. സംഘട്ടന രംഗനത്തിലെ പാട്ടും പശ്ചാത്തല സംഗീതവും കയ്യടി നേടി. പ്രവചിക്കാൻ പറ്റുന്ന ഒരു കഥ ആണെങ്കിലും അതിനെ വളരെ രസകരമായി, പ്രേക്ഷകരെ ബോറടിപ്പിക്കാതെ അവതരിപ്പിച്ച സംവിധായകൻ കയ്യടി അർഹിക്കുന്നു. ഏതായാലും അല്ലു അർജുനെ ഇഷ്ട്ടപെടുന്ന എല്ലാവരെയും പൂർണ്ണമായും തൃപ്തിപ്പെടുത്തരുന്ന ഒരു പൈസ വസൂൽ എന്റെർറ്റൈനെർ ആണ് അങ്ങ് വൈകുണ്ഠപുരത്ത്.