റിയലിസ്റ്റിക് എന്റെർറ്റൈനെറുകളുടെ കാലമാണ് ഇത്. പച്ചയായ ജീവിതത്തിൽ നിന്നുള്ള കഥകൾ വളരെ മനോഹരമായി പറയുന്ന ചിത്രങ്ങൾ പുറത്തു വരികയും അവയെല്ലാം തന്നെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു. മലയാള സിനിമയിൽ ഈ അടുത്തകാലത്ത് നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയ അത്തരം ഒരുപിടി ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തി ചേർന്ന, ആ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് സൗദി വെള്ളക്ക. കഴിഞ്ഞ വർഷം ഓപ്പറേഷൻ ജാവ എന്ന ചിത്രമൊരുക്കി കയ്യടി നേടിയ തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ചിത്രത്തിന് രചന നിർവഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ഈ ചിത്രത്തിൽ ലുഖ്മാൻ അവറാൻ, ബിനു പപ്പു, സുജിത് ശങ്കർ, ദേവി വർമ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ലുഖ്മാൻ അവതരിപ്പിക്കുന്ന അഭിലാഷ് എന്ന കഥാപാത്രത്തിന്, കൊച്ചിയിലെ തോപ്പും പടിയിലെ സൗദി എന്ന സ്ഥലത്ത് 2005 ഇൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട്, 2019 ഇൽ ഒരു സമ്മൻസ് ലഭിക്കുന്നു. അവിടെ നിന്നാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് നീങ്ങി തുടങ്ങുന്നത്. പിന്നീട് അഭിലാഷിന്റെ ഓർമകളിൽ കൂടിയാണ് ഈ ചിത്രത്തിന്റെ കഥ പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്നത്. ദേവി വർമ്മയുടെ ഐഷുമ്മ എന്ന കഥാപാത്രം പിന്നീട് ചിത്രത്തിലെ പ്രധാന കഥാപാത്രമായി മാറുകയാണ്. വളരെ സീരിയസായി കഥ പറഞ്ഞു പോകുമ്പോഴും, എന്താണ് അടുത്തത് വരുന്നത് എന്നൊരാകാംഷ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. വൈകാരികമായാണ് കഥ മുന്നോട്ട് നീങ്ങുന്നതെങ്കിലും, ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയും ചാലിച്ചാണ് ഈ ചിത്രം കഥ പറഞ്ഞിരിക്കുന്നത്.
മനസ്സിനെ തൊടുന്ന വ്യത്യസ്‍തമായ ഒരു കഥയെ ഏറ്റവും റിയലിസ്റ്റിക് ആയി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് തരുൺ മൂർത്തി എന്ന ഈ യുവസംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ ഒരിക്കൽ കൂടി നമ്മളെ പ്രേരിപ്പിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവയിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ രീതിയിലാണ് തരുൺ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ജീവിതത്തിൽ നിന്നെടുത്ത നിമിഷങ്ങളും, അതുപോലെ നീതിന്യായ വ്യവസ്ഥയിൽ നടക്കുന്ന കാര്യങ്ങളും ഗൗരവമായി ഇഴചേർത്ത് അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം വളരെ പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നതെന്നത് തന്നെയാണ് ഇതിന്റെ വിജയം. മനസ്സിൽ തൊടുന്ന കഥ സന്ദർഭങ്ങൾ ഒരുക്കുന്നതിലും വൈകാരിക നിമിഷങ്ങളെ ഏറ്റവും മനോഹരമായി പ്രേക്ഷകരുടെ മനസ്സിലെത്തിക്കാനും രചയിതാവെന്ന നിലയിൽ തരുൺ മൂർത്തി വിജയിച്ചിട്ടുണ്ട്. സംവിധായകനെന്ന നിലയിൽ കൂടി അദ്ദേഹം ആദ്യം മുതൽ അവസാനം വരെ ചിത്രത്തിന്റെ നിയന്ത്രണം കയ്യിൽ സൂക്ഷിച്ചതാണ് ഈ ചിത്രം മികവ് പുലർത്താനുള്ള മറ്റൊരു കാരണം. വൈകാരിക മുഹൂർത്തനങ്ങൾ മെലോഡ്രാമയായി മാറാതെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ വൈകാരികമായ യാത്രക്കും നീതിന്യായ വ്യവസ്ഥയിൽ നടക്കുന്ന കാര്യങ്ങൾക്കും പ്രാധാന്യം നൽകി ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചു കഥ പറയുമ്പോഴും, ആകാംഷാഭരിതമായ നിമിഷങ്ങളിലൂടെ ചിത്രത്തെ കൊണ്ട് പോകാനും, തരുൺ മൂർത്തിക്ക് സാധിച്ചു. അത് തന്നെയാണ് സൗദി വെള്ളക്ക എന്ന ചിത്രത്തെ മനോഹരമാക്കുന്നത്.
ആദ്യ പകുതിയിൽ കഥയുമായി ബന്ധപ്പെട്ട ആകാംഷ നിലനിർത്തി മുന്നോട്ട് പോകുന്ന ചിത്രം, രണ്ടാം പകുതിയിൽ വൈകാരിക തീവ്രത കൊണ്ടാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം ഒരു സാമൂഹിക പ്രസക്തിയുള്ള വിഷയം കൂടി നമ്മുടെ മുന്നിൽ വെക്കുന്നുണ്ട്. ഒരിക്കൽ എങ്കിലും കോടതി കയറേണ്ടി വന്നിട്ടുള്ളവർക്ക് ഈ ചിത്രം നൽകിയ ഒരു വൈകാരികമായ കണക്ഷൻ വളരെ വലുതായിരിക്കും. വിധി തീർപ്പാകാതെയുള്ള ഉള്ള കേസുകൾ കെട്ടികിടക്കുന്ന നമ്മയുടെ നീതിന്യായ വ്യവസ്ഥയിൽ, 14 വർഷം കൊണ്ടുള്ള ചെറിയ ഒരു കേസിന്റെ യാത്രയാണ് സൗദി വെള്ളക്ക കാണിച്ചു തരുന്നത്. കേസിന്റെ ആ യാത്രക്കൊപ്പം അതുമായി ബന്ധപ്പെട്ട് കിടക്കുന്ന മനുഷ്യ ജീവിതങ്ങളുടെ യാത്ര കൂടിയാണ് ഈ ചിത്രം. “ഇത്രേ ഉള്ളു മനുഷ്യർ അല്ലെ ഇക്ക?”, അഭിലാഷ് എന്ന കൊച്ചുമോന്റെ ഈ ചോദ്യത്തിന്, “കൊച്ചുമോനെ ഇത്രയും അല്ല ഇത്രയും ഒക്കെ ഉണ്ട് മനുഷ്യർ ” എന്ന ഉത്തരം ഈ ചിത്രത്തിന്റെ ശ്കതി ഉൾക്കൊള്ളുന്നുണ്ട്.
ഐഷുമ്മയായി അഭിനയിച്ച ദേവി വർമയുടെ പ്രകടനം അതിഗംഭീരമെന്നു പറഞ്ഞാൽ കുറഞ്ഞു പോകും. അത്രക്കും മനസ്സിൽ സ്പർശിക്കുന്ന രീതിയിൽ മനോഹരമായി ആ ഉമ്മക്ക് അവർ ജീവൻ പകർന്നു. അത്പോലെ തന്നെ സത്താർ ആയി സുജിത് ശങ്കർ കാഴ്ച വെച്ചതും തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ്.
ലുഖ്മാൻ അവറാൻ, ബിനു പപ്പു എന്നിവർ മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഓരോ കഥാപാത്രങ്ങളും ഒന്നിച്ച് വരുമ്പോഴുള്ള അവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി വളരെ മികച്ച രീതിയിൽ ഉപയോഗിക്കപ്പെട്ടതു കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മനസ്സിനെ തൊട്ടത്. അഭിനേതാക്കൾ മത്സരിച്ചഭിനയിച്ചപ്പോൾ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല..അഭിലാഷ് ആയി തന്റെ ശൈലിയിൽ വളരെ അനായാസമായി ലുഖ്മാൻ കഥാപാത്രമായി മാറിയപ്പോൾ ബ്രിട്ടോ വിൻസെന്റ് എന്ന കഥാപാത്രമായി എത്തിയ ബിനു പപ്പു ഓൺസ്‌ക്രീനിൽ നൽകിയ ഊർജ്ജം വളരെ വലുതായിരുന്നു. ഇവരെ പോലെ തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ, സിദ്ധാര്‍ഥ് ശിവ, എന്നിവരും പുതുമുഖങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾക്ക് മനോഹരമായാണ് ജീവൻ പകർന്നത്. ശരൺ വേലായുധൻ നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ നിഷാദ് യൂസഫ് തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് നൽകിയ പാകത വളരെ വലുതാണ്. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനും നിഷാദിന്റെ എഡിറ്റിംഗ് ഏറെ സഹായിച്ചു എന്ന് പറയാം. പാലി ഫ്രാൻസിസ് കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തി. അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതത്തിന്റെ മികവ് എടുത്തു പറഞ്ഞ് തന്നെ അഭിനന്ദിക്കണം.
ചുരുക്കി പറഞ്ഞാൽ, ഒരു നല്ല സിനിമയെ അതിന്റെ താളത്തിൽ ആസ്വദിക്കാൻ മനസ്സുള്ള പ്രേക്ഷകന് വേണ്ടിയുള്ള ഒരു റിയലിസ്റ്റിക് എന്റെർറ്റൈനെർ ആണ് സൗദി വെള്ളക്ക. ഒരു ത്രില്ലറെന്നോ ഡ്രാമയെന്നോ നമ്മുക്കിതിനെ വിളിക്കാൻ കഴിയില്ല. പക്ഷെ മനസ്സിൽ തൊടുന്ന ഒട്ടേറെ മുഹൂർത്തങ്ങളാൽ സമ്പന്നമായ ഈ ചിത്രം വൈകാരികമായ ഒരു യാത്രയാണ് ഓരോ പ്രേക്ഷകനും സമ്മാനിക്കുന്നത്. ഒരുപക്ഷെ നാളെ മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ എന്നും ഓർമിക്കപ്പെടുന്ന ഒരു ക്ലാസിക് ചിത്രമായി വിലയിരുത്തപ്പെട്ടേക്കാവുന്ന ചിത്രമാണ് സൗദി വെള്ളക്ക.