ഒരു ‘അടി’യിലൂടെ ജീവിതത്തെ മാറ്റി മറിക്കുന്ന കാഴ്ചകൾ; റിവ്യൂ വായിക്കാം

Advertisement

കസവണിഞ്ഞ് പരുക്കൻ ലുക്കിൽ നെറ്റിയിൽ ചോര പൊടിഞ്ഞു നിൽക്കുന്ന ഷൈൻ ടോം ചാക്കോയും പുതുമോടിയിൽ സന്തോഷമില്ലാതെ നിൽക്കുന്ന അഹാനയും. ‘അടി’  എന്ന ചിത്രത്തെക്കുറിച്ച് അണിയറ പ്രവർത്തകർ ആദ്യം പുറത്തുവിട്ട ഒരു സൂചനയായിരുന്നു ഈ ക്യാരക്ടർ ലുക്ക് പോസ്റ്റർ. പ്രേക്ഷകർക്ക് ഒരു പരിധിവരെ ചിത്രത്തിന്റെ കഥഒഴുക്കിനെ മനസ്സിലാക്കാൻ ഈ ലുക്ക്‌ പോസ്റ്റർ സഹായിക്കുകയും ചെയ്തു. എന്നാൽ അടിക്ക് വ്യത്യസ്ത മാനങ്ങൾ കൊണ്ടുവന്ന തല്ലുമാലയുടെ വേറെ പതിപ്പാണോ ഈ ചിത്രം എന്നൊക്കെ ചിന്തിച്ചവർക്ക് മുകളിൽ പറഞ്ഞ  സൂചനകളിൽ നിന്ന് വളരെ വ്യത്യസ്തമായി അടിയുടെയും ഒരു തിരിച്ചടിയുടെയും പരമ്പരയാണ്  ചിത്രം പ്രേക്ഷകർക്കായി ഒരുക്കിയത്. 

പ്രതികാരങ്ങളെ പല കഥകളാക്കി ചിത്രീകരിക്കുന്ന മലയാള സിനിമയിൽ ‘അടി ‘ എങ്ങനെ വ്യത്യസ്തമാകുന്നു എന്നതാണ് പ്രേക്ഷകരെ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. മഹേഷിന്റെ പ്രതികാരത്തിന് മികച്ച ശ്രദ്ധ നേടിയെടുത്തത് മുതൽ പ്രതികാരത്തെ വളരെ സമർത്ഥമായി സൗമ്യതയോടു കൂടി കൈകാര്യം ചെയ്യാൻ തിരക്കഥാകൃത്തുക്കൾ ശ്രമിക്കാറുണ്ട്. പ്രശോഭ് വിജയൻറെ സംവിധാനത്തിൽ രതീഷ് രവി തിരക്കഥ ഒരുക്കിയ ചിത്രത്തിലും ഒരു പ്രതികാര കഥയാണ് വരച്ചിടുന്നത്. ഒരു റോഡ് റേഞ്ച് സംഭവമാണ് ചിത്രത്തിന് ആധാരം. ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന സജീവ് എന്ന കഥാപാത്രത്തിന്റെ പ്രതികാരം ചെയ്യാനുള്ള തീവ്രമായ ആശയത്തെ ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം ഒരുക്കിയിരിക്കുന്നത്. 

Advertisement

ഭാര്യ ഗീതികയുടെ മുന്നിൽ വച്ച് സജീവ് മാനസികമായും ശാരീരികമായും തളരുന്നതാണ് ചിത്രത്തിൽ ഉടനീളം കാണുന്നത്.  പിന്നീട് ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും രണ്ടുപേരും ഒരുമിച്ച് പ്രശ്നങ്ങളെ പരിഹരിക്കുന്നതും ആണ് ചിത്രത്തിലൂടെ പറഞ്ഞുവെക്കുന്നത് . നായകന്റെ എതിരാളിയായി പുരുഷ അഭിമാനം കൊണ്ട് ഊറ്റം കൊള്ളുന്ന കഥാപാത്രമാണ് ധ്രുവ് അവതരിപ്പിച്ചത്. അഭിമാനം മോശമായി തകർന്നതോടെ സജീവ് പ്രതികാരം ചെയ്യുന്ന വഴികളും വില്ലനുമായുള്ള ഏറ്റുമുട്ടലുമൊക്കെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയത്. ഒരു സ്ത്രീ വിചാരിച്ചാൽ പ്രശ്നങ്ങൾക്ക് തീർപ്പു കല്പിക്കാനും സാധിക്കുമെന്ന് തെളിയിച്ച ധൈര്യശാലിയായി ഗീതിക എന്ന കഥാപാത്രത്തെയും ചിത്രം കണ്ടു പുറത്തിറങ്ങിയ ഓരോ പ്രേക്ഷകനും സ്വീകരിക്കും.

അടിതടവുകളുടെ അലങ്കാരമില്ലാതെ  ഈഗോയും അപകർഷതയും പേറി നടക്കുന്ന സജീവ് എന്ന കഥാപാത്രത്തെ ഷൈൻ കയ്യടക്കത്തോട് കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.  നിശബ്ദയായി നിന്ന് ഒടുവിൽ നിശബ്ദത കൈവിട്ട് കളത്തിലിറങ്ങിയ  ഗീതിക എന്ന കഥാപാത്രത്തെ അഹാനയും ഭംഗിയാക്കി. ധ്രുവുവും ശ്രീകാന്ത് ദാസനും തങ്ങളുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി.   രണ്ടുമണിക്കൂർ 11 മിനിറ്റ് പ്രേക്ഷകനെ പിടിച്ചിരുത്തിയത് മുറുകി വരുന്ന തിരക്കഥയുടെ ഒഴുക്ക് തന്നെയാണ്. ഇതിൽ സംവിധായകൻ പ്രശോഭ് വിജയൻറെ മികവും ദൃശ്യമാണ്. കഥയുടെ ഭംഗിയിൽ ഇഴുതി ചേർന്ന ഗോവിന്ദ് വസന്തയുടെ സംഗീതവും എടുത്തു പറയേണ്ടതാണ്. ഹൈപ്പുകൾ നൽകാതെ അടിതടവുകൾ ഇല്ലാതെ, മികച്ചൊരു ദൃശ്യവിരുന്ന് കാണാൻ വിഷുവിനെത്തിയ ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close