
പ്രഭാസ് നായകനായ ‘സാഹോ’, പവൻ കല്യാൺ നായകനായ ഓജി’ എന്നീ ചിത്രങ്ങൾക്ക് ശേഷം സുജീത് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിൽ നാനി നായകനാവുന്നു. ഒക്ടോബർ രണ്ടിന് നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ലോഞ്ച് ചെയ്തത്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ മലയാള സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ വേഷമിട്ടേക്കും എന്ന വാർത്തകളാണ് വരുന്നത്. ഒരു ഡാർക്ക് ആക്ഷൻ കോമഡി ചിത്രമായാണ് ഇത് ഒരുക്കുന്നത് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. സലാർ, രാജമൗലി- മഹേഷ് ബാബു ചിത്രം എന്നിവക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന തെലുങ്ക് ചിത്രമായിരിക്കും ഇതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നു. നിഹാരിക എന്റർടൈന്മെന്റ്സ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ബ്ലഡി റോമിയോ എന്നായിരിക്കും ചിത്രത്തിന്റെ ടൈറ്റിൽ എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ശ്രീകാന്ത് ഒഡേല ഒരുക്കുന്ന ദി പാരഡൈസ് എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇനി നാനി നായകനായി പ്രദർശനത്തിന് എത്താനുള്ളത്.