
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ സിനിമകൾക്ക് ശേഷമുള്ള ഇവരുടെ ചിത്രമാണിത്. ഓപ്പറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥയുടെ പൂജ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു നടന്നു. “പഹൽഗാം” എന്ന് പേരുള്ള ചിത്രത്തിൻ്റെ നിർമ്മാണം പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ ബാനറിൽ അനൂപ് മോഹൻ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ഒഫീഷ്യൽ പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു എന്നാണ് വാർത്തകൾ വരുന്നത്. ദേശീയ അവാർഡ് ജേതാവായ തിരു കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് മറ്റൊരു ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആയിരിക്കും. ശരത് കുമാർ, പരേഷ് റാവൽ എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് ബാഹുബലി ഫെയിം കെച്ച മാസ്റ്റർ ആണ്.