
തെലുങ്കു സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന “കിങ്‌ഡം” എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിൽ വില്ലനായി മലയാളി താരം വെങ്കിടേഷ് വി പി. ഒരുപിടി ശ്രദ്ധേയമായ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ വെങ്കിടേഷിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായാണ് ‘കിങ്‌ഡം’ എത്തുന്നത്. “നായികാ നായകൻ” എന്ന റിയാലിറ്റി ഷോയിലെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം നേടി ശ്രദ്ധേയനായ വെങ്കിടേഷ്, അതിനു ശേഷം പ്രണയ നായകൻ ആയും വൈകാരിക ആഴമുള്ള കഥാപാത്രങ്ങളിലും മികച്ച പ്രകടനം നടത്തി ശ്രദ്ധ നേടി. ലവ്ഫുള്ളി യുവേഴ്സ് വേദ, സ്റ്റാൻഡ് അപ് തുടങ്ങിയ ചിത്രങ്ങളിലെ വെങ്കിടേഷിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ കിങ്‌ഡം എന്ന ചിത്രത്തിലൂടെ തന്റെ പ്രതിഭയുടെ മറ്റൊരു തലം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് വെങ്കിടേഷ്. ജൂലൈ 31 നു ആഗോള റിലീസായെത്തുന്ന ചിത്രം ഒരുക്കിയത് ഗൗതം തിന്നാനുരി ആണ്. സിതാര എന്റർടൈൻമെന്റ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഭാഗ്യശ്രീ ബോർസെ ആണ്.