
Advertisement
മോഹൻലാൽ നായകനായ ദൃശ്യം 3 സെപ്റ്റംബർ പകുതിയോടെ ആരംഭിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആദ്യം തുടങ്ങുമെന്ന് വാർത്തകൾ വന്നെങ്കിലും അതിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞതോടെ അവർ പിന്മാറി എന്നും ജിത്തു ജോസഫ് അറിയിച്ചു. മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്തുതന്നെ ചിത്രീകരണം തുടങ്ങണമെന്ന ആവശ്യമുയർന്നിരുന്നു എങ്കിലും അക്കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല എന്നും ജീത്തു ജോസഫ് മാതൃഭൂമി വാരാന്തപതിപ്പിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതി പൂർത്തിയാക്കി എന്ന വിവരം ജീത്തു ജോസഫ് രണ്ടു ദിവസം മുൻപ് വെളിപ്പെടുത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ദൃശ്യം 3 അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.