
പതിനേഴു വർഷം മുൻപ് റിലീസ് ചെയ്തു കേരളത്തിൽ വലിയ വിജയം നേടിയെടുത്ത ദിലീപ് ചിത്രമാണ് സി ഐ ഡി മൂസ. ദിലീപ്- ഭാവന ജോഡികൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആ ചിത്രമൊരുക്കിക്കൊണ്ടാണ് പ്രശസ്ത സംവിധായകനായ ജോണി ആന്റണി അരങ്ങേറ്റം കുറിച്ചത്. ഉദയ കൃഷ്ണ- സിബി കെ തോമസ് ടീം രചന നിർവഹിച്ച ആ ചിത്രം നിർമ്മിച്ചതും ദിലീപ് ആയിരുന്നു. എന്നാൽ സി ഐ ഡി മൂസക്കു ഒരു രണ്ടാം ഭാഗം വരുമോ എന്നുള്ള ചോദ്യം പ്രേക്ഷകർ ചോദിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. അതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത ഉണ്ടെന്നു ദിലീപും, സംവിധായകൻ ജോണി ആന്റണിയും രചയിതാവ് ഉദയ കൃഷ്നയും പറഞ്ഞിട്ടുമുണ്ട്. എന്നാൽ ആ രണ്ടാം ഭാഗം ഇപ്പോൾ ഒരുക്കുമ്പോൾ തങ്ങൾ നേടിടുന്ന പ്രതിസന്ധികൾ ഏതെല്ലാമെന്നും എങ്ങനെയാണു ആ രണ്ടാം ഭാഗമൊരുക്കൽ സാഹസമേറിയ ഒരു ജോലിയാകുന്നതെന്നും രചയിതാവ് ഉദയ കൃഷ്ണ വെളിപ്പെടുത്തുന്നു. സി ഐ ഡി മൂസയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒട്ടേറെ നടൻമാർ ഇന്ന് നമ്മുക്കൊപ്പമില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് അദ്ദേഹം പറയുന്നു.
മുരളി, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ക്യാപ്റ്റൻ രാജു, സുകുമാരി, മച്ചാൻ വർഗീസ്, പറവൂർ ഭരതൻ എന്നിവർ നമ്മളെ വിട്ടു പോയി. ചിത്രത്തിലെ നിർണ്ണായകമായ പോലീസ് വേഷമവതരിപ്പിച്ച ജഗതി ശ്രീകുമാർ ആണെങ്കിൽ അപകടത്തെ തുടർന്ന് ശരീരം തളർന്നു ഇരിക്കുകയാണ്. ഇവരൊന്നുമില്ലാതെ ചിത്രത്തിന്റെ കഥ മുന്നോട്ടു കൊണ്ട് പോകുക എന്നത് വലിയ സാഹസമാണെന്നാണ് ഉദയ കൃഷ്ണ പറയുന്നത്. അതല്ലെങ്കിൽ കേന്ദ്ര കഥാപാത്രമായ മൂസയെ മാത്രമെടുത്തു മറ്റൊരു പശ്ചാത്തലത്തിൽ ഈ ചിത്രമൊരുക്കേണ്ടി വരുമെന്നും ഉദയ കൃഷ്ണ പറയുന്നു. ദിലീപ് തന്നെ നിർമ്മിക്കാൻ പ്ലാൻ ചെയ്യുന്ന ഈ രണ്ടാം ഭാഗം ഏതായാലും ഉടൻ ഉണ്ടാവില്ല എന്നാണ് സൂചന. കോവിഡ് പ്രതിസന്ധി മൂലം നേരത്തെ കരാറായ ചിത്രങ്ങൾ വരെ പ്രതിസന്ധിയിലായത് കൊണ്ട് ഉടനെ ഒരു പുതിയ ചിത്രത്തെക്കുറിച്ചുള്ള ആലോചനകൾ ഉണ്ടാവില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.