മൂന്നു വർഷം മുൻപ് മലയാളത്തിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. യുവ താരം നിവിൻ പോളി കായംകുളം കൊച്ചുണ്ണി ആയും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ട ഈ ചിത്രം സംവിധാനം ചെയ്‌തത് റോഷൻ ആൻഡ്രൂസ് ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ബോബി – സഞ്ജയ് ടീം ആണ്. വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ഈ ചിത്രത്തിൽ, അതിനു പ്രധാന കാരണങ്ങളിൽ ഒന്നായി മാറിയത് ഇത്തിക്കര പക്കി ആയി മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനമാണ്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിനനന്ദം ചൊരിയുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച വെച്ചത്. അപ്പോൾ മുതൽ സിനിമാ പ്രേമികളും ആരാധകരും സംവിധായകൻ റോഷൻ ആൻഡ്രൂസിനോട് ചോദിക്കുന്ന ചോദ്യം ആണ് ഇത്തിക്കര പക്കി എന്ന കഥാപാത്രം നായകനായി ഒരു മോഹൻലാൽ ചിത്രം ഉണ്ടാകുമോ എന്നത്. അതിനു സാദ്ധ്യതകൾ ഉണ്ടെന്നു റോഷൻ ആൻഡ്രൂസ് അന്ന് പറയുകയും ചെയ്തിരുന്നു.
ഇപ്പോൾ അതിനെക്കുറിച്ചു വെളിപ്പെടുത്തുന്നത് ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ സഞ്ജയ് ആണ്. ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇപ്പോൾ തങ്ങൾ ഒരു ചിത്രം ആലോചിക്കുന്നില്ല എന്നും, ഇനി തങ്ങൾ ഒരു പീരീഡ് ചിത്രം ചെയ്യുന്നത് വലിയ ഇടവേളക്കു ശേഷം ആയിരിക്കുമെന്നും സഞ്ജയ് പറയുന്നു. എന്നാൽ അത് ഇത്തിക്കര പക്കി എന്ന ചിത്രമാവാൻ സാധ്യത ഇല്ല എന്നും അദ്ദേഹം പറഞ്ഞു. കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയെ വന്നത് തങ്ങളുടെ ഒരു ഭാവനാ സൃഷ്ടി ആണെന്നും അതിനു മോഹൻലാൽ എന്ന നടൻ നൽകിയ ഒരു മാനം ആ കഥാപാത്രത്തെ എവർഗ്രീൻ ആക്കിയെന്നും സഞ്ജയ് പറയുന്നു. അതുകൊണ്ട് തന്നെ അതിനെ കൂടുതൽ വലിച്ചു നീട്ടി ഒരു സിനിമയാക്കി ചെയ്യാൻ ഇപ്പോൾ ആലോചനയില്ലെന്നാണ് രചയിതാവ് വെളിപ്പെടുത്തുന്നത്.