മലയാള സിനിമയിലെ പ്രശസ്ത നടന്മാരിലൊരാളാണ് സലിം കുമാർ. തൊണ്ണൂറുകളുടെ പകുതിയോടെ സിനിമയിൽ എത്തിയ ഈ നടൻ ആദ്യം ചെറിയ ചെറിയ ഹാസ്യ വേഷങ്ങൾ ചെയ്തു വളരുകയും, പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടന്മാരിൽ ഒരാളായി മാറുകയും ചെയ്തു. അതിനു ശേഷം നായകനായും സഹനടനായുമെല്ലാം അഭിനയിച്ച ഈ പ്രതിഭ, തന്റെ അഭിനയ മികവിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. സലിം അഹമ്മദ് ഒരുക്കിയ ആദാമിന്റെ മകൻ അബുവിലൂടെ ആയിരുന്നു സലിം കുമാറിന്റെ ആ നേട്ടം. പിന്നീട് സംവിധായകനായും മലയാള സിനിമകൾ ഒരുക്കിയ ഈ ബഹുമുഖ പ്രതിഭയെ കുറിച്ചുള്ള ഒരോർമ്മ പങ്കു വെക്കുകയാണ് മലയാളത്തിലെ പ്രശസ്ത തിരക്കഥാ രചയിതാക്കളിൽ ഒരാളായ കലൂർ ഡെന്നിസ്.
മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ നിറഭേദങ്ങള്‍ എന്ന ആത്മകഥയിലാണ് സിനിമയിലേക്കുള്ള സലിം കുമാറിന്റെ വരവിനെ കുറിച്ച് കലൂര്‍ ഡെന്നീസ് ഓർത്തെടുക്കുന്നത്. സുരേഷ് ഗോപിയെ നായകനാക്കി സുവര്‍ണ സിംഹാസനം എന്ന സിനിമയുടെ തിരക്കഥ എഴുതുന്ന വേളയിലാണ് സലിം കുമാറിനെ താന്‍ ആദ്യമായി പരിചയപ്പെടുന്നതെന്നു അദ്ദേഹം പറയുന്നു. സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവും പേറി മുന്നോട്ട് പോകവെ, ഒരു ദിവസം സലിംകുമാര്‍ ഒരു സന്തോഷ വാര്‍ത്തയും കൊണ്ടാണ് വന്നത്. സംവിധായകന്‍ സിബി മലയിലിന്റെ നീ വരുവോളം എന്ന ദിലീപ് ചിത്രത്തില്‍ സലിമിന് ഒരവസരം ലഭിച്ചിരിക്കുന്നു എന്ന വാർത്തയാണ് സലിം ഒരുപാട് സന്തോഷത്തോടെ പങ്കു വെച്ചത്.
തന്റെ രൂപത്തെ ഓർത്തു സലിം കുമാറിന് ഒരു അപകർഷതാ ബോധം ഉണ്ടായിരുന്നെങ്കിലും അതൊന്നും സിനിമയിൽ കാര്യമല്ല എന്നു പറഞ്ഞു തങ്ങൾ സലീമിനെ സമാധാനിപ്പിച്ചു വിട്ടു എന്നും കലൂർ ഡെന്നിസ് പറയുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് അറിഞ്ഞത്, സലിം കുമാറിന്റെ അഭിനയം ശരിയാവാത്തതിനാൽ അദ്ദേഹത്തെ പറഞ്ഞു വിട്ടെന്നും, പകരം ഇന്ദ്രൻസാണ് ആ റോൾ ചെയ്യുന്നതെന്നുമാണ്. അതിനു ശേഷം താൻ രചിച്ച ചിത്രങ്ങളിൽ സലിമിനു ചെറിയ ചെറിയ വേഷങ്ങൾ നൽകിയിരുന്നു എന്നും കലൂർ ഡെന്നിസ് പറഞ്ഞു. അഭിനയിക്കാൻ അറിയില്ലെന്നും വേറെ പല പ്രശ്നങ്ങളും പറഞ്ഞു തിരിച്ചയച്ച ശിവാജി ഗണേഷനും അമിതാബ് ബച്ചനും ഇതിഹാസങ്ങൾ ആയ മേഖലയാണ് സിനിമ എന്നൊക്കെ പറഞ്ഞു അന്ന് തങ്ങൾ സലീമിനെ ആശ്വസിപ്പിച്ചിരുന്നു. ഇന്നിതാ അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു തിരിച്ചയച്ച സലിം കുമാർ ദേശീയ പുരസ്‌കാരം വരെ നേടി നിറഞ്ഞു നിൽക്കുന്നു എന്നതും കലൂർ ഡെന്നിസ് കൂട്ടിച്ചേർത്തു.
ഫോട്ടോ കടപ്പാട്: Facebook