ഞങ്ങൾ ലാലിനെ നമിച്ചു പോയ നിമിഷമായിരുന്നു അത്; ആ ചിത്രത്തിലെ മോഹൻലാലിന്റെ ആത്മാർപ്പണത്തെക്കുറിച്ചു വെളിപ്പെടുത്തി കലൂർ ഡെന്നിസ്..!

Advertisement

1987 ഇൽ മലയാളത്തിന്റെ മഹാനടനായ മോഹൻലാലിനെ നായകനാക്കി ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ജനുവരി ഒരോർമ. തീയേറ്ററുകളിൽ വമ്പൻ വിജയം നേടിയെടുത്ത ആ ചിത്രം രചിച്ചത് പ്രശസ്ത രചയിതാവായ കലൂർ ഡെന്നീസാണ്. ഇപ്പോഴിതാ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ മോഹൻലാലിനെ കുറിച്ചുള്ള ഒരോർമ പങ്കു വെക്കുകയാണ് കലൂർ ഡെന്നിസ്. മാധ്യമം ആഴ്ചപ്പതിപ്പില്‍ സീരീസായി പ്രസിദ്ധീകരിക്കുന്ന കലൂര്‍ ഡെന്നീസിന്റെ ആത്മകഥ നിറഭേദങ്ങളിലാണ് അദ്ദേഹം ഈ ഓർമ പങ്കു വെച്ചിരിക്കുന്നത്. ആ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കവേ നടന്ന കാര്യമാണ് അദ്ദേഹം പറയുന്നത്. തലേ ദിവസം തന്നെ ആര്‍ട്ട് ഡയറക്ടര്‍ ഫൈറ്റ് എടുക്കേണ്ട ലൊക്കേഷന്‍സ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു എന്നും പക്ഷെ അടുത്ത ദിവസം ലൊക്കേഷനിൽ എത്തിയപ്പോഴാണ് മഞ്ഞും മഴയും കൊണ്ട് കൊഴുപ്പ് പരുവത്തില്‍ വല്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ കിടന്നുവേണം മോഹൻലാൽ ഫൈറ്റ് ചെയ്യാൻ എന്ന് തനിക്കും ജോഷിക്കും മനസ്സിലായത് എന്ന് കലൂർ ഡെന്നിസ് ഓർത്തെടുക്കുന്നു. അപ്പോഴേക്കും മലയാളത്തിലെ സൂപ്പർ താരമായി മാറിയ മോഹൻലാൽ ഇവിടെയിറങ്ങി ഫൈറ്റ് ചെയ്യുമോ എന്ന സംശയമുണ്ടായിരുന്ന ജോഷി, അവിടെ എങ്ങനെ ഷൂട്ട് ചെയ്യുമെന്നും നമ്മുക്ക് വേറെ ലൊക്കേഷൻ നോക്കാമെന്നും കലാ സംവിധായകനോട് വിളിച്ചു പറഞ്ഞപ്പോൾ, അത് കേട്ട മോഹൻലാൽ പറഞ്ഞത് അതുവേണ്ട സർ, നമ്മുക്ക് ഇവിടെ തന്നെയെടുക്കാം എന്നാണ്.

മോഹൻലാൽ എന്ന നടന്റെ ആത്മാർപ്പണത്തെ തങ്ങൾ നമിച്ചു പോയ സന്ദർഭമായിരുന്നു അതെന്നും കലൂർ ഡെന്നിസ് പറയുന്നു. വല്ലാതെ ദുര്‍ഗന്ധം പൊഴിക്കുന്ന ചളിക്കുണ്ടില്‍ കിടന്നുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെ മഴ വന്നു ഷൂട്ടിംഗ് മുടങ്ങിയപ്പോഴും, ദേഹം മുഴുവൻ ചെളിയുമായി മോഹൻലാൽ മഴ മാറുന്നത് കാത്തിരുന്നു എന്നും പിന്നീട് അടുത്ത ദിവസം വീണ്ടും ഒരു പരാതിയും മടിയും കൂടാതെ മോഹൻലാൽ അവിടെ തന്നെ വന്നു ആ സംഘട്ടന രംഗം പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു താരമൂല്യവുമില്ലാത്ത മറ്റേതൊരു നടനാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യാന്‍ തയ്യാറാകുമോ എന്നായിരുന്നു അപ്പോൾ ലൊക്കേഷനിലെ സംസാരമെന്നു പറഞ്ഞ കലൂർ ഡെന്നിസ്, മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിഫിഷ്യല്‍ ചളിയുണ്ടാക്കി വന്നാലേ താന്‍ ചളിയില്‍ വീഴൂ എന്നു പറഞ്ഞ മറ്റൊരു നടനെക്കുറിച്ചും അന്നവിടെ ചര്‍ച്ചയായി എന്ന കാര്യവും ഓർത്തെടുക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close