6 ദിവസം കൊണ്ട് തിരക്കഥ പൂർത്തിയാക്കിയ ആ ബ്ലോക്ക്ബസ്റ്റർ ചിത്രം; കഥ പോലും കേൾക്കാതെ മോഹൻലാൽ സമ്മതം മൂളി

Advertisement

മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പർ താരമായ മോഹൻലാലിന്റെ കരിയറിൽ, സൂപ്പർ താര പദവി അരക്കിട്ടുറപ്പിച്ച ചിത്രമായിരുന്നു 1986 ഇൽ റിലീസ് ചെയ്ത തമ്പി കണ്ണന്താനം ചിത്രം രാജാവിന്റെ മകൻ. അതിലെ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് എന്ന നായകൻ മലയാളികൾക്കിടയിൽ തരംഗമായി മാറി. വിൻസെന്റ് ഗോമസിന്റെ ഓരോ ഡയലോഗുകളും മലയാളികൾ ആഘോഷിച്ചു. കാലമിത്ര കഴിഞ്ഞിട്ടും രാജാവിന്റെ മകനും വിൻസെന്റ് ഗോമസും മലയാളി പ്രേക്ഷകരുടെ പ്രീയപെട്ടവയായി നിൽക്കുമ്പോൾ ആ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ച ഡെന്നിസ് ജോസഫ് ആ ചിത്രം മോഹൻലാലിലേക്കു എത്തിച്ചേർന്ന കഥ വെളിപ്പെടുത്തുകയാണ്. പരാജയങ്ങളിൽ പെട്ട് നിന്ന തമ്പി കണ്ണന്താനത്തിനു വേണ്ടിയാണു ഡെന്നിസ് ജോസഫ് രാജാവിന്റെ മകൻ എഴുതുന്നത്. നായകൻ തന്നെ വില്ലനുമാകുന്ന ഒരു പ്രമേയമായിരുന്നു അത്. ആ കഥാസാരം ഏറെയിഷ്ടപെട്ട തമ്പി കണ്ണന്താനം ആ കഥയുമായി മമ്മൂട്ടിയെ സമീപിച്ചു. പക്ഷെ പരാജയങ്ങളിൽ പെട്ട് നിന്ന തമ്പിയുമായി ചിത്രം ചെയ്യാൻ മമ്മൂട്ടി വിസമ്മതിച്ചതോടെ തമ്പി കണ്ണന്താനം ആ കഥയുമായി ചെന്നത് സൂപ്പർ താര പദവിയിലേക്ക് കുതിച്ചു കൊണ്ടിരുന്നമോഹൻലാലിന്റെ അടുത്തേക്കാണ്.

കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ ആ ചിത്രം ചെയ്യാൻ സമ്മതം മൂളിയത്. തമ്പി കണ്ണന്താനത്തിനും ഡെന്നിസ് ജോസഫിനുമൊപ്പം ജോലി ചെയ്യാനുള്ള ആഗ്രഹമാണ് മോഹൻലാലിനെ അതിനു പ്രേരിപ്പിച്ചത്. വെറും അഞ്ചോ ആറോ ദിവസം കൊണ്ടാണ് താൻ ആ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത് എന്നും അന്നൊക്കെ തന്റെ മുറിയിൽ വരുന്ന മമ്മൂട്ടി താൻ എഴുതി വെച്ചിരിക്കുന്ന തിരക്കഥ എടുത്തു വായിച്ചു കൊണ്ട് വിൻസന്റ് ഗോമസ് എന്ന നായക കഥാപാത്രത്തിന്റെ ഡയലോഗ് സ്വന്തം സ്‌റ്റൈലിൽ അവതരിപ്പിച്ചു കേൾപ്പിക്കുമായിരുന്നുവെന്നും ഡെന്നിസ് ജോസഫ് പറയുന്നു. ഏതായാലും കുറഞ്ഞ ചെലവിൽ, തമ്പിയുടെ കാറ് വിറ്റും റബർ തോട്ടം പണയം വെച്ചുമെല്ലാം തമ്പി തന്നെ നിർമ്മിച്ച ആ ചിത്രം, മലയാള സിനിമയിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി തീരുകയും മോഹൻലാൽ എന്ന താരം ആ വിജയത്തോടെ മലയാള സിനിമയുടെ തലപ്പത്തു എത്തുകയും ചെയ്തു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close