ആക്ഷൻ സീനുകൾക്കു വളരെ അനുയോജ്യനാണ് മോഹൻലാൽ; മനസ്സ് തുറന്നു തായ് ആക്ഷൻ കിംഗ് സുമ്രത് മൂവേങ്പുട്..!

Advertisement

പ്രിയദർശൻ- മോഹൻലാൽ ടീം ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം അടുത്ത മാസം പതിമൂന്നിന് തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. റിലീസിന് മുൻപേ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയെടുത്ത മരക്കാർ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രവും, ഏറ്റവും വലിയ റിലീസുമായിരിക്കും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ, ഒരു ലിറിക്കൽ സോങ് വീഡിയോ, സോങ് ടീസർ എന്നിവ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മൂന്നു സംഘട്ടന സംവിധായകരിൽ ഒരാളായ തായ് ആക്ഷൻ കിംഗ് സുമ്രത് മൂവേങ്പുട് ഈ ചിത്രത്തെ കുറിച്ചും, ഇതിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്. ത്യാഗരാജൻ മാസ്റ്റർ, കാസു നേട എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു സംഘട്ടന സംവിധായകർ.

മരക്കാരിൽ ജോലി ചെയ്തത് വഴി ഇന്ത്യയെ കുറിച്ചും, ഇന്ത്യയിലെ ആയോധനകലകളെ കുറിച്ചും ആയുധങ്ങളെ കുറിച്ചും സംസ്കാരങ്ങളെ കുറിച്ചും അഭിനേതാക്കളെ കുറിച്ചുമെല്ലാം ഏറെ പഠിക്കാനായി എന്നും ഇന്ത്യൻ ആയോധന കലകളെ കുറിച്ച് വലിയ മുൻധാരണ ഇല്ലായിരുന്നതിനാൽ ഈ ചിത്രത്തിൽ ചേരുന്നതിനു മുൻപ് വലിയ റിസർച് നടത്തിയിരുന്നു എന്നും സുമ്രത് പറയുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ അനുയോജ്യനാണ് മോഹൻലാൽ എന്നും, ഓരോ ആക്ഷൻ രംഗത്തിനു മുൻപും റിഹേഴ്സലുകൾ നോക്കേണ്ടിയിരുന്നു എങ്കിലും അദ്ദേഹം അതെല്ലാം വളരെ വേഗം പഠിച്ചു എന്നും സുമ്രത് പറഞ്ഞു. ചിത്രത്തിലെ ആക്ഷൻ സീനുകൾ വേഗത്തിൽ പൂർത്തിയാക്കാൻ അത് സഹായിച്ചു എന്നും സുമ്രത് വിശദീകരിച്ചു. മികച്ച ചിത്രത്തിനും വി എഫ് എക്‌സിനും വസ്ത്രാലങ്കാരത്തിനുമുള്ള ദേശീയ അവാർഡ് ലഭിച്ച ഈ ചിത്രത്തിന് മികച്ച നൃത്ത സംവിധാനം, വി എഫ് എക്സ്, ഡബ്ബിങ് എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close