മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ സ്ഥാനം നേടിയ മോഹൻലാൽ ചിത്രങ്ങളാണ് ദൃശ്യവും , ദൃശ്യം 2 ഉം. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രങ്ങൾ നേടിയ വിജയം ഭാഷയുടേയും ദേശത്തിന്റെയും അതിരുകൾ ഭേദിച്ചാണ് കുതിച്ചത്. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ദൃശ്യം തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, സിംഹളീസ്, ചൈനീസ് ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെട്ടു. ഇത് കൂടാതെ കൊറിയൻ, ഇംഗ്ലീഷ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയുമാണ്. ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 നേടിയത് ആഗോള തലത്തിലുള്ള വിജയമാണ്. അന്താരാഷ്ട്ര തലത്തിൽ വരെയുള്ള പ്രേക്ഷകരും നിരൂപകരും അഭിനന്ദനം ചൊരിഞ്ഞ ഈ ചിത്രം ദേശീയ- അന്തർദർശീയ തലത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപെട്ട മലയാള സിനിമയാണെന്ന് നിസംശയം പറയാൻ സാധിക്കും. ഈ സീരിസിൽ ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്നും എന്നാൽ അത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞു മാത്രമേ സംഭവിക്കു എന്നും ജീത്തു ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദൃശ്യം 3 ക്കു പറ്റിയ കഥകൾ എന്ന് പറഞ്ഞു സിനിമാ പ്രേമികൾ തന്നെ ഒട്ടേറെ പ്രമേയങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുമുണ്ട്. അതിൽ തന്നെ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്‌കുട്ടി എന്ന കഥാപാത്രത്തെ പൂട്ടാൻ കേസ് അന്വേഷിക്കാൻ മമ്മൂട്ടിയുടെ പ്രശസ്ത സി ബി ഐ കഥാപാത്രം സേതുരാമയ്യർ എത്തുമെന്നും, അതല്ല ജീത്തു ജോസഫിന്റെ തന്നെ മെമ്മറീസ് എന്ന ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിച്ച പോലീസ് കഥാപാത്രം സാം അലക്സ് എത്തുമെന്നും ആരാധകർ പറയുന്നു. അതിനെക്കുറിച്ചു ചോദിക്കുമ്പോൾ ജീത്തു ജോസഫ് വ്യക്തമാക്കുന്നത് അങ്ങനെയൊന്നും തന്നെയുണ്ടാവില്ല എന്നാണ്. കാരണം, ഇപ്പോൾ മനസ്സിൽ ഒരു ക്ലൈമാക്സ് മാത്രമാണ് ഉള്ളതെന്നും, അതിനെ സാധൂകരിക്കുന്ന ഒരു മികച്ച കഥ കിട്ടിയാൽ മാത്രമേ സിനിമ ചെയ്യൂ എന്നുമാണ്. അല്ലാതെ ഒരു മൂന്നാം ഭാഗം ഇറക്കാൻ വേണ്ടി ഒരു സിനിമ ഉണ്ടാക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 3 കൂടാതെ റാം, ആശീർവാദ് സിനിമാസ് ഒരുക്കുന്ന മറ്റൊരു ചിത്രം എന്നിവയും മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നുണ്ട്.