ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രം എന്ന അവകാശവാദവുമായി പ്രഭാസ് നായകനായി എത്തിയ സാഹോ ഇന്ന് ലോകം മുഴുവൻ റീലീസ് ചെയ്തു കഴിഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ വമ്പൻ റീലീസ് ആണ് ഈ ചിത്രം നേടിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി ആദ്യ ദിവസം ആയിരത്തിൽ അധികം ഷോകൾ ആണ് സാഹോ അവിടെ കളിക്കുന്നത്. 900 ഷോകൾക്കു മുകളിൽ ആദ്യ ദിനം കളിച്ച രജനികാന്ത്- അക്ഷയ് കുമാർ ചിത്രം യന്തിരൻ 2 ന്റെ റെക്കോർഡ് ആണ് സാഹോ തകർത്തത്. എന്നാൽ എല്ലാവരും ഉറ്റു നോക്കുന്നത് 2019 ലെ ഏറ്റവും വലിയ ഗൾഫ് ഗ്രോസർ ആവാൻ സാഹോക്ക് കഴിയുമോ എന്നതാണ്. മോഹൻലാൽ നായകനായി എത്തിയ ലുസിഫെർ എന്ന മലയാള ചിത്രമാണ് ഈ വർഷം ഗൾഫിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ഇന്ത്യൻ ചിത്രം. 5.7 മില്യൻ ഡോളർ, അഥവാ 40 കോടിയോളം രൂപയാണ് ലുസിഫെറിന്റെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കളക്ഷൻ.
രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് സൽമാൻ ഖാൻ നായകനായ ഭാരത് ആണ്. 4.41 മില്യൻ ഡോളർ ആണ് ഭാരത് നേടിയത്. 2.12 മില്യൻ നേടിയ ടോട്ടൽ ധമാൽ, 2.02 മില്യൻ നേടിയ ഗലി ബോയ്, 1.87 മില്യൻ നേടിയ പേട്ട എന്നിവയാണ് മൂന്നു മുതൽ അഞ്ചു വരെ ഉള്ള സ്ഥാനങ്ങൾ അലങ്കരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായി എത്തുന്ന, 350 കോടി രൂപ മുതൽ മുടക്കുള്ള സാഹോ എന്ന ബ്രഹ്മാണ്ഡ ചിത്രം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാള ചിത്രത്തിന് മുന്നിൽ ഗൾഫിൽ മുട്ടു മടക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്.