താര ചക്രവർത്തി മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി എത്തുന്ന ഒടിയൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. ഒടിയൻ ട്രെയ്‌ലറും പോസ്റ്ററുകളുമെല്ലാം ഓരോ ദിവസവും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്. ഇപ്പോഴിതാ പുതിയ ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഒടിയനെ കുറിച്ച് പരക്കുന്നത്. ഈ ചിത്രത്തിന്റെ മലയാളം പതിപ്പിൽ കഥാ വിവരണം ചെയ്യാൻ മെഗാസ്റ്റാർ മമ്മൂട്ടി ആയിരിക്കും ശബ്ദ സാന്നിധ്യമായി എത്തുക എന്നാണ് റിപ്പോർട്ടുകൾ നേരത്തെ വന്നത്. അതുപോലെ തന്നെ ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് ഒടിയന്റെ തമിഴ്, തെലുങ്കു പതിപ്പുകളിൽ കഥാ വിവരണം നടത്തുന്നത് യഥാക്രമം സൂപ്പർസ്റ്റാർ രജനികാന്തും ജൂനിയർ എൻ ടി ആറും ആണെന്നാണ്.
സോഷ്യൽ മീഡിയയിൽ മാത്രമല്ല, തമിഴ്, തെലുങ്കു മാധ്യമങ്ങളും ഈ വാർത്ത ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ വാർത്ത ഔദ്യോഗികമായി ഇതുവരെ ഒടിയൻ ടീം സ്ഥിതീകരിച്ചിട്ടില്ല. വരുന്ന ഡിസംബർ പതിനാലിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിൽ ആയാവും എത്തുക എന്നാണ് സൂചന. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വേൾഡ് വൈഡ് റിലീസ് ആണ് നടത്താൻ പോകുന്നത്. ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ഫാന്റസി ത്രില്ലെർ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.